കെ.എസ്.ആര്‍.ടി.സിയിലെ തസ്തിക പുനര്‍നിര്‍ണയത്തിനും താല്‍ക്കാലിക ജീവനക്കാരുടെ സാധ്യതകള്‍ പഠിക്കാനും വിദഗ്ധസമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

കെ.എസ്.ആര്‍.ടി.സിയിലെ തസ്തിക പുനര്‍നിര്‍ണയത്തിനും താല്‍ക്കാലിക ജീവനക്കാരുടെ സാധ്യതകള്‍ പഠിക്കാനും വിദഗ്ധസമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലാവും സമിതി. ദേശീയ ശരാശരി അടിസ്ഥാനപ്പെടുത്തി കെ.എസ്.ആര്‍.ടി.സിയിലെ ബസുകളുടെ എണ്ണത്തിനനുസരിച്ച് ജീവനക്കാരുടെ എണ്ണം നിര്‍ണയിക്കലാണ് സമിതിയുടെ പ്രധാന ദൗത്യം. ഇവ നിശ്ചയിച്ച ശേഷം നിലവിലെ അംഗസംഖ്യകൂടി പരിഗണിച്ച് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് ശിപാര്‍ശ സമര്‍പ്പിക്കും. അധിക തസ്തികകള്‍ കാരണമുള്ള അനാവശ്യചെലവ് ഒഴിവാക്കാനാണ് നീക്കം. പി.എസ്.സി നിയമനം പൂര്‍ത്തിയായശേഷം ആവശ്യമെങ്കില്‍ താല്‍ക്കാലികക്കാരെ നിയോഗിക്കും.
വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും നടപടി. നിയമാനുസൃതം താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാമെന്നാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. നിയമാനുസൃത നിയമനത്തിന് രണ്ട് മാര്‍ഗങ്ങളാണുള്ളത്. എംപ്ലോയ്മന്റെ് എക്‌സ്‌ചേഞ്ചില്‍നിന്ന് 179 ദിവസത്തേക്ക് നിയമനം നടത്താമെന്നതാണ് ഒന്നാമത്തെ മാര്‍ഗം. കാലപരിധി കഴിയുമ്പോള്‍ ഇവിടെ പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിക്കാം.
കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ് രണ്ടാമത്തെ മാര്‍ഗം. നിശ്ചിതകാലത്തെ പ്രവൃത്തിപരിചയംകൂടി വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തിയാല്‍ എംപാനലുകാര്‍ക്ക് കൂടി അവസരം ലഭിക്കും. വിദഗ്ധസമിതി ഇക്കാര്യവും പരിശോധിക്കും. 963 സര്‍വിസുകള്‍ മുടങ്ങി
കണ്ടക്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് ശനിയാഴ്ചയും 963 സര്‍വിസുകള്‍ മുടങ്ങി. തിരുവനന്തപുരം മേഖലയില്‍ 353ഉം എറണാകുളം മേഖലയില്‍ 449ഉം കോഴിക്കോട് മേഖലയില്‍ 961ഉം സര്‍വിസുകള്‍ മുടങ്ങി. പുതിയ ജീവനക്കാരെ ചീഫ് ഓഫിസിനുപകരം ഡിപ്പോകളില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരുന്നത്.
ഇതിനെത്തുടര്‍ന്ന് മലപ്പുറം ഡിപ്പോയില്‍ 11ഉം പെരിന്തല്‍മണ്ണയില്‍ 10ഉം പേര്‍ ജോലിയില്‍ പ്രവേശിച്ചു. 26നുശേഷം ബാക്കിയുള്ളവര്‍ എത്തുമെന്നാണ് മാനേജ്മന്റെിന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha






















