ഇന്നസെന്റിന് പാര്‍ട്ടി ട്യൂഷനെടുക്കും; പി.എയെ നിയമിക്കും: വിവരക്കേടിന് പരിഹാരമുണ്ടാക്കും

പാര്‍ലമെന്റംഗം ഇന്നസെന്റിനെ മാര്‍ക്‌സിസം പഠിപ്പിക്കാന്‍ തീരുമാനം. സത്യപ്രതിജ്ഞക്ക് മുമ്പ് പാര്‍ട്ടിയുടെ തത്വശാസ്‌ത്രം പേരിനെങ്കിലും പഠിപ്പിക്കണമെന്നാണ് സി.പി.എം. സംസ്ഥാനകമ്മിറ്റിയുടെ തീരുമാനം. ഇന്നസെന്റ് കഴിഞ്ഞദിവസം എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനമാണ് എ.കെ.ജി. സെന്ററിനെ ചൊടിപ്പിച്ചത്. നരേന്ദ്രമോഡി നല്ലവനാണെന്നും ന്യൂനപക്ഷ വിരുദ്ധനാണെന്ന് കരുതില്ലെന്നും പറഞ്ഞ ഇന്നസെന്റ് മോഡിയെ സോപ്പിട്ട് കേന്ദ്രഫണ്ട് വാങ്ങിയെടുക്കുമെന്നും പറഞ്ഞുവച്ചു. ഇന്നസെന്റ് മറ്റൊരാളായിരുന്നെങ്കില്‍ ഇതിന്റെ പേരില്‍ എന്നേ സി.പി.എമ്മില്‍ നിന്നും പുറത്തായേനെ. പണ്ട് നരേന്ദ്രമോഡി നല്ലവനാണെന്ന് പറഞ്ഞതിനാണ് അബ്‌ദുള്ളക്കുട്ടിക്ക് പണികിട്ടിയത്.
ഭരണപക്ഷം എന്തുചെയ്‌താലും എതിര്‍ക്കുന്ന പ്രതിപക്ഷരീതി ശരിയല്ലെന്ന് വരെ ഇന്നസെന്റ് പറഞ്ഞു വച്ചു. ഇന്നസെന്റിന്റെ വാര്‍ത്താസമ്മേളനം ചാനലില്‍ കണ്ടുകൊണ്ടിരുന്ന പിണറായി വിജയന്‍ മൂക്കത്ത് വിരല്‍ വച്ചെന്നാണ് കഥ. എന്നെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ കിടക്കുമോ എന്ന് ഒരു പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ചോദിച്ചു. എവിടെയോ കിടന്ന ഒരു സിനിമാക്കാരന് ടിക്കറ്റ് നല്‍കിയ പിണറായി അനുഭവിക്കട്ടെ എന്നായിരുന്നു വി.എസിന്റെ മനസിലിരുപ്പ്.
മൊത്തത്തില്‍ സി.പി.എം. നിര്‍ത്തി ജയിപ്പിച്ച രണ്ടു സ്വതന്ത്രരും പാര്‍ട്ടിക്ക് വിനയാവുകയാണ്. എട്ട് സീറ്റ് കേരളത്തില്‍ ലഭിച്ച പാര്‍ട്ടിക്ക് ആറു സീറ്റിലേക്ക് ചുരുക്കാന്‍ താല്‍പര്യമില്ലാത്തുകൊണ്ട് മാത്രമാണ് ഇന്നസെന്റിനും ജോയ്‌സിനുമെതിരെ നടപടിയെടുക്കാത്തത്. ജയിച്ച് മണിക്കൂറുകള്‍ തികയും മുമ്പ് സഭയില്‍ താന്‍ സ്വതന്ത്രനിലപാട് സ്വീകരിക്കുമെന്ന് ജോയ്‌സ് ജോര്‍ജ് തുറന്നടിച്ചു. അടുത്ത തവണ സീറ്റ് കിട്ടിയില്ലെങ്കില്‍ യു.ഡി.എഫിലേക്ക് ചേക്കേറാന്‍ ജോയ്‌സ് ജോര്‍ജിനും ഇന്നസെന്റിനും മടിയില്ല. ജോയ്‌സ് മോഡി മന്ത്രിസഭയില്‍ മന്ത്രിയാകാന്‍ ശ്രമം നടത്തുകയാണ്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
അതേസമയം ഇന്നസെന്റിനെയും ജോയ്‌സിനെയും ഒരു കാരണവശാലും പിണക്കരുതെന്നും പിണറായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്ഥാനാര്‍ത്ഥിയായ ജോയ്‌സിന് പിന്തുണ നല്‍കിയത് തെറ്റായെന്നു തന്നെയാണ് പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍ ഇന്നസെന്റിനെ എഴുതിതളളുവാന്‍ പാര്‍ട്ടി തയ്യാറല്ല. പത്രസമ്മേളനം അദ്ദേഹത്തിന്റെ വിവരക്കേടാണെന്നാണ് പാര്‍ട്ടി ചിന്തിക്കുന്നത്. അതിനായാണ് പാര്‍ട്ടി തത്വസംഹിത പഠിപ്പിക്കാന്‍ സി.പി.എം. തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി സി.പി.എം. എറണാകുളം ജില്ലാകമ്മിറ്റിയില്‍ ഒരു പ്രമുഖനേതാവ് ഉടന്‍ ഇന്നസെന്റിനെ കാണും. പാര്‍ട്ടി പ്രസിദ്ധീകരണങ്ങള്‍ നല്‍കുകയാണ് ആദ്യപടി. നരേന്ദ്രമോഡി പാര്‍ട്ടിയുടെ പ്രബല ശത്രുവാണെന്നും സംസാരം ആരോഗ്യത്തിന് ഹാനികരമെന്നും പാര്‍ട്ടി ഇന്നസെന്റിനെ അറിയിക്കും. പത്ര സമ്മേളനങ്ങള്‍ക്ക് മുമ്പ് ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന നിര്‍ദ്ദേശവും നല്‍കും. ഇന്നസെന്റിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി പാര്‍ട്ടി ഒരാളെ ഉടന്‍ നിയോഗിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha