ഇയാള്‍ ശരിക്കും ഒരു ബ്രിട്ടീഷുകാരന്റെ സ്പിരിറ്റിന്റെ അടയാളം; സ്‌ഫോടനം നടന്നപ്പോള്‍ ഓടിയത് കുടിച്ചു കൊണ്ടിരുന്ന പൈന്റുമായി

''ആറ് പൗണ്ട് വില വരുന്ന ബീയറാണ്. അങ്ങിനെ കളയാന്‍ വയ്യ. ഓടിയാല്‍ അതുമായിട്ടേ ഓടൂ.'' കഴിഞ്ഞ ദിവസം ലണ്ടനില്‍ ഏഴ് പേരുടെ മരണത്തിനിടയാക്കുകയും 48 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത സ്‌ഫോടനത്തിന് പിന്നാലെ വന്ന ഒരു ട്വീറ്റ് ഇങ്ങിനെയായിരുന്നു. ബ്രിട്ടനെ ഞെട്ടിച്ച സംഭവത്തില്‍ ആള്‍ക്കാര്‍ ഓടി രക്ഷപ്പെടുന്നവര്‍ക്ക് ഇടയിലൂടെ കുടിച്ചു കൊണ്ടിരുന്ന ബീയറും അത് അല്‍പ്പം പോലും പോകാതെ നിറച്ചുവെച്ച അവസ്ഥയിലുള്ള ഗ്‌ളാസ്സുമായി ഓടിയ യുവാവാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ താരം.
ലണ്ടന്‍ ബ്രിഡ്ജ് സ്‌ഫോടനത്തിന് പിന്നാലെ ബോറോ ഹൈ സ്ട്രീറ്റിലൂടെ ഓടി രക്ഷപ്പെടുന്ന സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ ബീയര്‍ ഗ്‌ളാസ്സും പിടിച്ച് തന്റെ സുഹൃത്തിനൊപ്പം ഓടി രക്ഷപ്പെടുന്ന ചുവപ്പ് ടീ ഷര്‍ട്ടു ധരിച്ചയാളുടെ ദൃശ്യം ദുരന്തത്തിന്റെ ഭീതിക്കും ദൈന്യതയ്ക്കും ഇടയില്‍ അനേകരിലേക്കാണ് ചിരി പടര്‍ത്തിയിരിക്കുന്നത്. സ്‌കൈ ന്യൂസായിരുന്നു ദൃശ്യം പുറത്തു വിട്ടത്. തൊട്ടു പിന്നാലെ തന്നെ ട്വിറ്ററില്‍ ട്രോളുകളുടെ പെരുമഴയാണ്. വന്‍ ദുരന്തത്തെ അതിജീവിച്ച് മണിക്കൂറുകള്‍ക്കകം ലണ്ടനില്‍ ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നുകൊണ്ടിരിക്കേ തമാശദൃശ്യം ഇപ്പോള്‍ അനേകരിലേക്കാണ് എത്തിയത്.

ആളേയും പേരും കിട്ടിയിട്ടില്ലെങ്കിലും 'ബ്രിട്ടന്റെ തിരിച്ചടി ഇങ്ങിനെ' എന്ന രീതിയില്‍ അനേകം ബ്രിട്ടീഷ് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം ഈ ചിത്രം പ്രസിദ്ധീകരിച്ചു. ''തീവ്രവാദി ആക്രമണം ഉണ്ടായാലും പൈന്റ് വിടാനാകുമോ?.... ഒരു ബ്രിട്ടീഷുകാരന്റെ സ്പിരിറ്റിന്റെ യഥാര്‍ത്ഥ അടയാളം'' എന്നായിരുന്നു ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. ''ഒഴിപ്പിക്കലൊക്കെ ശരി തന്നെ. പക്ഷേ ആറ് പൗണ്ട് വില വരുന്ന ബീയറിന്റെ ഒരു പൈന്റാണ് ഇത്. ഓടുന്നെങ്കില്‍ അതുമായിട്ട് ഓടും'' എന്ന് വേറൊരാള്‍ കുറിച്ചു. ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന് അഞ്ചു ദിവസം മുന്പ് നടന്നിരിക്കുന്ന തീവ്രവാദി ആക്രമണം പക്ഷേ ലണ്ടനിലെ സാധാരണ ജീവിതത്തെ ബാധിച്ചിട്ടില്ല. ഒരു വാനിലെത്തിയ മൂന്നംഗ സംഘമായിരുന്നു ആക്രമണം നടത്തിയത്.
https://www.facebook.com/Malayalivartha


























