സഭയില്‍ നിന്ന് അങ്ങനെയൊന്നും ഇറങ്ങിപ്പോവില്ല; നിയമപരമായി നേരിടും- സിസ്റ്റര്‍ ലൂസി കളപ്പുര

അച്ചടക്കലംഘനം ആരോപിച്ച് സഭയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി സിസ്റ്റര്‍ ലൂസി കളപ്പുര. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തില്‍ പങ്കെടുത്ത തന്നെ മഠം ഒറ്റപ്പെടുത്തി. ഭക്ഷണം പോലും തന്നില്ല.. ഒറ്റപ്പെടലിന്റെ ദിനങ്ങളാണ് കടന്നുപോയത്. സിസ്റ്റര്‍ ലൂസി പറയുന്നു.
സഭയില്‍ നിന്ന് അങ്ങനെയൊന്നും ഇറങ്ങിപ്പോവില്ല. നിയമപരമായി നേരിടും. സഭയ്ക്കകത്ത് ഇനി ജീവിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഉത്തരവ് ഇന്നലെ രാവിലെ നേരിട്ട് കൊണ്ടുവന്ന് തരികയായിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ മഠത്തില്‍നിന്നും മാറണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഉത്തരവ് വായിച്ചിട്ട് ഒപ്പുവയ്ക്കാം എന്ന് പറഞ്ഞപ്പോള്‍ എന്നോട് ദേഷ്യപ്പെടുകയാണുണ്ടായത്. വായിച്ചതിന് ശേഷം ഒപ്പിട്ട് നല്‍കും.
രാവിലെ ഒരു നേരം മാത്രമാണ് മഠത്തില്‍ നിന്ന് ആഹാരം കഴിച്ചിരുന്നത്. സ്‌കൂളിലെ ഭക്ഷണമായിരുന്നു ഏക ആശ്രയം. പുതിയതായി മഠത്തിലെത്തിയ ചില കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ ആരും സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. മഠത്തിലെ ജീവനക്കാരിയെ പറഞ്ഞു വിട്ട് മെസിന്റെ ചുമതല ഇവര്‍ സ്വയം ഏറ്റെടുത്തു. ഇതോടെ രാവിലെയും ഭക്ഷണം കഴിക്കാതെ പോകേണ്ട സാഹചര്യമുണ്ടായി. ഭക്ഷണം നല്‍കേണ്ട സമയംവരെ ഇവര്‍ മാറ്റി. തളര്‍ത്താന്‍ നിരവധി തവണ ചുറ്റുമുള്ളവര്‍ ശ്രമിച്ചു. പക്ഷേ, സത്യത്തിന്റെ ഭാഗത്ത് നിലകൊണ്ടതിനാല്‍ എപ്പോഴും പോസിറ്റീവ് ആയി മാത്രമേ കാര്യങ്ങളെ കണ്ടുള്ളൂ. ദൈവത്തെ വിളിച്ച് സന്തോഷത്തോടെയാണ് മഠത്തില്‍ കഴിഞ്ഞത്. ഇവിടെനിന്നുള്ള മോശമായ പെരുമാറ്റത്തെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകുകയായിരുന്നു. അപ്പോഴാണ് ഉത്തരവ് വന്നത്.
തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളൊന്നും സത്യമല്ല. മറ്റു മഠത്തിലുള്ളവരും ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുകയും വാഹനം ഓടിക്കുകയും ചെയ്യുന്നുണ്ട്. കാര്‍ വാങ്ങിയതില്‍ എന്നോട് മാത്രം ഇത്തരത്തില്‍ പെരുമാറുന്നത് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസില്‍ കന്യാസ്ത്രീകള്‍ക്കൊപ്പം നിലകൊണ്ടതിനാലാണ്. ഞാന്‍ എന്നും സത്യത്തോടൊപ്പമാണ്. ജോലി ചെയ്ത ശമ്ബളം കൊടുത്തില്ലെന്നത് വാസ്തവമാണ്. പക്ഷേ, അത് എന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ല. അത് സഭയ്ക്ക് നല്‍കേണ്ട തുകയാണ്. പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് തുക കൈമാറാതിരുന്നത്- സിസ്റ്റര്‍ ലൂസി വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha

























