കേശവേന്ദ്രകുമാറിന് കരിഓയില്‍; കേസ് പിന്‍വലിച്ചത് രമേശ് അറിഞ്ഞ്...

ഹയര്‍സെക്കന്ററി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിനെ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ആഭ്യന്തരമന്ത്രി അറിഞ്ഞിട്ടാണെന്ന് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. കേസ് പിന്‍വലിക്കാനുള്ള ഫയലില്‍ അന്തിമ ഉത്തരവ് നല്‍കുന്നത് മുഖ്യമന്ത്രിയാണെങ്കിലും ആഭ്യന്തര നിയമവകുപ്പുകള്‍ അറിഞ്ഞു മാത്രമേ കേസ് പിന്‍വലിക്കാന്‍ കഴിയുകയുള്ളൂ. ആഭ്യന്തര നിയമ വകുപ്പുകള്‍ എതിര്‍ത്താലും സര്‍ക്കാരിന് കേസ് പിന്‍വലിക്കാമെങ്കിലും സാധാരണഗതിയില്‍ എതിര്‍പ്പ് രേഖപ്പെടുത്താറില്ല.
മഹിളാകോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണയാണ് കേസ് പിന്‍വലിക്കാനുള്ള അപേക്ഷ മുഖ്യമന്ത്രിക്ക് നല്‍കിയത്. ബിന്ദു രമേശ് ചെന്നിത്തലയുടെ അനുയായിയാണ്. അതു കൊണ്ടുതന്നെ ആഭ്യന്തരമന്ത്രി അറിയാതെ ഇത്തരമൊരു അപേക്ഷ മുഖ്യമന്ത്രിക്ക് നല്‍കാന്‍ സാധ്യതയില്ല.
പ്രമാദമായ ഒരു കേസ് പിന്‍വലിക്കാനുള്ള തീരുമാനം താന്‍ അറിഞ്ഞില്ലെന്ന് ആഭ്യന്തരമന്ത്രി പറയുന്നത് അദ്ദേഹത്തിന് നാണക്കേടാണ്. തന്റെ മൂക്കിനു കീഴില്‍ നടക്കുന്ന കാര്യങ്ങള്‍ അദ്ദേഹം അറിയാറില്ല എന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. അതേസമയം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ ഇക്കാര്യം അറിഞ്ഞില്ലെന്നു പറയുന്നത് നിലനില്‍ക്കില്ല. ഉദ്യോഗസ്ഥര്‍ അറിഞ്ഞിട്ടില്ല സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കുന്നത്.
സെപ്റ്റംബര്‍ 26 നാണ് ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. സെപ്റ്റംബര്‍ 26 ന് സര്‍ക്കാര്‍ പിന്‍വലിച്ച കേസില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. സാധാരണഗതിയില്‍ സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ കോടതി അത് എതിര്‍ക്കാറില്ല. എന്നാല്‍ കേസിന്റെ മെരിറ്റ് അനുസരിച്ച് തീരുമാനം എടുക്കാനുള്ള അധികാരം കോടതിക്കുണ്ട്. കേസ് തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാലും കോടതി അത് അനുവദിക്കുമായിരിക്കാം. ഇത് അപൂര്‍വ്വ സാഹചര്യങ്ങളില്‍ സംഭവിക്കുന്ന കാര്യമാണ്.
ഐ.എ.എസ് ഉദ്യോഗസ്ഥനായ കേശവേന്ദ്ര കുമാറിന്റെ ശരീരത്തില്‍ കരിഓയില്‍ ഒഴിച്ച സംഭവം വിവാദമായത് ഐഎഎസ് വൃത്തങ്ങളിലാണ്. ഐ.എഎസുകാരുടെ മനോവീര്യം കെടുത്തുന്ന നടപടിയാണ് ഇതെന്ന് പരക്കെ ആക്ഷേപമുണ്ട്. എന്നാല്‍ താന്‍ എടുത്ത രാഷ്ട്രീയ തീരുമാനം പിന്‍വലിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് മുഖ്യമന്ത്രി. സര്‍ക്കാരിന് അധികാരമുള്ള കാര്യം സര്‍ക്കാര്‍ ചെയ്യുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്.
രമേശ് ചെന്നിത്തലയുടെ ഇംഗിതങ്ങള്‍ക്ക് അനുസൃതമായല്ല താന്‍ പ്രവര്‍ത്തിക്കുന്നതെന്ന സന്ദേശവും ഉമ്മന്‍ചാണ്ടി നല്‍കുന്നുണ്ട്. രമേശ് ചെന്നിത്തല ഇത്തരം സംഭവങ്ങള്‍ തുടരെതുടരെ അറിയില്ലെന്ന് പറയുന്നത് മുഖ്യമന്ത്രിയെ ചൊടിപ്പിക്കുന്നുണ്ട്. പ്രവീണ്‍തൊഗാഡിയയുടെ വിവാദ പ്രസംഗം സംബന്ധിച്ച കേസ് പിന്‍വലിച്ച കാര്യവും രമേശ് അറിഞ്ഞില്ലെന്ന് പരസ്യ പ്രസ്താവന നടത്തിയിരുന്നു.
ഇത്തരം പ്രസ്താവനകള്‍ മന്ത്രിയെന്ന നിലയിലുള്ള തന്റെ ദൗര്‍ബല്യത്തെയാണ് തെളിയിക്കുന്നതെന്ന് രമേശ് മനസിലാക്കുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha