കേരളത്തിലെ കാലാവസ്ഥയില്‍ നട്ടുവളര്‍ത്താനാവുന്ന കുടംപുളി

കേരളത്തിലെ കാലാവസ്ഥയില്‍ തീരപ്രദേശം മുതല്‍ സമുദ്രനിരപ്പില്‍ നിന്ന് 2500 മീറ്റര്‍ ഉയരമുളള പ്രദേശങ്ങളില്‍ വരെ ഒരുപോലെ കൃഷി ചെയ്യാവുന്ന നിത്യഹരിത സുഗന്ധവിളയാണ് കുടംപുളി. ക്ലൂസിയേസിയ സസ്യ കുടുംബത്തിലെ അംഗമായ കുടംപുളിയുടെ ശാസ്ത്രീയ നാമം ഗാര്‍സീനിയ ഗമ്മിഗട്ട എന്നാണ്. കുടംപുളിയുടെ ഉണക്കിയ പുറന്തോടാണ് കറികളില്‍ ഉപയോഗിക്കുന്നത്. തോട്ടുപുളി, റന്‍പുളി, പിണറ്റുപുളി, മലബാര്‍ പുളി എന്നീ പേരുകളിലും കുടംപുളി അറിയപ്പെടുന്നു.
തൈകള്‍ നട്ടാല്‍ 50-60 ശതമാനം ആണ്‍മരങ്ങളാകാന്‍ സാധ്യതയുണ്ട്. പെണ്‍മരങ്ങളായാല്‍ത്തന്നെ കായ്ക്കാന്‍ 10-12 വര്‍ഷം വരെ എടുക്കാം. ഇതൊഴിവാക്കാനായി ഒട്ടുതൈകള്‍ നടുന്നതാണ് ഉത്തമം.
തനിവിളയായോ തെങ്ങിന്‍ത്തോപ്പുകളില്‍ ഇടവിളയായോ കുടംപുളി കൃഷി ചെയ്യാം. വെട്ടുകല്‍ മണ്ണുപോലെ ഉറപ്പുളള മണ്ണാണെങ്കില്‍ 0.75 ഃ 0.75 ഃ 0.75 മീറ്റര്‍ നീളത്തിലും വീതിയിലും ആഴത്തിലുമാണ് കുഴികള്‍ എടുക്കേണ്ടത്. നല്ല നീര്‍വാര്‍ച്ചയുളള മണ്ണാണെങ്കില്‍ 0.5 ഃ മീറ്റര്‍ വ്യാപ്തത്തില്‍ കുഴികള്‍ എടുത്താല്‍ മതിയാകും. ഒട്ടുതൈകളാണെങ്കില്‍ 4.ഃ4 മീറ്റര്‍ അകലവും വിത്തുപാകിയ തൈകളാണെങ്കില്‍ 7.ഃ7 മീറ്റര്‍ അകലവും പാലിക്കേണ്ടതാണ്. കുഴികളില്‍ ആവശ്യത്തിന് മേല്‍മണ്ണും ജൈവവളവും ചേര്‍ത്ത് ജൂണ്‍ ജൂലൈ മാസങ്ങളിലാണ് തൈകള്‍ നടേണ്ടത്. ഉറുമ്പുകളുടെ ആക്രമണം രൂക്ഷമായ പ്രദേശങ്ങളാണെങ്കില്‍ നടുമ്പോള്‍ കുഴികളില്‍ 10 ഗ്രാം വീതം കാര്‍ബാറില്‍ എന്ന രാസകീടനാശിനി ഇട്ടുകൊടുക്കുക. നട്ടശേഷം പുതയിടുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. നട്ട ആദ്യവര്‍ഷം ഒരു ചെടിയ്ക്ക് 10 കിലോ ജൈവവളം 43ഗ്രാം യൂറിയ 90 ഗ്രാം രാജ്‌ഫോസ് 83 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതില്‍ ഇട്ടുകൊടുക്കുക. രണ്ടാം വര്‍ഷം മുതല്‍ ജൈവവള ത്തിന്റേയും രാസവളത്തിന്റേയും അളവു കൂട്ടികൊണ്ടുവരാം. 15 വര്‍ഷം പ്രായമായ മരങ്ങള്‍ക്ക് ഒരു കിലോ യൂറിയ 1.2 കിലോ രാജ്‌ഫോസ് 1.6 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതില്‍ ഇട്ടുകൊടുക്കുക.
കുളംപുളി നല്ല ഉയരത്തില്‍ വളരുന്ന മരമായതിനാല്‍ കൊമ്പു കോതല്‍ അത്യാവശ്യമാണ്. ഒട്ടുതൈകളുടെ വളര്‍ച്ച രണ്ടാം വര്‍ഷം മുതല്‍ ദ്രുതഗതിയിലായിരിക്കും. ഈ കാലയളവില്‍ താങ്ങ് കൊടുക്കല്‍ നിര്‍ബന്ധമാണ്. അഞ്ചു വര്‍ഷം പ്രായമായ മരങ്ങള്‍ക്ക് 3.5 4 മീറ്റര്‍ ഉയരവും ഏഴു വര്‍ഷം പ്രായമായ മരങ്ങള്‍ക്ക് 44.5 മീറ്റര്‍ ഉയരവും ലഭിക്കത്തക്കവിധത്തില്‍ വേണം കൊമ്പുകള്‍ കോതിക്കൊടുക്കാന്‍.
കുടംപുളി നഴ്‌സറിയിലും മാറ്റി നട്ട തൈകളിലും കീടങ്ങളുടെയും രോഗങ്ങളുടെയും ആക്രമണം കാണാറുണ്ട്. ഇല കാര്‍ന്നു തിന്നുന്ന പുഴുക്കള്‍, വണ്ടുകള്‍, നീരൂറ്റി കുടിക്കുന്ന ശല്‍ക്കകീടങ്ങള്‍ എന്നിവയാണ് പ്രധാന കീടങ്ങള്‍. നീരൂറ്റി കുടിക്കുന്ന ശല്‍ക്കകീടങ്ങള്‍ക്കെതിരേ മെറ്റാറൈസിയം അനൈസോ പ്ലിയേ എന്ന മിത്ര കുമിളും പുഴുക്കള്‍ക്കെതിരേ ബ്യൂവേറിയ ബാസിയാന എന്ന മിത്രകുമിളും 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന രീതിയില്‍ കലക്കി തളിച്ചുക്കൊടു ക്കുകയും ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയും ചെയ്യുക. നഴ്‌സറിയില്‍ സാധാരണയായി കാണാറുളള ഇലചുരുട്ടി പുഴുവിനെതിരെയും ബ്യൂവേറിയ ബാസിയാന എന്ന മിത്രകുമിള്‍ ഉപയോഗിക്കാവു ന്നതാണ്. ഇല കരിച്ചിലിനും പൂപ്പല്‍ രോഗങ്ങള്‍ക്കുമെതിരേ ഒരു ശതമാനം വീര്യമുളള ബോര്‍ഡോ മിശ്രിതമോ 0.3 ശതമാനം വീര്യമുളള മാങ്കോസെബ് എന്ന രാസകീടകുമിള്‍നാശിനിയോ ഉപയോഗിക്കാം.
ഒട്ടുതൈകള്‍ മൂന്നാം വര്‍ഷം മുതല്‍ കായ്ച്ചു തുടങ്ങും. കേരളത്തില്‍ ജനുവരി-മാര്‍ച്ച് മാസത്തില്‍ പൂക്കുകയും ജൂലൈ ആകുമ്പോഴേക്കും കായ്കള്‍ മൂപ്പെത്തുകയും ചെയ്യും. ചില സമയങ്ങളില്‍ വര്‍ഷത്തില്‍ രണ്ടു തവണ കായ്ക്കുന്നതായും കാണാറുണ്ട്. കായ്കള്‍ പഴുക്കുമ്പോള്‍ പച്ച നിറം മാറി മഞ്ഞയും ഓറഞ്ചും ഇടകലര്‍ന്ന നിറമാകും. നന്നായി മൂപ്പെത്തിയ ഫലത്തിന് ഏകദേശം 710 സെന്റീമീറ്റര്‍ നീളവും 10-15 സെന്റീമീറ്റര്‍ വരെ വ്യാസവുമുണ്ടായിരിക്കും. പഴുത്തു പാകമായ കായ്കള്‍ മരത്തില്‍ നിന്നു വീഴുന്നതിനു മുമ്പ് പറിച്ച് നന്നായി കഴുകി നെടുകെ പിളര്‍ന്ന് ഉളളിലുളള മാംസള ഭാഗം നീക്കി ഉണക്കി സൂക്ഷിക്കുക. വെയിലില്‍ നന്നായി ഉണക്കിയ പുറന്തോടുകള്‍ വീണ്ടും 70-80 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ഡ്രയറില്‍ വച്ചോ ചേരില്‍ നിരത്തി പുകയത്ത് വെച്ചോ ഉണക്കിയെടുക്കണം. ഉണക്കിയ കുടംപുളി കൂടുതല്‍ കാലം കേടാകാതെയിരിക്കാനായി 150 ഗ്രാം ഉപ്പ്, അഞ്ചു മില്ലിലിറ്റര്‍ വെളിച്ചെണ്ണ ഒരു കിലോ കുടംപുളിക്ക് എന്ന തോതില്‍ പുരട്ടി സൂക്ഷിക്കുക. മത്സ്യവിഭവങ്ങള്‍ സ്വാദിഷ്ഠമാക്കാനും അവ കേടുകൂടാതെയിരിക്കാനും കുടംപുളി ഉപയോഗിക്കാം.
കുടംപുളിയുടെ ഫലം, വിത്തുകള്‍, വേരുകള്‍, ഇലകള്‍ എന്നിവ വിവിധ രോഗങ്ങളുടെയും ക്രമക്കേടുകളുടെയും ചികില്‍സയ്ക്കായി ഉപയോഗിക്കാറുണ്ട്. വാതത്തിനും ഗര്‍ഭാശയരോഗങ്ങള്‍ക്കുമെതിരേ കുടംപുളി കഷായം നല്ലൊരു ഔഷധമാണ്. പനി, ജലദോഷം എന്നിവക്കെ തിരേ കുരുമുളകും കുടംപുളിയും ഇട്ട കാപ്പി കുടിക്കാറുണ്ട്. ദഹനക്കേട്, വയറുവേദന, അണുബാധ, പഴുപ്പ്, അര്‍ശസ് എന്നിവ യുടെ ശമനത്തിനും കുടംപുളി ഉപയോഗിക്കാറുണ്ട്. കുടംപുളിയില്‍ 20-30 ശതമാനം ഹൈഡ്രോക്‌സി സിട്രിക് ആസിഡ്, 1.5% ഫോസ്‌ഫോറിക് ആസിഡ,് 15 ശതമാനം ഗ്ലൂക്കോസ്, വിറ്റാമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, കൊഴുപ്പുകള്‍, ഇരുമ്പ്, നാരുകള്‍, കാല്‍സ്യം, പ്രോട്ടീന്‍, ഓക്‌സാ ലിക് ആസിഡ് എന്നുവേണ്ട ആരോഗ്യത്തിനു ഗുണം ചെയ്യുന്ന പല സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്.
ഹൈഡ്രോക്‌സി സിട്രിക് ആസിഡിന് ശരീരത്തിലെ കൊഴുപ്പ് രൂപീകരണത്തെ തടയാനും ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ വിവിധ ശരീരപ്രക്രിയകള്‍ക്കായി വിനിയോഗിക്കാനും കഴിവുണ്ട്. ഇതിനാല്‍ അമിതവണ്ണം തടയാനാവുമെന്നാണ് കണ്ടെത്തലുകള്‍. ഈ കണ്ടെത്തലിന്റെ അടിസ്ഥാന ത്തില്‍ കുടംപുളി സത്ത് കുടവയര്‍ കുറയ്ക്കുന്നതിനും തടി കുറയ്ക്കാനും ഉപയോഗിക്കാമെന്ന പരസ്യവാചകത്തോടെ മാര്‍ക്ക റ്റില്‍ ലഭ്യമാണ്. ഭക്ഷണ ശേഷം കഴിക്കാവുന്ന 300-500 മില്ലിഗ്രാം അളവില്‍ ഗുളിക രൂപത്തിലും കുടംപുളി സത്ത് ലഭ്യമാണ്. എന്നാല്‍ വണ്ണം കുറയ്ക്കാനായി ഇത് ഉപയോഗി ക്കുന്നത് പിന്നീട് കരള്‍ സംബന്ധ മായ അസുഖങ്ങള്‍ക്കും ത്വക്ക് സംബന്ധമായ അസുഖങ്ങള്‍ക്കും വഴിതെളി ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുടംപുളി സത്ത് ധാരാളമായി വിദേശ രാജ്യങ്ങളി ലേക്കും കയറ്റുമതി ചെയ്യുന്നുമുണ്ട്. എന്നാല്‍ ഇതിന്റെ കൊഴുപ്പു നീക്കല്‍ പ്രക്രിയയെ കുറിച്ചും അനന്തര ഫലങ്ങളെ ക്കുറിച്ചും ഇനിയും ശാസ്ത്രീയ പഠനങ്ങള്‍ ഉണ്ടായേ മതിയാകൂ.(കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8547991644 ഷഫ്‌ന കളരിക്കല്‍, സംഷീര്‍ എം.ടീച്ചിംഗ് അസിസ്റ്റന്റ്‌സ്, ആര്‍.എ.ആര്‍.എസ്.അമ്പലവയല്‍, വയനാട്)
https://www.facebook.com/Malayalivartha