പത്തനംതിട്ട കോന്നി ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർത്ഥികൾ കടൽ കാണാനെത്തിയത് കൊല്ലം ബീച്ചിൽ; കാൽ നനയ്ക്കുന്നതിനിടെ പെൺകുട്ടിയുടെ ബാഗ് തിരയിൽപ്പെട്ടതോടെ ആൺ സുഹൃത്തും പിന്നാലെ രക്ഷിക്കാനെത്തി തിരയിലകപ്പെട്ടു:- ഇരുവർക്കും രക്ഷകരായെത്തിയത് മത്സ്യത്തൊഴിലാളികൾ

ബീച്ചിലെത്തിയ കോളേജ് വിദ്യാർത്ഥികൾ തിരയിലകപ്പെട്ടതോടെ രക്ഷകരായെത്തിയത് മത്സ്യത്തൊഴിലാളികൾ. ഉച്ചയ്‌ക്ക് 12.30ന് കൊല്ലം ബീച്ചിന്റെ പടിഞ്ഞാറുഭാഗത്താണ് സംഭവം നടന്നത്. പത്തനംതിട്ട കോന്നി ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികളാണു തിരയിൽപ്പെട്ടത്. രാവിലെ 10 മണിയോടെയാണ് ഇരുവരും ബീച്ചിലെത്തിയത്. തിരയിലകപ്പെട്ട ബാഗ് എടുക്കാൻ ശ്രമിച്ച പെൺകുട്ടി കടലിൽ വീഴുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആൺകുട്ടിയും തിരയിൽപ്പെട്ടു. ബഹളം കേട്ട് ഉടൻ മത്സ്യത്തൊഴിലാളികൾ ഓടിയെത്തിയതിനാലാണ് ഇരുവരെയും രക്ഷപ്പെടുത്താനായത്.
ഇവരെ സമീപത്തെ വീടുകളിലെത്തിച്ച് അഴുക്ക് പുരണ്ട വസ്‌ത്രം മാറുന്നതിനും കുളിക്കുന്നതിനും തൊഴിലാളികൾ സൗകര്യമൊരുക്കി. പള്ളിത്തോട്ടം പൊലീസ് പെൺകുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഉറപ്പു വരുത്തി. തുടർന്ന് ഇരുവരെയും സ്റ്റേഷനിലേക്കു മാറ്റി. പിന്നീട് രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പമാണു വീട്ടിലേക്ക് അയച്ചത്. കഴിഞ്ഞ മാർച്ച് 24നു കൊട്ടിയം പറക്കുളം സ്വദേശികളായ യുവദമ്പതികളും കഴിഞ്ഞ 17നു കുണ്ടറ പള്ളിമൺ പുലിയില സ്വദേശിയായ കോളജ് വിദ്യാർഥിനിയും ഇവിടെ തിരയിൽപ്പെട്ടു മരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























