ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന് കോണ്‍ഗ്രസ്, വഴങ്ങുകയാണെങ്കില്‍ അത് കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കും

ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന് കോണ്‍ഗ്രസിന്റെ തീരുമാനം. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയാണെങ്കില്‍ അത് കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ കെപിസിസി യോഗത്തെ അറിയിച്ചു.
പാലക്കാട് തോല്‍വിയുടെ കാര്യത്തില്‍ എംപി വീരേന്ദ്രകുമാറും മേഖലാജാഥയുടെ കാര്യത്തില്‍ കെഎം മാണിയും ഇടഞ്ഞു നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സുധീരന്‍ നിലപാട് കടുപ്പിച്ചത്. ജാഥ മാറ്റിവയ്ക്കല്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പറഞ്ഞത് സുധീരന്‍ തന്നെയാണ്. കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശനും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്.
ബാര്‍ക്കേസില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം ഒരു കാരണവശാലും വെള്ളം ചേര്‍ക്കേണ്ടതില്ലെന്നും സുധീരന്‍ കെപിസിസി യോഗത്തില്‍ പറഞ്ഞു. ബാര്‍ക്കേസില്‍ വെള്ളം ചേര്‍ത്താല്‍ അത് കോണ്‍ഗ്രസിന്റെ ഇമേജിനെ ബാധിക്കും. യോഗത്തില്‍ പങ്കെടുത്ത രമേശ് ചെന്നിത്തലയും വിജിലന്‍സ് അന്വേഷണത്തെ സ്വാധീനിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞു. വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലെന്ന് പറയാനും രമേശ് ചെന്നിത്തല മടിച്ചില്ല.
കോണ്‍ഗ്രസിന്റെ മേഖലാ ജാഥകള്‍ മാറ്റി വയ്ക്കണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യം ഒരു കാരണവശാലും അംഗീകരിക്കേണ്ടിതില്ലെന്നായിരുന്നു പൊതു നിലപാട്. കഴിഞ്ഞ ദിവസം കെ മുരളീധരന്‍ കേരള കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ രംഗത്തു വന്നിരുന്നു. മേഖലാ ജാഥകള്‍ മാറ്റി വയ്ക്കുന്നത് തെറ്റില്ലെന്ന് എംഎം ഹസന്‍ പറഞ്ഞപ്പോള്‍ അത് മനസിലിരിക്കട്ടേ എന്നാണ് സുധീരന്‍ പ്രതികരിച്ചത്.
കോണ്‍ഗ്രസാണ് യുഡിഎഫിനെ നയിക്കുന്നതെന്ന് വിഎം സുധീരന്‍ യോഗത്തില്‍ പറഞ്ഞു. ഏതെങ്കിലും ഘടകകക്ഷിയെ കോണ്‍ഗ്രസിന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്നും സുധീരന്‍ പറഞ്ഞു. എം പി വീരേന്ദ്രകുമാറിന് നല്‍കിയ മറുപടിയായിരുന്നു ഇത്. കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി വീരനെ സന്ദര്‍ശിച്ചിരുന്നു. പാലക്കാട്ടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇത് സുധീരനെ പ്രകോപിപ്പിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha