വനിതാ ജീവനക്കാരിയെ പൈലറ്റ് ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

വിമാനം പറക്കുന്നതിനിടെ കോക്പിറ്റില്‍ വനിതാ ജീവനക്കാരിയെ പൈലറ്റ് ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് വനിതാ ജീവനക്കാരി ഡല്‍ഹി പോലീസില്‍ പരാതി നല്കി. ഇൻഡിഗോ വിമാനത്തിലാണ് സംഭവം നടക്കുന്നത് . കഴിഞ്ഞ 16 ന് ബംഗളൂരു-അമൃത്സര്‍-ശ്രീനഗര്‍-ഡല്‍ഹി വിമാനത്തിലായിരുന്നു സംഭവം.
പൈലറ്റ് ആവശ്യപ്പെട്ടതനുസരിച്ച് ചൂടുവെള്ളവുമായി കോക്പിറ്റില്‍ എത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് യുവതി പരാതിയിൽ പറയുന്നു. താന്‍ കോക്പിറ്റിലേക്ക് കയറിയപ്പോള്‍ സഹപൈലറ്റ് വാഷ് റൂമിലേക്കുപോയതായി യുവതി പറയുന്നു. ഒബ്സെര്‍വര്‍ സീറ്റില്‍ താന്‍ ഇരുന്നപ്പോള്‍ ക്യാപ്റ്റന്‍ അടുത്തുവരികയും സെല്‍ഫി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ താന്‍ ഇത് നിഷേധിച്ചു. ഇതോടെ ക്യാപ്റ്റന്‍ സീറ്റില്‍നിന്ന് എണീറ്റ് തന്റെ അടുത്തുവരികയും കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഉടന്‍ താന്‍ ഇവിടെനിന്നും പുറത്തുകടന്നതായും യുവതി പരാതിയില്‍ പറഞ്ഞു. അമൃത്സറില് വിമാനം ഇറങ്ങിയപ്പോള്‍ പൈലറ്റ് അടുത്തുവരികയും ഫോണ്‍ നമ്പർ ആവശ്യപ്പെടുകയും ശല്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. വിമാനം ഇറങ്ങിയ വിമാനത്താവളത്തിലെല്ലാം ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയെന്നും പരാതിയില്‍ പറയുന്നു. ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയപ്പോള്‍ ആലിംഗനം ചെയ്യാനും പൈലറ്റ് മുതിര്‍ന്നെന്ന് യുവതി പറയുന്നു. വിവരം സഹപ്രവര്‍ത്തകരെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha


























