ഇതിനെല്ലാം ഉത്തരം പറയേണ്ടിവരും... മനിതി സംഘത്തിന് പിന്നിൽ സര്‍ക്കാരിന്റെ ഗൂഢാലോചനയെന്ന് ആഞ്ഞടിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍

ശബരിമലയില്‍ മനിതി സംഘത്തില്‍പ്പെട്ട യുവതികളെ എത്തിച്ചതിനു പിന്നില്‍ സര്‍ക്കാരിന്റെ ഗൂഢാലോചനയെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. പൊലീസിന്റെയും സര്‍ക്കാരിന്റെയും ഒത്താശയോടെയാണ് എല്ലാക്കാര്യങ്ങളും നടക്കുന്നതെന്നും വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഒരു വശത്ത് ഭക്തരെ തടയുന്ന പൊലീസ് ആചാരലംഘകര്‍ക്ക് എല്ലാ സൗകര്യവും ചെയ്തു നല്‍കുകയാണ്. ഇത്തരം നീക്കങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. അതേസമയം സർക്കാരിന്റെ വനിതാമതില്‍ പൊളിയുമെന്ന് ഉറപ്പായതോടെ പുതിയ നീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണെന്നും കെ സുരേന്ദ്രന്‍ ഫേസ്‌ബുക്കിൽ കുറിച്ചു. ശബരിമല ദര്‍ശനത്തിനെത്തിയ 'മനീതി' സംഘടനാ നേതാവ് സെല്‍വിയടക്കമുള്ള 11 അംഗസംഘം ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന നിലപാട് അറിയിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ സുരന്ദ്രേന്‍ ഇടതുസര്‍ക്കാരിനെയും മനീതിയെയും ബന്ധപ്പെടുത്തിക്കൊണ്ട് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ...
മണ്ഡലമാസത്തിലെ ഏറ്റവും വിശിഷ്ടമായ ചടങ്ങുകളിലൊന്നായ തങ്ക അങ്കി ഘോഷയാത്ര നടക്കുന്ന ദിവസം തന്നെ അരാജകവാദികൾക്ക് ആചാരലംഘനത്തിനുള്ള അനുമതിയും ഭക്തജനങ്ങൾക്ക് നിഷേധിക്കപ്പെട്ട സൗകര്യങ്ങളും സർക്കാർ ഒരുക്കിക്കൊടുത്തത് വിശ്വാസി സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണ്. വഴിനീളെ പൊലീസ് അകമ്പടിയും നിലക്കലിൽ നിന്ന് പമ്പയിലേക്കുള്ള വാഹനസൗകര്യവുമെല്ലാം ഇതിന്റെ തെളിവാണ്. കേന്ദ്രമന്ത്രിക്കുവരെ കൊടുക്കാത്ത വി. ഐ. പി പരിഗണനയാണ് ഇത്തരം ആചാരലംഘകർക്കു നൽകിയത്. വിശ്വാസികളെ വഴിയിൽ ലാത്തിച്ചാർജ്ജു ചെയ്യുകയും ചെയ്തു. കേരളത്തിൽ നിന്ന് ആരെയും കിട്ടാത്തതുകൊണ്ടാണ് തമിഴ്നാട്ടിൽ നിന്ന് ആളുകളെ കൊണ്ടുവന്നിരിക്കുന്നത്. സർക്കാരിന്റെ ഒത്താശയോടുകൂടിയാണ് എല്ലാം നടക്കുന്നത്. ഇതിനെല്ലാം പിണറായി വിജയൻ സർക്കാർ ഉത്തരം പറയേണ്ടിവരും. മതിലു പൊളിയുമെന്നുറപ്പായപ്പോഴാണ് പുതിയ നീക്കവുമായി രംഗത്തുവന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha






















