മഴയുടെ താണ്ഡവം; മലബാര്‍ മേഖലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍ഡിആര്‍എഫ്) പത്തു ടീമിനെ കൂടി സംസ്ഥാനം ആവശ്യപ്പെട്ടു; ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മലബാര്‍ മേഖലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍ഡിആര്‍എഫ്) പത്തു ടീമിനെ കൂടി സംസ്ഥാനം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗത്തിലാണ് തീരുമാനം. ദുരന്ത നിവാരണ സേനയുടെ 10 യൂണിറ്റിനെ വിളിക്കാനാണ് തീരുമാനിച്ചത്. സംസ്ഥാനത്താകെ 1385പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇതുവരെ 29 ക്യാമ്പുകൾ തുറന്നു.
നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും ഓരോ ടീമിനെ നേരത്ത അയച്ചിരുന്നു. ആവശ്യപ്പെട്ട പത്തില്‍ ഏഴു ടീമിനെ കൂടി ഇന്നു വൈകിട്ട് ലഭിക്കും. മഴ തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മൂന്നാറിലും നിലമ്പൂരിലും എൻ.ഡി.ആർ.എഫ് സംഘം രക്ഷാദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇപ്പോൾ തന്നെ സജീവമാണ്. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും സേനയുടെ സേവനം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സർക്കാർ അറിയിച്ചു. എന്നാൽ, അതീവ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കെല്ലാം നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നാല് ജില്ലകളിലാണ് നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം കൊല്ലം ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും ഓറഞ്ച് അലർട്ടും നിലവിലുണ്ട്.
കനത്ത മഴയെ തുടർന്ന് നിലമ്പൂരിൽ വെള്ളപ്പൊക്കമുണ്ടായി. നിലമ്പൂർ ടൗണും പരിസര പ്രദേശങ്ങളുമാണ് വെള്ളത്തിൽ മുങ്ങിയത്. പലയിടത്തും വെള്ളപ്പൊക്കമുണ്ടായതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. നിലമ്പൂരിൽ വീടുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും ഒന്നാം നില പൂർണമായും വെള്ളത്തിനടിയിലാണ്. രണ്ടാൾപ്പൊക്കത്തിലാണ് ടൗണിൽ വെള്ളം പൊങ്ങിയിരിക്കുന്നത്.
തിരുവനന്തപുരത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍ പ്രവര്‍ത്തന സജ്ജമാണ്. അടിയന്തര സാഹചര്യം നേരിടാന്‍ അവിടെ പോലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, എന്‍ഡിആര്‍എഫ് എന്നീ വിഭാഗങ്ങളിലെ പ്രതിനിധികളെ കൂടി ഡ്യൂട്ടിക്ക് നിയോഗിച്ചു.
വയനാട്, മലപ്പുറം ജില്ലകളിലേക്ക് കൂടുതല്‍ ഫയര്‍ ആന്‍റ് റസ്ക്യൂ സേനയെ അയച്ചു. ഇന്നത്തെ കണക്കനുസരിച്ച് 1,385 പേര്‍ ദുരിതാശ്വാസ ക്യാംപിലുണ്ട്. വയനാട്ടിലാണ് ഏറ്റവും അധികം ക്യാംപുകള്‍ തുറന്നത്. 35 എണ്ണം. ഇടുക്കി അണക്കെട്ടില്‍ വെള്ളം തീരെ കുറവായതിനാല്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ജില്ലാ ഭരണകൂടത്തിന്‍റെ അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് മാറി താമസിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
മഴ തുടരുന്നുണ്ടെങ്കിലും ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് യോഗം വിലയിരുത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനമനുസരിച്ച് നാളെ കൂടി മഴയുണ്ടാവും. പല ജില്ലകളിലും കാറ്റില്‍ മരം വീണ് തടസ്സം ഉണ്ടായിട്ടുണ്ട്. ഫയര്‍ഫോഴ്സ് അത് നീക്കി കൊണ്ടിരിക്കുകയാണ്. വൈദ്യുതി തടസ്സം അപ്പപ്പോള്‍ ശരിയാക്കാന്‍ കെഎസ്ഇബിയും ശ്രമിക്കുന്നുണ്ട്.
യോഗത്തില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി. വേണു, ഫയര്‍ഫോഴ്സ് മേധാവി എ.ഹേമചന്ദ്രന്‍, എഡിജിപി മനോജ് എബ്രഹാം, ലാന്‍റ് റവന്യൂ കമ്മീഷണര്‍ സി.എസ്.ലത, ജലവിഭവ-ഊര്‍ജ്ജ സെക്രട്ടറി ഡോ. ബി.അശോക്, പിആര്‍ഡി ഡയറക്ടര്‍ യു.വി.ജോസ്, കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിന് സജ്ജരായിരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. വെളളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് പോയവരെയും സഹായം വേണ്ടവരെയും സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനും അടിയന്തിര സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും പോലീസ് രംഗത്തുണ്ടായിരിക്കും. ഒടിഞ്ഞ് വീഴുന്ന മരങ്ങളും മറ്റ് റോഡ് തടസ്സങ്ങളും നീക്കം ചെയ്ത് വാഹനഗതാഗതവും വാര്‍ത്താവിനിമയ സംവിധാനങ്ങളും പുന:സ്ഥാപിക്കുന്നതിന് പോലീസ് എല്ലാ സഹായവും നല്‍കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ഭരണകൂടങ്ങള്‍ എന്നിവയോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























