പ്രീപെയ്ഡ് ഓട്ടോകള്‍ ജനങ്ങളെ സഹായിക്കാനോ ഓട്ടോക്കാരെ സഹായിക്കാനോ?

ഓട്ടോക്കാരുടെ അമിത ചാര്‍ജില്‍ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കാനാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രീപെയ്ഡ് ഓട്ടോ സംവിധാനം നിലവില്‍ വന്നത്. എന്നാല്‍ വ്യാപകമായ പരാതികളാണ് ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.
മീറ്ററിട്ട് പോയാലും സ്ഥലമെത്തുമ്പോള്‍ മീറ്ററിന്റെ ഇരട്ടി തുക ചോദിക്കുന്ന ഓട്ടോക്കാര്‍ ബഹുഭൂരിപക്ഷമാണ്. ഇവരോടുള്ള വഴക്കും മാന്യതയും ഭയന്ന് എല്ലാവരും അവര്‍ പറയുന്ന തുക നല്‍കുകയാണ് പതിവ്. പ്രീപെയ്ഡ് ഓട്ടോ സംവിധാനം വന്നപ്പോള്‍ ഇതില്‍ നിന്നൊക്കെ മോചനം നേടുമെന്നാണ് കരുതിയത്. എന്നാല്‍ ഫലം പഴയതു തന്നെ. ട്രാഫിക് പോലീസിന്റെ നിയന്ത്രണത്തിലുള്ള ഇത്തരം സംവിധാനങ്ങള്‍ ജനങ്ങളെ കൊള്ളയടിക്കുന്നെന്ന് വ്യാപക പരാതി ഉയരുകയാണ്.
പോലീസും ഓട്ടോക്കാരും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റാണ് ഇതിനു പിന്നില്‍. പോകേണ്ട സ്ഥലങ്ങള്‍ പലപ്പോഴും കമ്പ്യൂട്ടറില്‍ ഇല്ല എന്നായിരിക്കും മറുപടി. പകരം ആ പോകേണ്ട സ്ഥലത്തിനെക്കാളും അധികമുള്ള ഏതെങ്കിലും സ്ഥലത്തുള്ള കൂപ്പണ്‍ നല്‍കും. എന്നിട്ട് പോലീസുകാരുടെ ഉപദേശവും വരും. ആ സ്ഥലം ഇതിലില്ല. ഓട്ടോക്കാരന് പത്തോ ഇരുപതോ രൂപ കൂടി അധികം നല്‍കിയാല്‍ മതിയെന്ന്. രാത്രി അത്യാവശപ്പെട്ട് വന്നിറങ്ങുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതനുസരിക്കാതെ മറ്റ് മാര്‍ഗമില്ല.
തിരുവനന്തപുരം കിഴക്കേകോട്ടയിലെ പ്രീപെയ്ഡ് ഓട്ടോ സ്റ്റാന്‍ഡിലും സമാനമായ അനുഭവമാണ് പലര്‍ക്കും ഉണ്ടാകുന്നത്. അനന്ത പത്ഭനാഭന്റെ നാട്ടില്‍ പത്ഭനാഭ സ്വാമി ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള പ്രശസ്തമായ സ്ഥലങ്ങളൊന്നും കമ്പ്യൂട്ടറില്‍ ഇല്ല. പകരം വേറെ ഏതെങ്കിലും സ്ഥലം വച്ചുള്ള കൂപ്പണുകളാണ് പോലീസുകാര്‍ നല്‍കുന്നത്. കൂടാതെ കൂപ്പണില്‍ കാണിക്കാതെ 20 രൂപയോളം ഓട്ടോക്കാര്‍ക്ക് അധികം നല്‍കണമെന്നാണ് പോലീസുകാരുടെ ഉപദേശം. ഇതിനെ ചോദ്യം ചെയ്ത് നിരവധി സ്ത്രീകള്‍ രംഗത്തെത്തി. പക്ഷെ ഫലമൊന്നുമുണ്ടായില്ല. അവര്‍ സ്വയം പഴിച്ച് സാധാരണ ഓട്ടോ പിടിക്കുകയാണ് ചെയ്തത്. ഓട്ടോക്കാര്‍ക്ക് കൊള്ളയടിക്കാനുള്ള വേദിയാണോ പോലീസ് ഒരുക്കുന്നത് എന്നാണ് ഇവരുടെ ചോദ്യം.
സമാനമായ പരാതിയിന്‍മേല്‍ മുമ്പ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ റെയില്‍വേ സ്‌റ്റേഷനുകളിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറില്‍ പോലീസുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ചേര്‍ന്ന് നിരക്ക് നിശ്ചയിച്ച് യാത്രക്കാരെ കബളിപ്പിക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി സര്‍ക്കാരിന് നോട്ടീസയച്ചിരുന്നു.
ഓട്ടോ ചാര്‍ജ് 20 രൂപയാക്കി പുതുക്കിയ ശേഷം പ്രീപെയ്ഡ് കൗണ്ടറില്‍ നിന്ന് എഴുതി നല്‍കുന്നത് യഥാര്‍ത്ഥ നിരക്കിലും വളരെ കൂടുതലാണെന്നായിരുന്നു പരാതി. പുറമേ 2 രൂപയുടെ രസീത് ചാര്‍ജും നല്‍കണം. എന്നാല്‍, പുറത്തു നിന്ന് ഓട്ടോ വിളിച്ചാല്‍ ഇതിലും കുറച്ച് രൂപയേ ആകുന്നുള്ളൂ. അതിനും പോലീസുകാര്‍ സമ്മതിക്കില്ല.
പോലീസും ഓട്ടോക്കാരും തമ്മിലുള്ള ഈ അഡ്ജസ്റ്റ്‌മെന്റ് കൂലി അവസാനിപ്പിക്കാന്‍ വേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ ഇത് വലിയ വിപത്തായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha