ജോര്‍ദാനിലെ പള്ളിയില്‍ വെടിവയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു

ജോര്‍ദാനിലെ പള്ളിയില്‍ അജ്ഞാതരായ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. പത്തു പേര്‍ക്ക് പരിക്കേറ്റു. ജോര്‍ദാനിലെ തെക്കന്‍ കരക് ഗവര്‍ണറേറ്റിലുള്ള ഹമ്മൂദ് പള്ളിയിലാണ് ശവസംസ്‌കാര ചടങ്ങിനിടെ വെള്ളിയാഴ്ച രാത്രി രണ്ടുപേര്‍ ആക്രമണം നടത്തിയത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാഹനത്തിലെത്തിയ അക്രമികള്‍ അഞ്ചുമിനിട്ടോളം തുടര്‍ച്ചയായി വെടിയുതിര്‍ത്ത ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെടിവയ്പ് നടക്കുമ്പോള്‍ പള്ളിക്കുള്ളിലും പരസിരത്തുമായി 150മുതല്‍ 200 വരെ ആളുകളുണ്ടായിരുന്നു എന്നാണ് വിവരം. 50നും 70നും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിപക്ഷം എന്നാണ് റിപ്പോര്‍ട്ട്. ശവസംസ്‌കാര ചടങ്ങിനിടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ സുരക്ഷാസേന അന്വേഷണം ആരംഭിച്ചതായി വാര്‍ത്താവിനിമയ മന്ത്രി മുഹമ്മദ് അല്‍ മൊമാനി അറിയിച്ചു. അക്രമികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ആക്രമണത്തിന്റെ ലക്ഷ്യമോ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha
























