സിംബാബ്‌വേയില്‍ എംനന്‍ഗാഗ്വ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

രാജിവച്ച റോബര്‍ട്ട് മുഗാബെയ്ക്കു പകരം സിംബാബ്‌വേയുടെ പുതിയ പ്രസിഡന്റായി എമേഴ്‌സന്‍ എംനന്‍ഗാഗ്വ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുഗാബെയ്ക്കു പകരം പുതിയ നേതാവായി എംനന്‍ഗാഗ്വയെ നേരത്തെ ഭരണകക്ഷിയായ സാനു പിഎഫ് തെരഞ്ഞെടുത്തിരുന്നു.
രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സന്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനു നടപടി എടുക്കുമെന്നും എംനന്‍ഗാഗ്വ മാധ്യമങ്ങളോട് വ്യക്തമാക്കി. മുഗാബെ ഭരണകൂടം ഡിസ്മിസ് ചെയ്തതിനെത്തുടര്‍ന്നു ദക്ഷിണാഫ്രിക്കയിലേക്കു പോയ വൈസ് പ്രസിഡന്റ് എംനന്‍ഗാഗ്വ പ്രിട്ടോറിയയില്‍ ജേക്കബ് സുമാ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷമാണു സ്വകാര്യ ജറ്റ് വിമാനത്തില്‍ സിംബാബ്‌വേയില്‍ ബുധനാഴ്ച മടങ്ങിയെത്തിയത്.
എംനന്‍ഗാഗ്വ നേരത്തെ നീതിന്യായ, പ്രതിരോധവകുപ്പുകളില്‍ മന്ത്രിയായിരുന്നു. രാഷ്ട്രീയ എതിരാളികള്‍ക്ക് പേടിസ്വപ്നമായിരുന്ന മുഗാബെയുടെ നയപരിപാടികള്‍ നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ എംനന്‍ഗാഗ്വ ചീങ്കണ്ണി എന്ന പേരിലാണ് അറിയപ്പെടുന്നത്. നിരവധി പേരുടെ മരണത്തില്‍ കലാശിച്ച സൈനിക നടപടികളില്‍ ചീങ്കണ്ണിക്കു പങ്കുണ്ടെന്നു പ്രതിപക്ഷം ആരോപിക്കുന്നു.
നേരത്തേ, സിംബാബ്‌വേയില്‍ അധികാരം പിടിക്കാന്‍ മുഗാബെയുടെ ഭാര്യ ഗ്രേസും അവരെ അനുകൂലിക്കുന്ന സംഘവും തയ്യാറാക്കിയ പദ്ധതി മണത്തറിഞ്ഞാണു സൈന്യം ഇടപെട്ടതും മുഗാബെയെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തതും. ആദ്യം രാജിക്കു വിസമ്മതിച്ച മുഗാബെ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് നടപടി ആരംഭിച്ചപ്പോള്‍ അധികാരം ഒഴിയാന്‍ തയ്യാറാവുകയായിരുന്നു.
https://www.facebook.com/Malayalivartha























