മിണ്ടാട്ടം മുട്ടി പി.സി; പി.സി. ജോര്‍ജിനെ പിണറായി പഠിപ്പിച്ചതെന്ത്?

കേരള കോണ്‍ഗ്രസില്‍ നിന്നും ഏതാണ്ട് പുറത്തായ പി.സി. ജോര്‍ജ് പിണറായി വിജയന്റെ പ്രസിദ്ധമായ രണ്ടു വാചകങ്ങള്‍ എഴുതിയെടുത്ത് കാണാതെ പഠിക്കുന്നു.കടലുള്ളപ്പോള്‍ മാത്രമാണ് തിരയുള്ളത്. കടല്‍ വെള്ളം ബക്കറ്റിലെടുത്താല്‍ തിര കാണില്ല ഇതായിരുന്നു പിണറായിയുടെ വാചകം.
ഒരു കുട്ടി കടല്‍ കാണാന്‍ ചെല്ലുന്നു. തിരയടിക്കുന്ന കടലാണ് കുട്ടിയെ വരവേറ്റത്. കടല്‍വെള്ളം ബക്കറ്റിലെടുത്താലും തിരയടിക്കുമെന്നും കുട്ടി കരുതി. കടല്‍ വെള്ളം ബക്കറ്റിലെടുത്തപ്പോള്‍ തിരയില്ലാത്തതുകൊണ്ട് കുട്ടി നിരാശനായി.
പി.സി ജോര്‍ജ് ആ കുട്ടിയുടെ അവസ്ഥയിലാണ്. കടല്‍ വെള്ളം ബക്കറ്റിലെടുത്താല്‍ തിര കാണുമെന്ന് വൃഥാ കരുതി. കടല്‍വെള്ളം ബക്കറ്റിലെടുത്തു. പക്ഷേ തിരയില്ല. അപ്പോഴാണ് പിണറായിയുടെ വാചകമോര്‍ത്ത് ജോര്‍ജ് കണ്ണു തള്ളിയത്.
കടല്‍ എന്നാല്‍ പാര്‍ട്ടി. പാര്‍ട്ടിയുണ്ടെങ്കില്‍ മാത്രമാണ് തിരയുള്ളത്. പി.സി ജോര്‍ജ് കേരള കോണ്‍ഗ്രസ് വിട്ടതോടെ തിരയടങ്ങി. കടല്‍ വെള്ളം ബക്കറ്റിലെടുത്താലും തിര കാണുമെന്ന് പ്രതീക്ഷിച്ചെങ്കിലും തെറ്റി.
പി.സി. ജോര്‍ജിന് വന്നു ചേര്‍ന്നത് പി.സി തോമസിന്റെ വഴിയാണ് . മാധ്യമങ്ങള്‍ കൊട്ടി പാടി നടക്കുന്നില്ല. പിന്നാലെ വരുന്നില്ല. എല്ലാം ഒരു സ്വപ്നം പോലെ ഒടുങ്ങി. ചീഫ് വിപ്പിന്റെ കസേരയിലിരുന്ന് സര്‍ക്കാരിനെ ചീത്ത പറഞ്ഞാല്‍ മാത്രമാണ് വാര്‍ത്ത. കസേരയില്‍ നിന്നിറങ്ങി പറഞ്ഞാല്‍ പേപ്പട്ടി പോലും കേട്ടെന്നു വരില്ല.
കഴിഞ്ഞ ദിവസം പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ കേരള കോണ്‍ഗ്രസ് നേതാക്കളുടെ യോഗം കെ എം മാണിയുടെ പാലായില്‍ നടന്നു. പ്രസിഡന്റുമാരെല്ലാം യോഗത്തില്‍ പങ്കെടുത്തു. പി.സി. ജോര്‍ജിനൊപ്പം നില്‍ക്കുന്നവര്‍ പോലും മാണിക്കൊപ്പം വന്നു.
മുന്‍ കാഞ്ഞിരപ്പള്ളി എം എല്‍എ, കെ ജെ തോമസ് പൂഞ്ഞാറില്‍ നിന്നും സിപിഎം സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെടുക്കുന്നു. ചുരുക്കത്തില്‍ ജോര്‍ജിന് സിപിഎമ്മിലും രക്ഷയില്ല. അതായത് പരഗതിയില്ലാത്ത ജോര്‍ജിന് അധോഗതി വന്നു ചേര്‍ന്നു. ഇനി പിണറായിയെ പഠിച്ചും സ്തുതിച്ചും വീട്ടിലിരിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha