ബാര്‍ ഉടമകളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചോ? സുധീരന്റെ സംശയം ന്യായം!

സെപ്റ്റംബര്‍ 30 വരെ ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന സുപ്രീംകോടതിയുടെ തീരുമാനം സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയതാണെന്ന നിഗമനത്തിലാണ് കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗവും. ഉമ്മന്‍ചാണ്ടിക്കും കെ.ബാബുവിനും എതിരെ കെപിസിസി ഭവനില്‍ അമര്‍ഷം പുകയുന്നു. ഉമ്മന്‍ചാണ്ടിയും ബാബുവും ചേര്‍ന്ന് തങ്ങളെ പറ്റിക്കുകയായിരുന്നു എന്നാണ് സുധീരനെ അനുകൂലിക്കുന്നവരുടെ പക്ഷം.
പഞ്ചനക്ഷത്ര ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ തീരുമാനത്തെ സുധീരന്‍ തുടക്കം മുതല്‍ എതിര്‍ത്തിരുന്നു. എന്നാല്‍ സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ലെന്നാണ് അന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത്. കെ.ബാബുവും ഇതേ നിലപാടെടുത്തു. ബിവറേജസ് ഔട്ട്‌ലെറ്റും പഞ്ചനക്ഷത്ര ബാറുകളും തുറന്നിരിക്കുമ്പോള്‍ സാധാരണ ബാറുകള്‍ പൂട്ടുന്നതിന്റെ യുക്തിയാണ് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്. ഇത് പ്രഥമദൃഷ്ട്യാ ഭരണഘടനാ ലംഘനമാണെന്ന രാംജിത് മലാനിയുടെയും നരിമാന്റെയും വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ ഒരു തീരുമാനമെടുക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല.
പഞ്ചനക്ഷത്രം കണ്‍മിഴിക്കുമ്പോള്‍ ഒറ്റനക്ഷത്രങ്ങളെ തൊടുന്നതെന്തിനെന്ന സുപ്രീംകോടതിയുടെ ചോദ്യം ഹൈക്കോടതിക്കുള്ള ശക്തമായ താക്കീതാണ്. സുപ്രീംകോടതി ഒരു നിയമപ്രശ്‌നം ചൂണ്ടിക്കാണിക്കുമ്പോള്‍ കീഴ്‌ക്കോടതിയായ ഹൈക്കോടതി മറിച്ചൊരു തീരുമാനം എടുക്കുകയില്ല. അതായത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന ബാര്‍ ഉടമകളുടെ വാദം കോടതി സ്വീകരിക്കും. ഒന്നുകില്‍ സമ്പൂര്‍ണ മദ്യനിരോധനം അല്ലെങ്കില്‍ സമ്പൂര്‍ണ മദ്യലഭ്യത. ഇതില്‍ രണ്ടിലേതെങ്കിലും ഒരു തീരുമാനമെടുക്കാന്‍ കോടതി നിര്‍ദ്ദേശിക്കും. ഒരിക്കലും സമ്പൂര്‍ണ മദ്യനിരോധനത്തിന് സര്‍ക്കാര്‍ തയാറാവുകയില്ല.
ഇത്തരമൊരുവിധി കോടതിയില്‍ നിന്നു വരുമെന്ന പ്രതീക്ഷയിലാണ് 312 ബാറുകള്‍ പൂട്ടാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചതെന്നാണ് സുധീരന്റെ സംശയം. ഉമ്മന്‍ചാണ്ടിയുടെ തന്ത്രത്തില്‍ താന്‍ വഞ്ചിതനായെന്നും സുധീരന്‍ വിശ്വസിക്കുന്നു.
നിലവാരം കുറഞ്ഞ ബാര്‍ എന്നാല്‍ എന്താണെന്ന് സുപ്രീംകോടതി ചോദിച്ചു. മുതിര്‍ന്ന അഭിഭാഷകരുടെ നിരയാണ് ബാര്‍ ഉടമകള്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. ഫാലി.എസ്.നരിമാന്‍, രാംജത് മലാനി, രാജീവ് ധവാന്‍, അരയാമ സുന്ദരം എന്നിവര്‍ ബാറുടമകള്‍ക്കുവേണ്ടി ഹാജരായപ്പോള്‍ സുപ്രീംകോടതിയുടെ കണ്ണുതള്ളി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായത് മുന്‍ നിയമമന്ത്രി കപില്‍സിബലാണ്. സിബലിന്റെ വാദങ്ങള്‍ ഏശിയതുമില്ല.
സെപ്‌റ്റംബര്‍ 18നാണ് ബാര്‍ കേസ് ഹൈക്കോടതി പരിഗണിക്കുന്നത്. സുപ്രീംകോടതി കാതലായ രണ്ടു ചോദ്യങ്ങള്‍ മുന്നോട്ടുവച്ച പശ്ചാത്തലത്തില്‍ ബാറുടമകള്‍ ജയിക്കാന്‍ തന്നെയാണ് സാധ്യത. ഇനി ജയിച്ചില്ലെങ്കില്‍ സുപ്രീംകോടതിയില്‍ പോയി ജയിക്കാന്‍ ബാറുടമകള്‍ക്ക് അറിയാം.
വിവേചനം, ഭരണഘടനാലംഘനം, എന്നീ നിയമങ്ങളാണ് കേരള സര്‍ക്കാരിന് വില്ലനായത്. നിയമജ്ഞനും തന്ത്രശാലിയുമായ ഉമ്മന്‍ചാണ്ടി മദ്യനയം രൂപീകരിക്കുമ്പോള്‍ ഇത്തരം പഴുതുകള്‍ നല്‍കി എന്ന് സുധീരന്‍ ആരോപിച്ചാല്‍ ഉമ്മന്‍ചാണ്ടി എന്തുപറയുമെന്ന് കണ്ടറിയാം.
ഏതായാലും ധനമന്ത്രാലയത്തിനു പ്രാര്‍ഥിക്കാം. ബാറുകള്‍ പൂട്ടാനുള്ള തീരുമാനം റദ്ദാക്കിയാല്‍ പൂട്ടിക്കിടക്കുന്ന ബാറുകളും തുറക്കും. അങ്ങനെ സംഭവിച്ചാല്‍ ട്രഷറി പൂട്ടാതെ രക്ഷപെടാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha