തലസ്ഥാനത്തു സര്‍ക്കാര്‍ ഭൂമി കൈയേറി സ്വകാര്യവ്യക്തി ഭീമന്‍ കെട്ടിടം പണിയുന്നു

തലസ്ഥാനനഗരിയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി വ്യക്തി കണ്‍വന്‍ഷന്‍ സെന്റര്‍ പണിയുന്നു. 75 കോടി രൂപ വിലമതിക്കുന്ന സ്ഥലത്ത് കെട്ടിടനിര്‍മാണ വ്യവസ്ഥകള്‍ ലംഘിച്ചെന്നും സൂചന. കവടിയാര്‍ ഗോള്‍ഫ് ക്ലബിനു തൊട്ടുമുന്നിലുള്ള ഒന്നരയേക്കറിലാണ് കൈയേറ്റം.
പ്രസ്തുത ഭൂമി കവടിയാര്‍ കൊട്ടാരത്തിലെ രാജകുടുംബാംഗങ്ങളുടെ പേരിലുള്ള ഭൂമിയായിരുന്നു. കവടിയാറിനും ഗോള്‍ഫ് ക്ലബിനും ഇടയിലുള്ള ഈ പ്രദേശം തലസ്ഥാനത്തെ ഏറ്റവും വിപണനമൂല്യമുള്ള സ്ഥലമാണ്.
സ്വാതന്ത്ര്യലബ്ധിക്കാലത്ത് തയാറാക്കിയ ഉടമ്പടി പ്രകാരം രാജകുടുംബത്തിന് അവകാശം ലഭിച്ച ഭൂമിയാണിത്. ഇവിടെ കൊട്ടാരത്തിന്റെ വകയായുള്ള ആര്‍.കെ. ഇലക്‌ട്രോഡ് എന്ന കമ്പനി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
കമ്പനിയുടെ ആവശ്യത്തിനു മാത്രമേ ഭൂമി ഉപയോഗിക്കാവൂ എന്നു വ്യവസ്ഥയും വച്ചു. നഷ്ടമായതോടെ കമ്പനി അടച്ചുപൂട്ടി.
സ്വാഭാവികമായും മിച്ചഭൂമിയായി മാറുന്ന ഭൂമിയിലാണ് ഇപ്പോള്‍ കെട്ടിടനിര്‍മാണം നടക്കുന്നത്. ഭൂമി ലേലത്തില്‍ പിടിച്ചെന്നാണ് കെട്ടിടം നിര്‍മിക്കുന്നവരുടെ അവകാശവാദം.
ഇവിടെ ബഹുനില സ്ഥിരസമുച്ചയം പണിയാന്‍ പാടില്ലെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് കൂറ്റന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ പണിയുന്നത്. ചീഫ് ടൗണ്‍പ്ലാനറുടെ ഓഫീസില്‍നിന്നു വളഞ്ഞവഴിയിലാണ് അനുവാദം നേടിയതെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha

























