കേരളത്തെ കാത്തിരിക്കുന്നത് ഉപതിരഞ്ഞെടുപ്പ് കാലം; ലോക്‌സഭ മണ്ഡലങ്ങള്‍ പിടിക്കാന്‍ ഇരുമുന്നണികളും കളത്തിലിറക്കിയ എം.എല്‍.എമാരെല്ലാം വിജയിച്ചാല്‍ വരാന്‍ പോകുന്നത് ഉപതെരഞ്ഞെടുപ്പുകളുടെ പൂരം

ലോക്‌സഭ മണ്ഡലങ്ങള്‍ പിടിക്കാന്‍ ഇരുമുന്നണികളും കളത്തിലിറക്കിയ എം.എല്‍.എമാരെല്ലാം വിജയിച്ചാല്‍ വരാന്‍ പോകുന്നത് ഉപതെരഞ്ഞെടുപ്പുകളുടെ പൂരം. ഒമ്പത് എം.എല്‍.എമാരാണ് പോരിനിറങ്ങിയത്. ഇതില്‍ ആറുപേര്‍ എല്‍.ഡി.എഫില്‍ നിന്നും മൂന്നുപേര്‍ യു.ഡി.എഫില്‍ നിന്നുമാണ്. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ എല്ലാവരും വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്.
ഇവരുടെ വിശ്വാസം യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്ത് ആറുമാസത്തിനകം വീണ്ടുമൊരു മിനി പൊതുതെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായ വീണാ ജോര്‍ജ് (പത്തനംതിട്ട), എ.എം. ആരിഫ് (ആലപ്പുഴ), എ. പ്രദീപ്കുമാര്‍ (കോഴിക്കോട്), പി.വി. അന്‍വര്‍ (പൊന്നാനി) എന്നിവരെ സി.പി.എമ്മും സി. ദിവാകരന്‍ (തിരുവനന്തപുരം), ചിറ്റയം ഗോപകുമാര്‍ (മാവേലിക്കര) എന്നിവരെ സി.പി.ഐയുമാണ് നിയോഗിച്ചത്. യു.ഡി.എഫില്‍നിന്ന് അടൂര്‍ പ്രകാശ് (ആറ്റിങ്ങല്‍), ഹൈബി ഈഡന്‍ (എറണാകുളം), കെ. മുരളീധരന്‍ (വടകര)എന്നിവരെ കോണ്‍ഗ്രസും പരീക്ഷിച്ചു. ഇവര്‍ എല്ലാവരും ജയിക്കാനിടയില്ലെങ്കിലും മൂന്നിലേറെ നിയമസഭ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് ആറ് മാസത്തിനകം വീണ്ടും ബൂത്തിലെത്തേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്.
ആകെ അഞ്ചു നിയമസഭ മണ്ഡലങ്ങളുള്ള പത്തനംതിട്ട ജില്ലയില്‍നിന്ന് മത്സരത്തിനിറങ്ങിയ മൂന്ന് എം.എല്‍.എമാരും വിജയിച്ചാല്‍ പത്തനംതിട്ടക്കാര്‍ക്ക് വീണ്ടുമൊരു മിനി പൊതുതെരഞ്ഞെടുപ്പാവും ഒത്തുവരിക. വീണാ ജോര്‍ജിന്റെ ആറന്മുള, ചിറ്റയം ഗോപകുമാറിന്റെ അടൂര്‍, അടൂര്‍ പ്രകാശിന്റെ കോന്നി എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരിക. എ.എം. ആരിഫ് അരൂരിനെയും എ. പ്രദീപ്കുമാര്‍ കോഴിക്കോട് നോര്‍ത്തിനെയും പി.വി. അന്‍വര്‍ നിലമ്പൂരിനെയും സി. ദിവാകരന്‍ നെടുമങ്ങാടിനെയുമാണ് പ്രതിനിധീകരിക്കുന്നത്. ഹൈബി ഈഡന്‍ എറണാകുളം, കെ. മുരളീധരന്‍ വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളുടെയും പ്രതിനിധികളാണ്.
https://www.facebook.com/Malayalivartha


























