ഇനിയെങ്കിലും ദുഷ്പ്രചരണം നിർത്തണം; പിഎസ്‌സി വഴി ജോലി കിട്ടിയ എല്ലാ സഖാക്കളെയും അപമാനിക്കരുത്; സര്‍ക്കാരിനെ പരിഹസിച്ച് ജയശങ്കര്‍

പി എസ് എസി പരീക്ഷയിൽ ക്രമക്കേട് നടന്ന സംഭവത്തിൽ സംസ്ഥാന സര്‍ക്കാറിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ എ ജയശങ്കര്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ചില വിദ്യാർത്ഥി സഖാക്കൾ സുതാര്യമായി പരീക്ഷ എഴുതി ഉയർന്ന റാങ്ക് നേടിയതിൽ അസ്വാഭാവികമായി ആദ്യം ഒന്നും കണ്ടെത്തിയില്ലെങ്കിലും വിശദമായ അന്വേഷണത്തിൽ ചില പൊരുത്തക്കേടുകൾ കണ്ടുപിടിച്ചു. അതില്‍ പാര്‍ട്ടിയും സര്‍ക്കാറും ചില നടപടികള്‍ സ്വീകരിച്ചു. അധിലധികം എന്തുചെയ്യാനാണെന്നാണ് ജയശങ്കര്‍ പരിഹാസത്തോടെ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ;
ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ.. എന്നെ കല്ലെറിയല്ലേ... ഇന്നാട്ടിലെ തൊഴിലില്ലാത്ത അഭ്യസ്തവിദ്യരുടെ ആശാകേന്ദ്രമാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ. ആ മഹാ സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കാൻ ചില തല്പര കക്ഷികളും കുത്തക പത്രങ്ങളും നടത്തുന്ന ശ്രമം തിരിച്ചറിയണം. പിഎസ്‌സി എല്ലാ പരീക്ഷയും സത്യസന്ധമായാണ് നടത്തുന്നത്. സിവിൽ പോലീസ് ഓഫീസർ പരീക്ഷയും സുതാര്യ സുന്ദരമായി തന്നെ നടന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ചില വിദ്യാർത്ഥി സഖാക്കൾ സുതാര്യമായി പരീക്ഷ എഴുതി ഉയർന്ന റാങ്ക് നേടിയതിൽ അസ്വാഭാവികമായി ഒന്നും കണ്ടില്ല. വിശദമായ അന്വേഷണത്തിൽ ചില പൊരുത്തക്കേടുകൾ കണ്ടുപിടിച്ചു. പക്ഷേ അതിനും എത്രയോ മുമ്പ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചു വിട്ടു, കോപ്പിയടിച്ചവരെ പാർട്ടി പുറത്താക്കി. അവരെ റാങ്ക് ലിസ്റ്റിൽ നിന്ന് പിഎസ്‌സിയും പുറത്താക്കി. ഇതിലധികമായി ഞങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? ഇനിയെങ്കിലും ദുഷ്പ്രചരണം നിർത്തണം. പിഎസ്‌സി വഴി ജോലി കിട്ടിയ എല്ലാ സഖാക്കളെയും അപമാനിക്കരുത് എന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
പിഎസ്‌സി പരീക്ഷയിലെ ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റാണ് അന്വേഷിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പിഎസ്‌സി കത്ത് നല്‍കിയിരുന്നു. വിവിധ ബറ്റാലിയനുകളിലായുള്ള സിവില്‍ പോലീസ് ഓഫീസര്‍മാരുടെ എട്ട് റാങ്ക് ലിസ്റ്റുകളിലെ ആദ്യ 100 റാങ്കില്‍ ഉള്‍പ്പെട്ടവരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോട് പിഎസ്‌സി നേരത്തെ ആവശ്യപ്പെട്ടിരുന്നു. യൂണിവേഴ്‌സിറ്റി കത്തിക്കുത്ത് കേസിലെ പ്രതികള്‍ ഫോണ്‍ ഉപയോഗിച്ച് പരീക്ഷ എഴുതിയെന്ന പിഎസ്‌സി അന്വേഷണത്തില്‍ സൂചന ലഭിച്ച സാഹചര്യത്തിലാണ് മറ്റുള്ളവരുടെ വിവരങ്ങളും പരിശോധിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടത്.
പബ്ലിക് സര്‍വീസ് കമ്മിഷന്‍ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് എതെങ്കിലും ക്രമക്കേട് നടന്നാല്‍ കുറ്റവാളികള്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. പബ്ലിക് സര്‍വീസ് കമ്മിഷന്റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ പിഎസ്‌സിക്ക് ആഭ്യന്തര വിജിലന്‍സ് സംവിധാനമുണ്ട്. നിയമപരമായ നടപടി വേണമെന്ന് നിശ്ചയിക്കുന്നത് പിഎസ്‌സിയാണ്. പിഎസ്‌സി വിജിലന്‍സ് കണ്ടെത്തിയ വിവരങ്ങള്‍ പൊലീസിന് കൈമാറുമെന്ന് പിഎസ്‌സി ബോര്‍ഡ് യോഗം പ്രഖ്യാപിച്ചിട്ടുണ്ട്. പഴുതടച്ച അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പ്രതിവര്‍ഷം പിഎസ്‌സി ഇരുന്നൂറോളം പരീക്ഷകള്‍ നടത്തുകയും ഒരു കോടിയിലധികം അപേക്ഷ കൈകാര്യം ചെയ്യുകയും ചെയ്യുന്നുണ്ട്. പരീക്ഷാ നടത്തിപ്പിന് വ്യക്തമായ ചട്ടങ്ങളും നടപടിക്രമവുമുണ്ട്. പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് വന്നെന്നായിരുന്നു ആക്ഷേപം. ചില വ്യക്തികള്‍ തെറ്റായ മാര്‍ഗത്തിലൂടെ ഉത്തരം എഴുതിയോ എന്നാണ് പിഎസ്‌സിയുടെ വിജിലന്‍സ് പരിശോധിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ അവരെ അയോഗ്യരാക്കി. പിഎസ്‌സി മാത്രമല്ല രാജ്യത്തെ ഒരു റിക്രൂട്ടിംഗ് ഏജന്‍സിയുടെ പരീക്ഷയും അവര്‍ക്ക് ഇനി എഴുതാന്‍ സാധിക്കില്ല.
2003ല്‍ ലക്ഷക്കണക്കിനു പേര്‍ എഴുതിയ എല്‍ഡിസി പരീക്ഷ ക്രമക്കേടിനെ തുടര്‍ന്ന് റദ്ദാക്കിയിട്ടുണ്ട്. ചോദ്യക്കടലാസ് ചോര്‍ന്നെന്നാണ് അന്ന് കണ്ടെത്തിയത്. 2010ല്‍ എസ് ഐ പരീക്ഷയും റദ്ദാക്കി. അന്നും ആഭ്യന്തര വിജിലന്‍സാണ് അന്വേഷണം നടത്തിയത്. പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു. ഒരു പ്രൊഫഷണല്‍ സ്ഥാപനമെന്ന നിലയില്‍ പിഎസ്‌സിയുടെ പ്രൊഫഷണലിസം ഏതെല്ലാം തരത്തില്‍ മെച്ചപ്പെടുത്താമെന്നു പരിശോധിക്കും. മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























