തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാൽ അത് തിരുത്തണം,വാദിച്ച് ജയിക്കാൻ നിൽക്കരുത്’ ; പി കെ ശ്യാമളയെ കടന്നാക്രമിച്ച് ആന്തൂർ നഗരസഭാ വൈസ് ചെയർമാന്റെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂർ ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയതിനെ തുടർന്ന് വിഷയത്തിൽ സിപിഐഎമ്മിനെയും നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെയും പരോക്ഷമായി വിമർശിച്ച് ആന്തൂർ നഗരസഭ വൈസ് ചെയർമാൻ കെ. ഷാജു രംഗത്ത് . തന്റെ ഫേസ്ബുക് പോസ്റ്റിലോടെയാണ് ഇദ്ധേഹം വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത് .
തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാല്‍ അത് തിരുത്തണം .അല്ലാതെ വാദിക്കാനോ ജയിക്കാനോ നില്‍ക്കരുതെന്നുമാണ് കെ. ഷാജു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. വിരൽ ചൂണ്ടുന്ന ചിത്രം സഹിതമാണ് ഫേസ്ബുക്ക് പോസ്റ്റ്.എന്നാൽ ഇത് വിവാദമായതോടെ, കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടായ ഷാജു കോമറേഡില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് പിന്നീട് പിൻവലിക്കുകയായിരുന്നു . ഏകദേശം ഒരുമണിക്കൂര്‍ മാത്രമാണ് പോസ്റ്റ് കാണാൻ കഴിഞ്ഞത്. എന്നാൽ താൻ ഒന്നും ഉദ്ദേശിച്ചല്ല പോസ്റ്റിട്ടതെന്നാണ് ഷാജുവിന്റെ വിശദീകരണം.
നേരത്തെ പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെട്ട പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും കെ. ഷാജു പി.കെ. ശ്യാമളയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പ്രവാസിയുടെ ആത്മഹത്യയില്‍ 'വളരുന്ന ആന്തൂര്‍' എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ ശ്യാമളയെ വിമര്‍ശിച്ച ഇദ്ദേഹം ആ ഗ്രൂപ്പില്‍നിന്ന് പുറത്തുപോവുകയും ചെയ്തിരുന്നു. ദിവസങ്ങളായി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിലനിന്നിരുന്ന ഈ പ്രതിഷേധമാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലെ പരസ്യ പ്രതികരണത്തിലൂടെ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ പാർട്ടിയിൽ നിന്നും തന്നെ ഉയർന്നിരുന്നു. നഗരസഭാ അധ്യക്ഷക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐഎം ഏരിയ നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും ശ്യാമളക്കെതിരെ നടപടി വേണ്ടെന്ന നിലപാടാണ് ജില്ലാ നേതൃത്വം സ്വീകരിച്ചത്.
പി.കെ. ശ്യാമളയുടെ ഭര്‍ത്താവും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി. ഗോവിന്ദനെതിരെ തളിപ്പറമ്പ് എം.എല്‍.എ. ജയിംസ് മാത്യുവും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ എം.വി. ഗോവിന്ദന്‍ ഇടപെട്ടതാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തടസമായതെന്നും അദ്ദേഹത്തിന്റെ ഈഗോയാണ് പ്രശ്‌നം വഷളാക്കിയതെന്നുമാണ് ജെയിംസ് മാത്യു കഴിഞ്ഞദിവസം സി.പി.എം. സംസ്ഥാനസമിതിയില്‍ ആരോപിച്ചത്.
നഗരസഭയുടെ അധ്യക്ഷ എന്ന നിലയിൽ ഉദ്യോഗസ്ഥരെ തിരുത്താനോ വേണ്ട രീതിയിൽ ഇടപെടാനോ ശ്യാമളയ്ക്ക് കഴിഞ്ഞില്ലെന്ന് സിപിഐഎം മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ പറഞ്ഞിരുന്നു. സെക്രട്ടറിയുടെ ക്രൂര സമീപനമാണ് എല്ലാത്തിനും കാരണമെന്നും സെക്രട്ടറിയും ഉദ്യോഗസ്ഥരും നിയമപരമായി കുറ്റക്കാരാണെന്നും അവർ നടപടി നേരിടണമെന്നും . പാർട്ടിയിൽ വിഭാഗീയതയില്ലെന്നും പാർട്ടിയിലുള്ളവർക്ക് തെറ്റ് പറ്റിയാൽ തിരുത്തുമെന്നും പി.ജയരാജൻ പറഞ്ഞിരുന്നു .
അതേസമയം , സംഭവത്തിൽ പി.കെ. ശ്യാമളയ്ക്ക് ക്ലീന്‍ചിറ്റ് നൽകി കോടിയേരിയും രംഗത്തെത്തിയിരുന്നു. വീഴ്ച ഉദ്യോഗസ്ഥ തലത്തില്‍ മാത്രമെന്നും പ്രശ്നത്തില്‍ ശ്യാമളയ്ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും കോടിയേരി സംസ്ഥാന സമിതിയെ അറിയിച്ചിരുന്നു .
https://www.facebook.com/Malayalivartha



























