സാലറി ചലഞ്ചിന് പിന്നാലെ പെന്‍ഷന്‍കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ സംഘടന പ്രതിനിധികളുമായി മന്ത്രി തോമസ് ഐസക് ഇന്ന് ചര്‍ച്ച നടത്തും

സാലറി ചലഞ്ചിന് പിന്നാലെ പെന്‍ഷന്‍കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ സംഘടന പ്രതിനിധികളുമായി മന്ത്രി തോമസ് ഐസക് ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് നാലിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലാണ് യോഗം. ഒരുമാസത്തെ പെന്‍ഷന്‍ ഒറ്റത്തവണയായോ അല്ലെങ്കില്‍ ഗഡുക്കളായോ നല്‍കണമെന്ന് പെന്‍ഷന്‍കാരോട് ആവശ്യപ്പെടും. സാലറി ചലഞ്ച് പോലെ ഉത്തരവിറക്കി പെന്‍ഷന്‍ പിടിക്കാനാവില്ല. സമ്മതമില്ലാതെ പെന്‍ഷന്‍ പിടിക്കരുതെന്ന് സുപ്രീംകോടതി വിധിയുമുണ്ട്. ഒരു മാസത്തില്‍ കുറവ് പെന്‍ഷന്‍ തുക സ്വീകരിക്കുമോ എന്നതാണ് അറിയേണ്ടത്.
സാലറി ചലഞ്ചില്‍ ഈരീതി അനുവദിച്ചിരുന്നില്ല. അതേസമയം ഒരു മാസത്തെ പെന്‍ഷന്‍ നല്‍കാന്‍ കഴിയുന്നവര്‍ നല്‍കട്ടെയെന്നാണ് പെന്‍ഷന്‍കാരുടെ സംഘടനകള്‍ പറയുന്നത്. നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് മനോവിഷമമുണ്ടാക്കാത്ത തരത്തില്‍ അവരെ ഒഴിവാക്കണമെന്നാണ് ആവശ്യം. നിലവില്‍ സംസ്ഥാനത്ത് അഞ്ച് ലക്ഷത്തോളം പെന്‍ഷന്‍കാരാണുള്ളത്. ആദ്യപ്രളയം നാശംവിതച്ച ഘട്ടത്തില്‍തന്നെ കേരള സ്‌റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ 25 ലക്ഷം രൂപ ആഗസ്റ്റ് ഒന്നിന് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് ഒരുദിവസത്തെ പെന്‍ഷന്‍ വേണമെന്ന സര്‍ക്കാര്‍ അഭ്യര്‍ഥനയും പെന്‍ഷന്‍കാര്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ കളക്ഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിലൂടെ ചുരുങ്ങിയത് 1012 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തുമെന്നാണ് കരുതുന്നത്. വളരെ തുച്ഛമായ പെന്‍ഷന്‍ ലഭിക്കുന്നവര്‍ എങ്ങനെ സംഭാവന നല്‍കുമെന്നറിയാതെ വിഷമിക്കുകയാണ്.
https://www.facebook.com/Malayalivartha
























