ഇറ്റലിയിലെ മൗണ്ട് എറ്റ്‌ന അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു

യൂറോപ്പിലെ ഏറ്റവും സജീവമായ ഇറ്റലിയിലെ മൗണ്ട് എറ്റ്‌ന അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു. സ്‌ഫോടനം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ആകാശം ചാരവും പുകപടലങ്ങലും കൊണ്ട് നിറഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലെല്ലാം വൈറലാണ്.
ടൂറിസ്റ്റ് മേഖലയിലുണ്ടായ മൗണ്ട് എറ്റ്‌നയുടെ സ്‌ഫോടനത്തെ തുടര്‍ന്ന് ടോളൗസിലെ വോള്‍ക്കാനിക് ആഷ് അഡ്വൈസറി സെന്റര്‍ 'കോഡ് റെഡ്' മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സിസിലിയുടെ കിഴക്കേതീരത്തുള്ള ഒരു സജീവ അഗ്‌നിപര്‍വതമാണ് എറ്റ്‌ന.
എന്തെങ്കിലും അപകടസാധ്യതയെക്കുറിച്ച് പ്രദേശവാസികള്‍ക്ക് അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല എന്നാണ് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അധികൃതര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയും പൊതുജനങ്ങളോട് ജാഗ്രത പാലിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.
വര്‍ധിച്ചുവരുന്ന തീവ്രതയോടെയുള്ള ശക്തമായ സ്‌ട്രോംബോളിയന്‍ സ്‌ഫോടനങ്ങള്‍ (ഒരുതരം പൊട്ടിത്തെറി) അഗ്‌നിപര്‍വ്വതത്തില്‍ അനുഭവപ്പെടുന്നുണ്ടെന്നാണ് ഇറ്റലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജിയോഫിസിക്‌സ് ആന്‍ഡ് വോള്‍ക്കാനോളജി പറയുന്നത്.
ജൂണ്‍ ഒന്നിന് പ്രാദേശിക സമയം രാത്രി 10 മണിയോടെ അഗ്‌നിപര്‍വ്വത പ്രകമ്പനങ്ങള്‍ ആരംഭിക്കുകയും പുലര്‍ച്ചെ ഒരു മണിക്ക് തൊട്ടുമുമ്പ് അത് ഏറ്റവും ഉയര്‍ന്ന നിലയിലെത്തുകയും ചെയ്തുവെന്നാണ് വോള്‍ക്കാനിക് ഡിസ്‌കവറി വെബ്‌സൈറ്റ് അറിയിക്കുന്നത്.
അഗ്‌നിപര്‍വ്വത ചാരത്തിന്റെ പുകപടലം ഏകദേശം 6,400 മീറ്റര്‍ ഉയരത്തില്‍ എത്തിയതായി ടോളൗസിലെ വോള്‍ക്കാനിക് ആഷ് അഡ്വൈസറി സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു. ലാവ മലയിലൂടെ താഴേക്ക് ഒഴുകുന്നതായാണ് ഇന്‍ഫ്രാറെഡ് ചിത്രങ്ങള്‍ കാണിക്കുന്നുത് എന്ന് ഐഎന്‍ജിവി വോള്‍ക്കാനി സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ഇതിന് മുന്‍പ് ഫെബ്രുവരി 11ന് മൗണ്ട് എറ്റ്‌ന പൊട്ടിത്തെറിച്ചിരുന്നു.
https://www.facebook.com/Malayalivartha