അറബ് ലോകത്ത് പ്രിയങ്കരനായി മാറിയ മലയാളി ബാലന് ഇനി വെള്ളിത്തിരയിൽ; കുഞ്ചാക്കോ ബോബനും നയൻതാരയും മുഖ്യവേഷങ്ങളിലെത്തുന്ന 'നിഴൽ' എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിൽ എത്തുന്നു
അറുപതിലേറെ ഇംഗ്ലീഷ് അറബിക് പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച് അറബ് ലോകത്ത് പ്രിയങ്കരനായി മാറിയ മലയാളി ബാലന് ഐസിന് ഹാഷ് വെള്ളിത്തിരയിലേക്ക് എത്തുന്നു. കുഞ്ചാക്കോ ബോബനും നയൻതാരയും മുഖ്യവേഷങ്ങളിലെത്തുന്ന 'നിഴൽ' എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് അന്താരാഷ്ട്ര പരസ്യമോഡലായ ഐസിന് അഭിനയിക്കുന്നത് തന്നെ. ഈ ത്രില്ലർ സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്, രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയ സിനിമകളുടെയും, നിരവധി ഹിറ്റ് സിനിമകളുടെയും എഡിറ്റര്‍ ആയിരുന്ന അപ്പു ഭട്ടതിരിയാണ്.
അറബ് ലോകത്തെ തന്നെ അറിയപ്പെടുന്ന മോഡല്‍ കൂടിയായ ഐസിൻ ഹാഷ് ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് നിഴൽ എന്ന സിനിമ. കിൻഡർ ജോയ്, ഫോക്സ്വാഗണ്, നിഡോ, വാർണർ ബ്രോസ്, ലൈഫ്ബോയ്, ഹുവാനേ, ഹെയ്ന്‍സ് തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ച ഐസിൻ, അറബിക് പരസ്യങ്ങളിലെ 'എമിറാത്തി ബോയ്' എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
തന്റെ മൂന്നാം വയസ്സില്‍ ഒരു വീഡിയോ വൈറലായതോടെയാണ് ആളുകള്‍ ഐസിനെ തിരിച്ചറിയാന്‍ തുടങ്ങിയത്. പിന്നീട് സമൂഹമാധ്യമങ്ങളില്‍ ഐസിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയപ്പോള്‍ ചെറിയ രീതിയിലുള്ള ഫോട്ടോഷൂട്ടുകളും ആരംഭിക്കുകയുണ്ടായി. എന്നാല്‍ ഇതുവഴി ലഭിച്ച ആദ്യ സിനിമാ അവസരവും പരസ്യവും തുടക്കത്തിൽ തന്നെ പാളിയിരുന്നു. പിന്നീട് അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് രക്ഷിതാക്കള്‍ മകനെ ഒരു പ്രഫഷണല്‍ താരമാക്കി മാറ്റാന്‍ രണ്ടു വര്‍ഷത്തിലേറെ പ്രയത്നിക്കുകയും ചെയ്തു. അഞ്ചാം വയസ്സില്‍ ലഭിച്ച പീഡിയാഷുവറിന്റെ പരസ്യത്തിലൂടെ ഐസിന് വീണ്ടും മോഡലിംഗ് രംഗത്ത് സജീവമായി മാറുകയായിരുന്നു.
മാത്രമല്ല ദുബൈ, അബുദാബി സര്‍ക്കാറുകളുടെ ടൂറിസമടക്കമുള്ള വിഭാഗങ്ങളുടെ നിരവധി പരസ്യ ക്യാമ്പയിനുകളിലും ഐസിൻ ഒരു സ്ഥിരസാന്നിധ്യമായി മാറുകയായിരുന്നു. ഇംഗ്ലണ്ട് ഫുട്ബാൾ ടീമിന്റെയും ലിവർപൂളിന്റെയും നായകനായിരുന്ന ഫുട്ബാൾ ഇതിഹാസം സ്റ്റീവൻ ജെറാർഡിനെ ആറാമത്തെ വയസ്സിൽ ഇന്റർവ്യൂ ചെയ്തുകൊണ്ട് അന്താരാഷ്ട്ര തലത്തിലും ഐസിൻ ശ്രദ്ധനേടിയിരുന്നു. ഇൻസ്റ്റാഗ്രാമിലും, ഫേസ്ബുക്കിലുമൊക്കെ വളരെ ചെറിയ പ്രായത്തിൽ തന്നെ വെരിഫിക്കേഷന് ലഭിച്ച അപൂർവ്വം കുട്ടി സെലിബ്രിറ്റികളിൽ ഒരാൾകൂടിയാണ് ഐസിൻ എന്നതും ഏറെ ശ്രദ്ധേയം.
https://www.facebook.com/Malayalivartha