ഓസ്ട്രിയയില്‍ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു

ഓസ്ട്രിയയിലെ പ്രധാന നഗരങ്ങളിലൊന്നായ ഗ്രാസിലെ ഒരു സ്‌കൂളില്‍ ഉണ്ടായ വെടിവെയ്പ്പില്‍ നിരവധി മരണം. ഗ്രാസിലെ ഒരു സെക്കന്‍ഡറി സ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്. പത്ത് പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിരവധി പേര്‍ മരിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയം നല്‍കുന്ന വിശദീകരണം.
ഓസ്ട്രിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഗ്രാസിലെ ഡ്രയര്‍ഷുറ്റ്‌സെന്‍ഗാസ് ഹൈസ്‌കൂളിലാണ് വെടിവെയ്പ്പ് ഉണ്ടായത്. വെടിവെയ്പ്പ് നടത്തിയ ആളിനെപ്പറ്റി ഇതുവരെ വിവരങ്ങളൊന്നുമില്ല. ആക്രമണത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും കൊല്ലപ്പെട്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, വെടിവെയ്പ്പ് നടത്തിയ ആള്‍ കൃത്യത്തിന് ശേഷം സ്‌കൂളില്‍ തന്നെ ആത്മഹത്യ ചെയ്‌തെന്നും ഇയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പോലീസ് വക്താവിനെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓസ്ട്രിയന്‍ സമയം രാവിലെ പത്തുമണിയോടെയണ് വെടിവെയ്പ്പ് ഉണ്ടായത്. സ്‌കൂളില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും പ്രത്യേക സേനയും ഉടന്‍ സ്ഥലത്തെത്തി. വെടിവെയ്പ്പില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പോലീസിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാറ്റി.
സ്‌കൂളിന്റെ നിയന്ത്രണം പൂര്‍ണമായി പോലീസ് ഏറ്റെടുത്തിട്ടുണ്ട്. കനത്ത സുരക്ഷാ വലയത്തിലാണ് സ്‌കൂളും സമീപ പ്രദേശങ്ങളും. ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസ്, രാജ്യത്തിന്റെ തെക്കുകിഴക്കായാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 300,000 പേരാണ് ഈ നഗരത്തില്‍ താമസിക്കുന്നത്.
https://www.facebook.com/Malayalivartha