ഘടകകക്ഷി പോര്; പരാതിയുമായി എ വിഭാഗം, ഹൈക്കമാന്റ് ഇടപെടുന്നു

വീരേന്ദ്രകുമാറിനെയും കെ എം മാണിയെയും തെറ്റിച്ച് ഭരണം അട്ടിമറിക്കാന്‍ ഐ വിഭാഗം ശ്രമിക്കുന്നതായി എ ഗ്രൂപ്പിന്റെ ആരോപണം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കില്‍ ഉള്ള ഭരണം കൂടി താഴെ പോകുമെന്ന മുന്നറിയിപ്പും എ ഗ്രൂപ്പ് ഹൈക്കമാന്റിന് നല്‍കുന്നു. ഹൈക്കമാന്റിന്റെ കൂടെ അറിവോടെയാണ് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍, ധനമന്ത്രി കെ എം മാണിയെ അനുനയിപ്പിക്കാന്‍ അദ്ദേഹം ഇപ്പോള്‍ താമസിക്കുന്ന ദുബായ് സന്ദര്‍ശിക്കുന്നത്.
വീരേന്ദ്രകുമാറിനെതിരെ കോണ്‍ഗ്രസിന്റെ മുഖപത്രം മുഖപ്രസംഗം എഴുതിയതിനു പിന്നിലും ഐ ഗ്രൂപ്പാണെന്നാണ് ആക്ഷേപം. കോടിയേരിയും അച്യുതാനന്ദനും വീരനെ മടക്കി കൊണ്ടു വരാന്‍ നടത്തുന്ന ശ്രമങ്ങളെ സഹായിക്കും വിധമാണ് വീക്ഷണം പെരുമാറിയത്. ഐ ഗ്രൂപ്പിന്റെ അടുത്ത ലക്ഷ്യം ലീഗാണ്. ലീഗിനെ പിണക്കിയാല്‍ സര്‍ക്കാര്‍ താഴെ പോകും. ഇതൊക്കെയാണ് എ ഗ്രൂപ്പിന്റെ പരാതികള്‍.
ഘടകകക്ഷികളോട് കോണ്‍ഗ്രസിലെ ഒരു വിഭാഗം വൈരാഗ്യപൂര്‍വ്വമാണ് പെരുമാറുന്നതെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു. ഘടകകക്ഷികളെ തെറ്റിക്കുകയാണ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള എളുപ്പ മാര്‍ഗ്ഗം. സകല സ്ഥലങ്ങളിലും നുഴഞ്ഞു കയറി സര്‍ക്കാരിനെ അപ്രീതിപ്പെടുത്തുകയാണ് തന്ത്രമെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു.
ഹൈക്കമാന്റ് സംസ്ഥാനത്തെ സ്ഥിതി വിശേഷം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. മധ്യമേഖലാ ജാഥ മാണിയുടെ സൗകര്യാനുസരണം മാറ്റി വയ്ക്കണമെന്ന നിര്‍ദ്ദേശം സുധീരന് നല്‍കിയത് സോണിയാ ഗാന്ധിയാണ്.
രമേശ് ചെന്നിത്തലയും വിഎം സുധീരനും ഒറ്റക്കെട്ടാണെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു. സ്വന്തമായി ഗ്രൂപ്പില്ലാതായ സുധീരന്‍ ചെന്നിത്തലയോട് ചേര്‍ന്നത് അംഗബലം വര്‍ദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്.
സംസ്ഥാനത്തെ മന്ത്രിമാരാരും കേരളത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്ന മട്ടില്‍ സുധീരന്‍ നല്‍കിയ സര്‍ക്കുലര്‍ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും അക്ഷീണം പരിശ്രമിച്ചിട്ടും സദ്ഫലങ്ങള്‍ ഉണ്ടാകാത്തത് ഗ്രൂപ്പ് പ്രവര്‍ത്തനം കാരണമാണ്.എന്നിട്ടും സര്‍ക്കാര്‍ തന്നെ പഴി കേള്‍ക്കേണ്ടി വരുന്നു.
അതിനിടെ നരേന്ദ്രമോഡിയുടെ അദാനി ഗ്രൂപ്പിനെ സഹായിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചെന്ന ആരോപണവുമായി ഐ ഗ്രൂപ്പ് രംഗത്തുണ്ട്. എന്നാല്‍ ഒരു പദ്ധതി എങ്ങനെയെങ്കിലും നടത്തണമെന്ന താത്പര്യം മാത്രമാണ് തങ്ങള്‍ക്കുള്ളതെന്ന് എ ഗ്രൂപ്പ് വ്യക്തമാക്കുന്നു. അദാനി വന്നില്ലെങ്കില്‍ വിഴിഞ്ഞം നടക്കില്ലെന്ന് ഉറപ്പാണെന്നും എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha