മാധ്യമപ്രവർത്തകനെ മദ്യപിച്ച് വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് അപകടം നടന്നത് ഓർമ്മയില്ല; ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയായ റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടര്‍മാര്‍- ശ്രീറാമിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീറിനെ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടര്‍മാര്‍. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയാണ് റെട്രൊഗ്രേഡ് അംനേഷ്യ. ഏതെങ്കിലും വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസിക അവസ്ഥയാണിതെന്നാണ് ഡോക്ടറര്‍മാര്‍ പറയുന്നത്. ഒരു പക്ഷെ സംഭവത്തെ കുറിച്ച് എന്നന്നേക്കുമായി മറന്ന് പോകാനും ചിലപ്പോൾ സമ്മര്‍ദ്ദം ഒഴിയുമ്പോൾ പതിയെ ഓര്‍ത്തെടുക്കാനും കഴിഞ്ഞേക്കും.
ശ്രീറാം വെങ്കിട്ടരാമന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തലകറക്കവും തലവേദനയും അനുഭവപ്പെടുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. അപകടത്തിൽ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. റിമാന്‍റിലായിരിക്കെ സര്‍ജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശ്രീറാം വെങ്കിട്ടരാമനെ പിന്നീട് ട്രോമ ഐസിയുവിലേക്കാണ് മാറ്റിയിരുന്നത്. എന്നാൽ ആന്തരിക പരിക്കുകൾ ഇല്ലെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. ട്രോമാ ഐസിയുവിൽ നിന്ന് നിലവിൽ ന്യൂറോ സര്‍ജറി നിരീക്ഷണ വാര്‍ഡിലേക്കാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയിട്ടുള്ളത്.
കെഎം ബഷീര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് റിമാന്‍റിലായ ശ്രീറാം വെങ്കിട്ടരാമൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയിയാരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെന്നും മാനസികാരോഗ്യ വിദഗ്ധന്‍റെ സേവനം ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതര്‍ നേരത്തെ വിശദീകരിച്ചിരുന്നു.അതേ സമയം കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വെള്ളിയാഴ്ച വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. വിഷയത്തില്‍ ശ്രീറാമിന് കോടതി നോട്ടീസ് അയയ്ക്കും.
വിഷയത്തില്‍ പോലീസിനെതിരെ കോടതിയുടെ ഭാഗത്തുനിന്ന് രൂക്ഷമായ പരാമര്‍ശങ്ങളാണ് ഉണ്ടായത്. ശ്രീറാമിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് പോലീസ് നടപടി ക്രമങ്ങള്‍ പാലിക്കാതിരുന്നതെന്ന് കോടതി ചോദിച്ചു. വൈദ്യപരിശോധന നടത്തി തെളിവ് ശേഖരിക്കാത്തതിന് ന്യായീകരണമില്ല. തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് തടഞ്ഞില്ലെന്നും കോടതി ചോദിച്ചു. ശ്രീറാമിനെതിരായ തെളിവുകള്‍ അയാള്‍ കൊണ്ടുവരും എന്ന് കരുതിയോ എന്ന് കോടതി ചോദിച്ചു.
മദ്യപിച്ചത് തെളിയാതിരിക്കാന്‍ കിംസിലെ ഡോക്ടര്‍മാരുമായി ശ്രീറാം ഗൂഢാലോചന നടത്തിയെന്ന് സര്‍ക്കാര്‍ വാദിച്ചു. ശ്രീറാമിനെ അപകടമുണ്ടായതിന് പിന്നാലെ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ എഴുതിയ കേസ് ഷീറ്റാണ് സര്‍ക്കാര്‍ കോടതിയില്‍ പ്രധാനമായും ഹാജരാക്കിയത്. ഇതില്‍ ആല്‍ക്കഹോള്‍ സ്‌മെല്‍ പോസിറ്റീവ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാണിച്ചപ്പോഴാണ് കോടതി പോലീസിനെ വിമര്‍ശിച്ചത്. ജനറല്‍ ആശുപത്രിയിലെ കേസ് ഷീറ്റില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അപ്പോള്‍ അവിടെയുണ്ടായിരുന്ന പോലീസ് ശ്രീറാമിന്റെ വൈദ്യപരിശോധന നടത്തിയില്ല എന്ന് കോടതി ചോദിച്ചു.
മദ്യപിച്ച് വാഹനമോടിക്കുമ്ബോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തുകൊണ്ട് പോലീസ് പാലിച്ചില്ലെന്ന് കോടതി ചോദിച്ചു. ശ്രീറാമിനെ ആശുപത്രിയില്‍ എത്തിച്ച പോലീസ് എന്തുകൊണ്ട് രക്തസാമ്ബിള്‍ എടുത്തില്ല. ശ്രീറാമിന് പരിക്കേറ്റിരുന്നുവെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കി. രക്തസാമ്ബിള്‍ എടുക്കാന്‍ എത്രസമയം വേണമെന്നാണ് കോടതി അപ്പോള്‍ ചോദിച്ചത്.
ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാകുറ്റം നിലനില്‍ക്കുമെങ്കിലും എന്തിന് ജാമ്യം റദ്ദാക്കണമെന്ന് കോടതി ചോദിച്ചു. അദ്ദേഹത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഇതിന് നല്‍കിയ മറുപടി. അപ്പോള്‍ എന്തിനാണ് ശ്രീറാമിനെ കസ്റ്റഡിയില്‍ വേണ്ടതെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ശ്രീറാം പോലീസിന് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാലാണ് കസ്റ്റഡിയില്‍ വേണ്ടതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കി.
കൂടെയുണ്ടായിരുന്ന വഫ ഫിറോസാണ് വാഹനമോടിച്ചതെന്നാണ് ശ്രീറാംപോലീസിനോട് പറഞ്ഞതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍പറഞ്ഞു. ഇതിന് ശേഷം വഫ ഫിറോസ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി കോടതിയില്‍ ഹാജരാക്കി. ശ്രീറാം വെങ്കിട്ടരാമനാണ് വാഹനമോടിച്ചതെന്നാണ് രഹസ്യമൊഴിയില്‍ പറയുന്നത്. ഇത് പരിശോധിച്ച കോടതി പോലീസിനെ വീണ്ടും വിമര്‍ശിച്ചു. ഇത്തരത്തില്‍ പോലീസിന്റെ വീഴ്ചകള്‍ കോടതി ഒരോന്നായി തുറന്നുകാട്ടി. അപകടം നടന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണോയെന്നു അപകടം നടന്ന റോഡില്‍ സിസിടിവി ഉണ്ടോയെന്നും കോടതി ആരാഞ്ഞു. ഗവര്‍ണര്‍ അടക്കം താമസിക്കുന്ന സ്ഥലത്ത് സിസിടിവി ഇല്ലെന്ന് എങ്ങനെ പറയും.സ്‌റ്റേറ്റ് അറ്റോര്‍ണിയാണ് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായത്.
https://www.facebook.com/Malayalivartha

























