ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു
ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. നാലുദിവസത്തിനുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഭര്‍ത്താവ് അബ്ദുള്‍നാസറും ബന്ധു ഫഹദും നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ന്യൂസീലന്‍ഡില്‍ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫോണ്‍വിളികള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗത്തിനുമൊക്കെ നിയന്ത്രണമുണ്ട്.
മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് വി.ആര്. സുനില്‍കുമാര്‍ എം.എല്‍.എ. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. പോസ്റ്റ്മോര്‍ട്ടവും നിയമനടപടികളും പൂര്‍ത്തിയാക്കിയാലുടന്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്ന് മുഖ്യമന്ത്രി എം.എല്‍.എ.യെ അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പള്ളിയില്‍ പ്രാര്‍ഥന നടത്തുന്നതിനിടയിലുണ്ടായ ഭീകരാക്രമണത്തിലാണ് തിരുവള്ളൂര്‍ പൊന്നാത്ത് അബ്ദുള്‍നാസറിന്റെ ഭാര്യ അന്‍സിക്ക് വെടിയേറ്റത്. പള്ളിയിലെ മറ്റൊരു സ്ഥലത്ത് പ്രാര്‍ഥിച്ചുകൊണ്ടിരുന്ന അബ്ദുള്‍നാസര്‍ രക്ഷപ്പെട്ടു. കഴിഞ്ഞവര്‍ഷമാണ് അന്‍സി ന്യൂസീലന്‍ഡിലെ ലിന്‍കോണ്‍ യൂണിവേഴ്സിറ്റിയില്‍ അഗ്രി ബിസിനസ് കോഴ്സില്‍ ചേര്‍ന്നത്. ഭര്‍ത്താവ് അബ്ദുള്നാസറിന് അവിടെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha