ശബരിമലയില്‍ നടവരുമാനം കുറഞ്ഞത് ദേവസ്വംബോര്‍ഡിനെയോ ക്ഷേത്രത്തെയോ ബാധിക്കില്ല:- അയ്യപ്പനോട് കളിച്ചാൽ കളി അറിയും- കാണിക്കയിടേണ്ടെന്ന് പറഞ്ഞവർ ഇപ്പോൾ പിരിവുമായി ഇറങ്ങി, ഇതുകൊണ്ടൊന്നും ഒന്നുമായിട്ടില്ല, പലതും തുടങ്ങാനിരിക്കുന്നതേ ഉള്ളു!! താക്കീതുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ

ശബരിമല നടവരുമാനത്തിലെ കുറവ് ദേവസ്വം ബോർഡിനെയോ ജീവനക്കാരേയോ ഒരു തരത്തിലും ബാധിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ. വരുന്ന ബജറ്റിൽ ദേവസ്വം ബോർഡിന് കാര്യമായ സഹായം ഉണ്ടാകുമെന്ന് ഉറപ്പാണ്. സർക്കാർ ഗ്യാരണ്ടി നിൽക്കുന്നിടത്തോളം കാലം ദേവസ്വം ബോർഡിന് ഒരു ഭയവും ഇല്ല. അയ്യപ്പനോട് കളിച്ചാൽ എന്താണ് ഫലമെന്ന് നന്നായി അറിയാമെന്നും എ പദ്മകുമാർ പറഞ്ഞു. കാണിക്കയിടേണ്ടെന്ന് പറഞ്ഞവർ ഇപ്പോൾ പിരിവുമായി ഇറങ്ങിയിട്ടുണ്ട് . ഇതുകൊണ്ടൊന്നും ഒന്നുമായിട്ടില്ല, പലതും തുടങ്ങാനിരിക്കുന്നതേ ഉള്ളു എന്നും പദ്മകുമാർ പറഞ്ഞു
ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന വാർത്തകളേയും ദേവസ്വം ബോർഡ് പ്രസിഡന്റ് തള്ളി. ശ്വാസ വിലക്കാനും സ്വപ്നം കാണാനും കരം കൊടുക്കണ്ട. അതു കൊണ്ട് ആർക്കും സ്വപ്നം കാണാം. കാലാവധി പൂർത്തിയാക്കും വരെ ഇവിടെ കാണുമെന്നായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാറിന്റെ പ്രതികരണം .
നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമലയിലെ വരുമാനം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 99.02 കോടി രൂപയാണ് കുറഞ്ഞത്. മണ്ഡല കാലത്ത് 62.32 കോടിയും മകരവിളക്കിന് 36.70 കോടിയുമാണ് കുറഞ്ഞത്. കഴിഞ്ഞ മണ്ഡല കാലത്ത് 173.38 കോടി ലഭിച്ചപ്പോള്‍ ഇത്തവണ അത് 111.06 കോടിയായി. ഇതോടെ ഈ സീസണിലെ മൊത്തം കുറവ് 36.27 ശതമാനമായി. കഴിഞ്ഞ വര്‍ഷം മകരവിളക്ക് സീസണിലെ 18 ദിവസം പിന്നിട്ടപ്പോള്‍ നടവരവായി 99,74,32,408 രൂപ ലഭിച്ചു. ഇക്കുറി 63,00,69,947 രൂപയായി കുറഞ്ഞു. കാണിക്കയില്‍ 7.82 കോടിയും അരവണയില്‍ 6.64 കോടിയും, അപ്പത്തില്‍ 2.15 കോടിയുമാണ് കുറഞ്ഞത്. അതേസമയം സംഭാവനയായി സന്നിധാനത്ത് 3.60 ലക്ഷത്തിന്റെയും മാളികപ്പുറത്ത് 9.94 ലക്ഷത്തിന്റെയും അധികവരുമാനമുണ്ടായി.
ശബരിമലയില്‍ യുവതീ പ്രവേശത്തിനെതിരെ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തിനിടെ അക്രമം നടത്തിയ നിരവധി കര്‍മ്മസമതി പ്രവര്‍ത്തകരും പ്രതിഷേധക്കാരും ഇപ്പോഴും ജയിലിലാണ്. വിവിധ കേസുകളിലായി ജയിലില്‍ കിടക്കുന്ന പ്രവര്‍ത്തകരെയും മറ്റുള്ളവരെയും ജയിലില്‍ നിന്നിറക്കാന്‍ സംഭാവന ആവശ്യപ്പെട്ട് കര്‍മ്മസമിതി അധ്യക്ഷ കെ.പി ശശികല രംഗത്തെത്തിയിരുന്നു. ‘ശതം സമര്‍പ്പയാമി’ എന്ന പേരിലാണ് സംഭാവന ആവശ്യപ്പെട്ടത്.
ശബരിമലയിൽ കാണിക്കയിടരുതെന്ന് ആവശ്യപ്പെട്ടവരാണ് ഇപ്പോൾ ശതം സമർപ്പയാമിയുമായി പിരിവിന് ഇറങ്ങുന്നതെന്നതെന്ന് ട്രോളുകാരും രാഷ്ട്രീയ എതിരാളികളും പരിഹസിച്ചതിന് പിന്നാലെയാണ് കാണിക്കയിടേണ്ടെന്ന് പറഞ്ഞവർ ഇപ്പോൾ പിരിവുമായി ഇറങ്ങിയിട്ടുണ്ടെന്ന് പദ്മകുമാർ പരിഹസിച്ചത്. ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങി ജയിലിലായവര്‍ക്ക് നിയമസഹായം നല്‍കാനായാണ് 'ധര്‍മ്മയോദ്ധാക്കാള്‍ക്കൊരു സ്നേഹാശ്ളേഷം' എന്ന പേരില്‍ ഇക്കഴിഞ്ഞ 17ന് ശബരിമല കര്‍മ സമിതി വീഡിയോ പുറത്തിറക്കിയത്. ജയിലിലായവരെയും കുടുംബത്തെയും സംരക്ഷിക്കാന്‍ 100 രൂപ സംഭാവന ചെയ്ത് റസീപ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടെടുത്ത് പ്രചരിപ്പിക്കണമെന്നും ഇതൊരു ചലഞ്ചായി ഏറ്റെടുക്കണമെന്നുമായിരുന്നു കര്‍മസമിതി നേതാവ് കെ.പി ശശികല ആഹ്വാനം ചെയ്തത്.
എന്നാല്‍ പിന്നാലെ കെ. സുരേന്ദ്രന്‍റെയും കെപി ശശികലയുടെയും ഫോട്ടോയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും ചേര്‍ത്ത് സിപിഎം അനുകൂല ഗ്രൂപ്പുകള്‍ മറു പ്രചാരണം ആരംഭിച്ചു. എന്നാൽ ഇത് കര്‍മ സമിതി അക്കൗണ്ടാണെന്ന് തെറ്റിദ്ധരിച്ച് പലരും ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ചു. ഇത്തരത്തില്‍ കര്‍മ സമിതിക്കു കിട്ടേണ്ട രണ്ടു ലക്ഷത്തിലേറെ രൂപ ദുരിതാശ്വാസ നിധിയിലേക്ക് പോയെന്ന് കാണിച്ച് നിയമ നടപടിക്ക് ഒരുങ്ങുകയാണെന്ന് കർമ്മ സമിതി അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























