ദക്ഷിണാഫ്രിക്കയില്‍ കാര്‍ മോഷണതിനിടെ കൊള്ളക്കാരുടെ വെടിയേറ്റ് ഇന്ത്യന്‍ പെണ്‍കുട്ടി മരിച്ചു
ദക്ഷിണാഫ്രിക്കയില്‍ കാര്മോഷ്ടാക്കളുടെ വെടിയേറ്റ് ഒമ്പതു വയസുള്ള ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു. ഡര്‍ബനിലെ ചാറ്റ്സ്വര്‍ത്ത് സ്വദേശിനിയാണ് കൊല്ലപ്പെട്ട സാദിയ സുഖ്രാജ്. ഇന്ത്യന്‍വംശജര്‍ താമസിക്കുന്ന സ്ഥലമാണ് ചാറ്റ്സ്വര്‍ത്ത്. തിങ്കളാഴ്ച അച്ഛന് സാദിയയെ കാറില്‍ സ്കൂളില്‍ കൊണ്ടുപോകവേ മൂന്ന് ആയുധധാരികള്‍ ആക്രമിക്കുകയായിരുന്നു. അച്ഛനെ പുറത്താക്കിയശേഷം കുട്ടിയുമായി കാറില്‍ കടന്ന അക്രമികളെ നാട്ടുകാര്‍ വാഹനത്തില്‍ പിന്തുടര്ന്നു. ഇരുകൂട്ടരും തമ്മില്‍ വെടിവയ്പ്പുണ്ടായി. ഇതിനിടെ അക്രമികളുടെ കാര്‍ ഇടിച്ചുനിന്നു. രണ്ടുപേര്‍ ഇറങ്ങിയോടി. ഒരാള്‍ മരിച്ചു. സാദിയയെ വെടിയേറ്റനിലയില്‍ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തില്‍ പ്രതിഷേധിച്ച് മൂവായിരത്തോളം പേര് പോലീസ് സ്റ്റേഷനില്‍ എത്തി. പ്രതിഷേധക്കാരെ നേരിടാന്‍ പോലീസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. രക്ഷപ്പെട്ട അക്രമികളിലൊരാളെ പോലീസ് പിടികൂടി.
https://www.facebook.com/Malayalivartha