ഇത് ഐ ഗ്രൂപ്പിന്റെ പുതിയ തന്ത്രം, ആരോപണ-പ്രത്യാരോപണങ്ങള്‍ മുറുകുമ്പോള്‍ സമവായവുമായി ചെന്നിത്തലയെത്തും

ഡല്‍ഹിയില്‍ നിന്നും ഹൈക്കമാന്റ് പിന്തുണയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങളില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ശ്രദ്ധാലുക്കളാണ്. സംസ്ഥാനരാഷ്‌ട്രീയം കലങ്ങിമറിയുമ്പോള്‍ ഹൈക്കമാന്റ് വീണവായിക്കുകയാണെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. ഇത്തരത്തില്‍ പോയാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീരചരമം അടയേണ്ടി വരുമെന്നും ഐഗ്രൂപ്പ് വിശ്വസിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ പരസ്യ പ്രസ്‌താവന നടത്തുന്നതില്‍ തെറ്റില്ലെന്നും ഉമ്മന്‍ചാണ്ടിയെ സ്വസ്ഥതയോടെ ഭരിക്കാന്‍ വിടേണ്ടെന്നും തീരുമാനിച്ചത്.
അച്യുതാനന്ദനെ മാത്രം തെരഞ്ഞുപിടിച്ച് അന്വേഷണം നടത്തുന്നത് പിണറായി പക്ഷത്തെ കൈയിലെടുക്കാനാണെന്നും ഐ ഗ്രൂപ്പുകാര്‍ വിശ്വസിക്കുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള സമരത്തിന്റെ വീര്യം സി.പി.എം. കുറച്ചതിനെ ഇതുമായി ഇവര്‍ കൂട്ടിവായിക്കുന്നു.
കേരള സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നു ഐ ഗ്രൂപ്പുകള്‍ വിശ്വസിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയെ സര്‍ക്കാര്‍ സ്ഥലംമാറ്റി. പിണറായി പക്ഷക്കാരായ രണ്ട് സിന്റിക്കേറ്റ് അംഗങ്ങളെ അറസ്റ്റു ചെയ്യാനിരിക്കെയാണ് സ്ഥലമാറ്റം.
രമേശ് ചെന്നിത്തല മാത്രം സംയമനം പാലിക്കാനും മറ്റ് നേതാക്കള്‍ രോഷാകുലരായി പ്രതികരിക്കാനുമാണ് ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. ആരോപണ-പ്രത്യാരോപണങ്ങള്‍ മുറുകുമ്പോള്‍ സമവായ മന്ത്രവുമായി ചെന്നിത്തലയെ രംഗത്തിറക്കാനും ഐ ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്.
ജോപ്പനെ അറസ്റ്റ് ചെയ്‌ത പോലീസ് ജിക്കുവിനെയും സലിംരാജിനെയും അറസ്റ്റ് ചെയ്യാത്തത് രണ്ടുതരത്തില്‍ നീതി നടപ്പാക്കുന്നതിന്റെ ഉദാഹരണമാണെന്ന് മുരളി ഞായറാഴ്‌ച പ്രസ്‌താവിച്ചിരുന്നു. ഭരണം അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നതായും മുരളി ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന് നേരെ ഗ്രാനേഡ് എറിഞ്ഞത് തെറ്റായി പോയെന്നും മുരളി പറഞ്ഞു. തൊട്ടുപിന്നാലെ കെ.പി.സി.സി അദ്ധ്യക്ഷന്‍ രംഗത്തെത്തുകയും മുരളി സംയമനം പാലിക്കണമെന്ന് പ്രസ്‌താവിക്കുകയും ചെയ്‌തു.
തിങ്കളാഴ്‌ച തന്റെ പ്രസ്‌താവന പൂര്‍ണമായും ശരിയാണെന്ന് പറഞ്ഞ മുരളി തന്റെ പ്രസ്‌താവനകളില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ ഹൈക്കമാന്റിനെ സമീപിക്കാമെന്നും കൂട്ടിച്ചേര്‍ത്തു. ജോപ്പന്‍ സരിതയെ വിളിച്ചത് 300 തവണയാണെങ്കില്‍ ജിക്കു വിളിച്ചത് 400 തവണയാണെന്നും മുരളി തിങ്കളാഴ്‌ച പറഞ്ഞു.
തിങ്കളാഴ്‌ച പട്ടംതാണുപിള്ള അനുസ്‌മരണം ഉദ്‌ഘാടനം ചെയ്‌ത് തിരുവനന്തപുരത്ത് പ്രസംഗിച്ച ചെന്നിത്തല ആള്‍ക്കൂട്ടമല്ല നേതാക്കളെ സൃഷ്‌ടിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കി. ഉമ്മന്‍ചാണ്ടിക്കുള്ള മുന്നറിയിപ്പായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. ചെന്നിത്തലയ്‌ക്കൊപ്പം തിരുവനന്തപുരത്ത് പ്രസംഗിച്ച ഉമ്മന്‍ചാണ്ടി താന്‍ പ്രഥമ പരിഗണന നല്‍കുന്നത് ജനങ്ങള്‍ക്കാണെന്നും പറഞ്ഞു.
ഇങ്ങനെ ആരോപണ-പ്രത്യാരോപണവുമായി ഇരു ഗ്രൂപ്പുകളും പൊരുതുകയെന്ന ഐ ഗ്രൂപ്പിന്റെ പുതിയ സ്‌ട്രാറ്റജി ഉമ്മന്‍ചാണ്ടിയുടെ ഉറക്കം കെടുത്തുമെന്ന് തീര്‍ച്ച.
https://www.facebook.com/Malayalivartha