ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനകേസ്; സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം നീക്കം തുടങ്ങി ; സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അനുമതി തേടി പാല കോടതിയില്‍ അപേക്ഷ നൽകും

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനകേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തിന്റെ നീക്കം. കേസിൽ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ സാധ്യത കണക്കിലെടുത്താണ് നടപടി. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഒപ്പമുളള മറ്റ് കന്യാസ്ത്രീകളുടേതടക്കം നിര്‍ണ്ണായക സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് ശ്രമം.
പീഡനവിവരം കന്യാസ്ത്രീ പറഞ്ഞിരുന്നുവെന്ന വികാരിയുടെ ആദ്യമൊഴി വീഡിയോയില്‍ പകര്‍ത്തിയിരുന്നുവെങ്കിലും ഇത് കോടതിയില്‍ തെളിവായി നിലനില്‍ക്കാത്ത സാഹചര്യത്തിലാണ് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. പ്രാഥമിക അന്വേഷമാണ് ഇപ്പോള്‍ നടക്കുന്നത്. വിഡീയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാകും തുടര്‍ നടപടികളെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചെന്ന പരാതിയില്‍ നാലുകന്യാസ്ത്രീകള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം പരാതിക്കാരിക്കൊപ്പം നില്‍ക്കുന്ന സാക്ഷികളായ ഈ കന്യാസ്ത്രീകളില്‍ നിന്നും 164 വകുപ്പ് പ്രകാരം രഹസ്യമൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അനുമതി തേടി പാല കോടതിയില്‍ അന്വേഷണ സംഘം അപേക്ഷ നല്കും. കന്യാസ്ത്രീയെ ആദ്യം പിന്തുണച്ച് രംഗത്ത് എത്തിയ കോടനാട് പള്ളിയിലെ വികാരി ഫാദര്‍ നിക്കോളാസ് കഴിഞ്ഞ ദിവസം മൊഴിമാറ്റിയിരുന്നു.
അതേസമയം അട്ടപ്പാടിയിലെ ധ്യാന കേന്ദ്രത്തിന് പിന്നാലെ ഏറ്റുമാനൂരിലേയും ഭരണങ്ങാനത്തെയും ധ്യാനകേന്ദ്രങ്ങളിലും തെളിവെടുപ്പ് നടത്തും. അട്ടപ്പാടി ഒഴികെയുള്ള ധ്യാന കേന്ദ്രങ്ങളിലും പീഡന വിവരം പറഞ്ഞിട്ടും ഇവര്‍ കന്യാസ്ത്രീയെ പിന്തുണയ്ക്കാതിരുന്നതിനു പിന്നിലെ കാരണത്തെ കുറിച്ചാണ് അന്വേഷണം നടത്തുന്നത് .
ഇതിനിടെ കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോര്‍ജ്ജിനെതിരെ കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം അന്വേഷണ സംഘത്തിലെ സിഐ കെ എസ് ജയന്‍ കുറവിലങ്ങാട് മഠത്തിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha
























