രാത്രിയിൽ കോരിച്ചൊരിയുന്ന മഴയത്ത് ഓടി കിതച്ച് പോലീസ് സ്റ്റേഷനിൽ എത്തിയ പയ്യന്മാരെ കണ്ട് പോലീസ് അമ്പരന്നു; വന്ന കാര്യം അറിഞ്ഞപ്പോൾ പോലീസിന്റെ വക സല്യൂട്ട്; സംഭവം ഇങ്ങനെ

രാത്രി കോരിച്ചൊരിയുന്ന മഴ അവഗണിച്ച് അപരിചിതരായ രണ്ടു കുട്ടികള്‍ സ്‌റ്റേഷനിലേക്കു കയറി വന്നപ്പോള്‍ പൊലീസുകാര്‍ ഞെട്ടി. വന്ന കാര്യം അറിഞ്ഞതോടെ ഉദ്യോഗസ്ഥര്‍ കുട്ടികൾക്ക് നൽകിയത് സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട്. 26,240 രൂപ ഉള്‍പ്പെട്ട കളഞ്ഞുകിട്ടിയ പഴ്‌സ് തിരികെ നല്‍കാനായിരുന്നു രണ്ടു ആണ്‍കുട്ടികള്‍ എത്തിയത്. പാലക്കാട് ഒറ്റപ്പാലം പള്ളിപ്പറമ്പിൽ ല്‍ ബാവയുടെ മകന്‍ മുഹമ്മദ് സഫ്‌വാനും(13) ആര്‍എസ് റോഡ് ചുള്ളിപ്പള്ളിയാലില്‍ ഷെറീഫിന്റെ മകന്‍ മുഹമ്മദ് നൗഷിഫും (15) ആണ് കളഞ്ഞു കിട്ടിയ പഴ്സ് പോലീസിന് കൈ മാറിയത്. പേഴ്‌സ് പൊലീസിന്റെ സഹായത്തോടെ കുട്ടികള്‍ ഉടമയ്ക്ക് കൈമാറി. ഒറ്റപ്പാലം എന്‍എസ്‌എസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണു മുഹമ്മദ് സഫ്‌വാനും മുഹമ്മദ് നൗഷിഫും.
കഴിഞ്ഞ ദിവസം രാത്രി ടൗണിലെ വേങ്ങേരി അമ്പലത്തിനു സമീപമുള്ള റോഡിൽ നിന്നുമാണ് പണമടങ്ങിയ പഴ്‌സ് കിട്ടിയത്. ഉടൻ തന്നെ ഇരുവരും പണവുമായി നേരെ പൊലീസ് സ്‌റ്റേഷനിലേക്ക് പോകുകയായിരുന്നു. പഴ്‌സിലുണ്ടായിരുന്ന രേഖകളില്‍നിന്നാണു സിഐ എം സുജിത്തും എസ്‌ഐ എസ് അനീഷും ഉടമയെ കണ്ടെത്തിയത്. നഗരത്തിലെ വ്യാപാരിയും മുരുക്കുംപറ്റ സ്വദേശിയുമായ ഷാഹുല്‍ ഹമീദ് രാത്രി തന്നെ സ്‌റ്റേഷനിലെത്തി പണമടങ്ങിയ പഴ്‌സ് കൈപ്പറ്റി. കടയടച്ചു പോകുന്നതിനിടെയാണു പഴ്‌സ് വീണുപോയതെന്നു ഷാഹുല്‍ ഹമീദ് പൊലീസിനോടു പറഞ്ഞു.
https://www.facebook.com/Malayalivartha

























