സി.പി.എമ്മിലെ ബുദ്ധിജീവികള്‍ പുതിയ ഗ്രൂപ്പുണ്ടാക്കുന്നു

സി.പി.എമ്മിലെ ബുദ്ധിജീവികള്‍ പുതിയ ഗ്രൂപ്പുണ്ടാക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്നാണിത്. പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയും കേന്ദ്ര കമ്മിറ്റി അംഗം ഡോ.ടി.എം തോമസ് ഐസക്കുമാണ് പുതിയ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത്. ഔദ്യോഗിക പക്ഷത്തുള്ള മധ്യകേരളത്തിലെയും തെക്കന്‍ കേരളത്തിലെയും ഏതാനും നേതാക്കളും ഇവര്‍ക്കൊപ്പം ഉണ്ടെന്നാണ് അറിയുന്നത്. ബേബിയും ഐസകും വി.എസ് അച്യുതാനന്ദനുമായി ഇതിനോടകം ആശയ വിനിമയം നടത്തിയിട്ടുണ്ട്. തല്‍ക്കാലം വിവാദങ്ങളില്‍ പ്രതികരിക്കാതെ മൗനം അവലംബിക്കുന്ന വി.എസും വരും നാളുകളില്‍ ബേബിയെയും ഐസക്കിനെയും പിന്തുണച്ചേക്കും.
ബേബിയെ തോല്‍പ്പിക്കാനാണ് പിണറായി പ്രേമചന്ദ്രനെതിരെ പരനാറി പ്രയോഗം നടത്തിയതെന്ന് സംസ്ഥാന കമ്മിറ്റിയില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. തോമസ് ഐസക്ക് ഇക്കാര്യത്തില്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇതോടെ ഒദ്യോഗിക പക്ഷത്തെ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. കണ്ണൂര്‍ ലോബിയുടെ അപ്രമാദിത്വമാണെന്ന പഴയ ആക്ഷേപമാണ് ഇപ്പോള്‍ ബേബിയും ഐസക്കും വീണ്ടും ഉന്നയിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ജാഥയില്‍ വടക്കന്‍ ജില്ലകളില്‍ നിന്നുളള നേതാക്കളെ മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുളളൂ എന്ന ആരോപണവും ഇവര്‍ ഉന്നയിക്കുന്നു.
അതേസമയം, സംസ്ഥാന സമ്മേളനത്തിന് മുന്‍പേ ഔദ്യോഗിക നേതൃത്വവുമായി അകന്ന ടി.എം തോമസ് ഐസക് ഇടക്ക് ഔദ്യോഗിക പക്ഷത്തോട് അടുക്കുന്നുവെന്ന സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ബേബിയോടൊപ്പം ചേര്‍ന്ന് പുതിയ ഗ്രൂപ്പ് ശക്തിപ്പെടുത്താനാണ് നീക്കം. സംസ്ഥാന സെക്രട്ടറിയേറ്റില്‍ തോമസ് ഐസക്കും സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിച്ചിരുന്നു. മാതാ അമൃതാനന്ദമയി മഠത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തുവന്ന വിദേശ വനിതയുടെ അഭിമുഖം സംപ്രേഷണം ചെയ്ത കൈരളി ടി.വിയുടെ നടപടികളും തന്റെ തോല്‍വിക്ക് കാരണമായതായി ബേബി ആരോപിച്ചിരുന്നു. പാര്‍ട്ടി ചാനലിന്റെ നടപടിക്കെതിരെ ബേബി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല. പാര്‍ട്ടി ചാനല്‍ മഠത്തിനെതിരായി വന്നതു തോല്‍വിക്കു കാരണമായതായും സെക്രട്ടറിയേറ്റില്‍ നടന്ന ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പുതിയ സാഹചര്യത്തില്‍ പഴയ വി.എസ് ചേരിയെ പുനരുജ്ജീവിപ്പിക്കുന്നതിനെക്കാള്‍, പിണറായി വിജയന്റെയും കണ്ണൂര്‍ നേതാക്കളുടെയും അപ്രമാദിത്വത്തില്‍ അതൃപ്തിയുള്ള നേതാക്കളെ ഒന്നിപ്പിക്കുന്നതിനാണ് ബേബിയും ഐസക്കും കരുക്കള്‍ നീക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha