പി.സി.ജോര്‍ജിന് ബിജെപിയുടെ പുരസ്‌കാരം ബുധനാഴ്ച സമ്മാനിക്കും

ചീഫ് വിപ്പ് പി.സി.ജോര്‍ജിന് ബിജെപിയുടെ അവാര്‍ഡ്. ദീനദയാല്‍ സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ നീതി ശബ്ദം പുരസ്‌കാരമാണ് ബുധനാഴ്ച, ജനുവരി 21 ന് വൈകിട്ട് 6 ന് തിരുവനന്തപുരം നേമം ശാന്തിവിള സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനത്തില്‍ ജോര്‍ജ് സ്വീകരിക്കുക. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. ബിജെപി നേതാക്കളായ തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ എം. ആര്‍. ഗോപന്‍, ശാന്തിവിള വിനോദ്, ബിജെപി കല്ലിയൂര്‍ പഞ്ചായത്ത് അംഗം മനോജ് നായര്‍ തുടങ്ങിയവരാണ് ചടങ്ങില്‍ പ്രസംഗിക്കുക. വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരനാണ് മുഖ്യാതിഥി.
കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരുന്നതിനു മുമ്പ് തന്നെ നരേന്ദ്രമോഡിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന നേതാവാണ് പി.സി.ജോര്‍ജ്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഓര്‍മ്മ നാളില്‍ നരേന്ദ്രമോഡിയുടെ ആഹ്വാന പ്രകാരം കോട്ടയത്ത് നടന്ന കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തത് പി.സി. ജോര്‍ജ്ജാണ്. ജോര്‍ജ് ആകട്ടെ ബിജെപിയുമായി തനിക്കുള്ള സൗഹൃദത്തെ തള്ളിപറയുന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് ബിജെപിയുടെ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പി.സി. ജോര്‍ജിന് അവാര്‍ഡ് നല്‍കുന്നത്.
വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാര്‍ട്ടിയുമായി പി.സി. ജോര്‍ജിന് നേരത്തെ തന്നെ ബന്ധമുണ്ട്. ചന്ദ്രശേഖറിന്റെ പാര്‍ട്ടിയായ വിഎസ്ഡിപി മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വസതിക്ക് മുന്നില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കിടപ്പു സമരം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് പി.സി. ജോര്‍ജ്ജാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ സമയോചിതമായ ഇടപെടല്‍ കാരണം ഉദ്ഘാടനത്തിനുമുമ്പ് സമരം പിന്‍വലിക്കപ്പെട്ടു.
വിഷ്ണുപുരം ചന്ദ്രശേഖരന്റെ വിഎസ്ഡിപി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് കേള്‍ക്കുന്നത്. ഇത് മുന്നില്‍ കണ്ടാണ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ ആവശ്യമായ വൈകുണ്ഠസ്വാമിയുടെ ചരമദിനത്തില്‍ സര്‍ക്കാര്‍ നിയന്ത്രിത അവധി പ്രഖ്യാപിച്ചത് എന്നാല്‍ അതൊന്നും കൊണ്ട് തൃപ്തിപ്പെടുന്നയാളല്ല വിഷ്ണുപുരം ചന്ദ്രശേഖരന്‍. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തനെ സ്പീക്കറാക്കുന്നതിനു വേണ്ടിയും ചന്ദ്രശേഖരന്‍ ചരടുവലികള്‍ നടത്തിയതാണ്.
ചുരുക്കത്തില്‍ പി.സി. ജോര്‍ജിന്റെ ബിജെപി പ്രവേശം വീണ്ടും ചര്‍ച്ചയിലെത്തുകയാണ്. കോണ്‍ഗ്രസുമായി അകന്നു കഴിയുന്ന പി.സി. ജോര്‍ജ് എങ്ങോട്ട് ചേക്കേറും എന്ന ചര്‍ച്ച സജീവമാണ്. ബിജെപി കേന്ദ്രസര്‍ക്കാര്‍ ഭരിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സുരക്ഷിക്കാന്‍ കേരളത്തിന് ബിജെപിയുടെ ഒരു പ്രതിനിധിയെ കൂടിയേ തീരൂ. അത് മധ്യ തിരുവിതാംകൂറില്‍ നിന്നാകുന്നത് ബിജെപിക്ക് ഗുണകരമാകുമെന്നു കരുതുന്നു. പി.സി. ജോര്‍ജിന് പ്രഖ്യാപിച്ച പുരസ്‌കാരവും അദ്ദേഹത്തിന്റെ ബിജെപി ബന്ധവും തമ്മില്‍ പ്രത്യക്ഷ ബന്ധമൊന്നുമില്ലെന്നു പറഞ്ഞാല്‍ അത് അത്ര നിസാരമായി തള്ളി കളയാനാവില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha