അന്ന് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതുകൊണ്ട് എന്താണു കുഴപ്പമെന്നു ചോദിച്ച മാതാഅമൃതാനന്ദമയി; ഇന്ന് അയ്യപ്പൻ ബ്രഹ്മചാരിയായതിനാല്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ പാടില്ല എന്ന് പ്രസംഗിച്ചു; ശബരലമല വിഷയത്തിൽ നിലപാടുമാറ്റിയവരിൽ അമൃതാനന്ദമയിയും

ശബരലമലയുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിലപാടുകളിൽ മാറ്റം വരുത്തിയവർ നിരവധി. ആദ്യ ഘട്ടങ്ങളിൽ യുവതി പ്രവേശനത്തെ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ശേഷം മറുകണ്ടം ചാടുകയും ചെയ്തത് നിരവധിപേരാണ്. കെ സുരേന്ദ്രനും ഒ രാജഗോപാലും ഒക്കെ സുപ്രീം കോടതിയുടെ ചരിത്ര പ്രധാനമായ വിധി വരുന്നതിന് മുമ്പ് തന്നെ യുവതി പ്രവേശനത്തെ അനുകൂലിച്ചിരുന്നവരായിരുന്നു. എന്നാൽ തുടർന്ന് നിലപാട് തിരുത്തി രംഗത്ത് വരുകയായിരുന്നു. ആര്‍എസ്‌എസും ജന്മഭൂമിയും പോലും ശബരിമല യുവതി പ്രവേശനത്തെ ഒരു ഘട്ടത്തിൽ അനുകൂലിക്കുകയും തുടർന്ന് നിലപാട് മാറ്റി രംഗത് വരുകയും ചെയ്തു.
ഞായറാഴ്ച തിരുവനന്തപുരത്ത് ശബരിമല കര്‍മ സമിതി സംഘടിപ്പിച്ച സംഗമത്തില്‍ ആചാരമാണ് സംരക്ഷിക്കപ്പെടേണ്ടതെന്ന് മാതാ അമൃതാനന്ദമയി പ്രസംഗിച്ചിരുന്നു. എന്നാൽ ഈ വിഷയത്തില്‍ മുൻപ് അമൃതാനന്ദമയി എടുത്ത നിലപാട് നേരെ തിരച്ചാണെന്നാണെന്നതിന്റെ തെളിവുകാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് 11 വര്‍ഷം മുമ്പ് വാര്‍ത്തസമ്മേളനത്തില്‍ അമൃതാനന്ദമയി ആവശ്യപ്പെട്ടിരുന്നു. 2007 ഓഗസ്റ്റ് 25ന്റെ മലയാള മനോരമ തിരുവനന്തപുരം എഡിഷന്‍ അവസാന പേജില്‍ കളര്‍ തലക്കെട്ടോടെ വന്ന വാര്‍ത്ത ഇങ്ങനെ:
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാം: അമ്മ
'ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതുകൊണ്ട് എന്താണു കുഴപ്പമെന്നു മാതാഅമൃതാനന്ദമയി. പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ? എങ്കില്‍ പുരുഷനു കയറാം, പ്രസവിച്ച സ്ത്രീക്കു കയറാനാവില്ല എന്നു പറയുന്നത് അധര്‍മ്മമല്ലേ? സ്ത്രീ,പുരുഷ വ്യത്യാസമുള്ളതല്ല ഈശ്വര സങ്കല്പം-. അമൃതാനന്ദമയി പറഞ്ഞു. ക്ഷേത്രങ്ങളില്‍ വിശ്വാസികളെയെല്ലാം കയറ്റണമെന്നാണ് തന്റെ അഭിപ്രായം എന്നും അവര്‍ തുടര്‍ന്ന് പറയുന്നു.
മാതൃഭൂമിയിലും ഇത് വാർത്തയായി. അതില്‍ പറഞ്ഞതിങ്ങനെ: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നത് സംബന്ധിച്ച ചോദ്യത്തിന് 'പുരുഷനു കയറാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീയ്ക്ക് കയറിക്കൂട എന്ന് അമ്മ ചോദിച്ചു.'എന്റെ ഈശ്വരസങ്കല്‍പ്പത്തില്‍ സ്ത്രീ-പുരുഷ ഭേദമില്ല എന്നായിരുന്നു.
എന്നാല്‍ ഞായറാഴ്ച കര്‍മസമിതിയുടെ പരിപാടിയില്‍ അമൃതാനന്ദമായി പ്രസംഗിച്ചത് ഇതിനെല്ലാം വിപരീതമായാണ്:'അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അവിടത്തെ ആചാരങ്ങള്‍ പാലിക്കപ്പെടേണ്ടതാണ്. ബ്രഹ്മചാരിയായതിനാല്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ പാടില്ല''എന്നാണ്. ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രതിഷ്ഠാ സങ്കല്‍പ്പങ്ങളുണ്ട്. അതിനെ അവഗണിക്കുന്നത് ശരിയല്ല. ക്ഷേത്രത്തിലെ ഈശ്വരനും സര്‍വമായ ഈശ്വരനും തമ്മിലുള്ള വ്യത്യാസം നാം മനസ്സിലാക്കണം. ഓരോ ക്ഷേത്രങ്ങളിലും ഓരോ ആചാരങ്ങളാണ്. പാരമ്പര്യമായ വിശ്വാസങ്ങള്‍ ആചരിച്ചില്ലെങ്കില്‍ അത് ക്ഷേത്രസാഹചര്യത്തെ ബാധിക്കും. മാറ്റം ആവശ്യമാണ്. ക്ഷേത്രത്തെ മറന്നുള്ള മാറ്റങ്ങള്‍ പാടില്ല. അതിലൂടെ നമ്മുടെ മൂല്യങ്ങള്‍ നഷ്ടമാവും. ക്ഷേത്രങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ തൂണുകളാണ്. അത് നാം സംരക്ഷിക്കണം. സമൂഹത്തില്‍ ശാരീരികവും മാനസികവുമായ താളലയം കൊണ്ടുവരുന്നത് ക്ഷേത്രങ്ങളാണെന്നും മാതാ അമൃതാനന്ദമയി വ്യക്തമാക്കി.
അതേസമയം ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് എഴുതിയ ലേഖനവും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 1999 ലെ മാതൃഭൂമി ശബരിമല തീർഥാടന സപ്ലിമെന്റിൽ 'സ്ത്രീകളെ ശബരിമല ദർശനത്തിന് അനുവദിക്കണം' തലകെട്ടോടുകൂടിയാണ് ആ വാർത്ത വന്നത്.
https://www.facebook.com/Malayalivartha


























