മരണം 11; കേരളം വിറങ്ങലിച്ചു നില്‍ക്കുന്നു; 5 ഡാമുകള്‍ തുറന്നു; ഉരുള്‍പൊട്ടലില്‍ 40 പേര്‍ മണ്ണിനടിയില്‍; ചൂരല്‍ മലയിലെ സ്ഥിതി ഭയാനകം; മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുന്നു; പൂത്തുമലയില്‍ ഒലിച്ചുപോയത് 70 വീടുകള്‍;

മഴക്കെടുതിയില്‍ ഇതുവരെ മരിച്ചത് 15 പേര്‍. 5 ഡാമുകള്‍ തുറന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത മഴ പെയ്തതോടെ മലബാറിലെ മലയോരമേഖലയില്‍ പ്രളയസമാനമായ സാഹചര്യമാണ് ഉള്ളത്. വയനാട് മേപ്പാടിക്കടുത്ത് പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും നിരവധിയാളുകളെ കാണാതായി. പൂത്തുമലയില്‍ ഒലിച്ചുപോയത് 70 വീടുകളെന്നാണ് നാട്ടുകാര്‍ പറയുന്നത്.
.
ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി പുത്തുമല പച്ചക്കാട്ടിലെ സ്ഥിതി ഗുരുതരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 15 പേരെയാണ് ഇവിടെ ഇതുവരെ രക്ഷപ്പെടുത്തിയത്. എട്ടുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമാണ് വിവരം. വൈകിട്ട് അഞ്ചോടെയാണ് അതിഭീകര ഉരുള്‍പൊട്ടലുണ്ടായത്. രണ്ടു എസ്റ്റേറ്റു പാടിയും പള്ളിയും അന്പലവും മറ്റു സ്ഥാപനങ്ങളും ഉള്ള പ്രദേശത്താണ് ഉരുള്‍പൊട്ടിയത്. പുത്തുമലയുടെ ഒരു ഭാഗം അപ്പാടെ താഴേക്ക് ഒലിച്ചുപോകുകയായിരുന്നു. പുത്തുമല പച്ചക്കാട്ടിലെ ചായക്കടയില്‍ ഉണ്ടായിരുന്നവര്‍ ഭീകര ദൃശ്യം കണ്ട് ഓടി രക്ഷപ്പെട്ടു. തേയിലത്തോട്ടത്തില്‍ ജോലിക്കെത്തിയ അസം സ്വദേശികളടക്കം മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ ആളുകള്‍ മണ്ണിനടിയില്‍ പെട്ടതായാണു വിവരം. റോഡുകളെല്ലാം ഒലിച്ചു പോയതിനാല്‍ രാത്രി 9.30-നും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല. വയനാട് എസ്പിയുടെ നേതൃത്വത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനും സംഭവ സ്ഥലത്തേക്ക് എത്താന്‍ ശ്രമിക്കുകയാണ്. ജെസിബി ഉപയോഗിച്ച് ഗതാഗത തടസം നീക്കാന്‍ ശ്രമിയെങ്കിലും റോഡ് ഇടിയുന്നതിനാല്‍ അതു വിഫലമാകുകയാണ്.
ഇങ്ങോട്ടേക്കുള്ള ഗതാഗതം ദുഷ്‌കരമാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവസ്ഥലത്ത് എത്തിച്ചേരാനായിട്ടില്ല. തേയില എസ്റ്റേറ്റിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ളത്. മണ്ണിടിച്ചിലില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന ലയം മണ്ണിനടിയിലായി. പള്ളിയും അന്പലവും വാഹനങ്ങളും പോസ്റ്റ്ഓഫീസും ചായക്കടയും മണ്ണിനടിയിലായതായാണു വിവരം. സൈന്യവും ദുരന്തനിവാരണ സേനയും ഇങ്ങോട്ടേക്കു പുറപ്പെട്ടിട്ടുണ്ട്. ദുരന്തനിവാരണസേന സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായി കല്‍പ്പറ്റ എംഎല്‍എ സി.കെ. ശശീന്ദ്രന്‍ അറിയിച്ചു. കണ്ണൂരില്‍നിന്നു വയനാട്ടിലേക്കു പുറപ്പെട്ട സൈന്യത്തോടു സംഭവസ്ഥലത്തേക്ക് പോവാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. രാത്രി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകടമേഖലകളില്‍നിന്ന് ആളുകളോട് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലാണ്. മഴക്കെടുതിയില്‍ മൂന്നുപേരാണു വയനാട്ടില്‍ മരിച്ചത്. വയനാട് മുട്ടില്‍ പഴശികോളനിയിലെ സുമേഷ്, പ്രീനു എന്നിവര്‍ ഉരുള്‍പൊട്ടലില്‍ മരിച്ചു. പനമരത്ത് വീടൊഴിയുന്നതിനിടെ കാക്കത്തോട് കോളനിയിലെ മുത്തു കുഴഞ്ഞുവീണു മരിച്ചു
മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് വനം ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂം തുടങ്ങി. വനമേഖലയിലുണ്ടാകുന്ന മഴക്കെടുതി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനും അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് ഇത്. വനം ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി വനം മന്ത്രി അഡ്വ.കെ.രാജു അറിയിച്ചു.
ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ആവശ്യമുള്ള അവശ്യ സാധനങ്ങള്‍ ജില്ലാ ഭരണകൂടം എത്തിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍, ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്ത് അവശ്യ വസ്തുക്കള്‍ ഇവര്‍ക്ക് നല്‍കുന്നതിനായി സുമനസുകളുടെ സഹകരണങ്ങളും ജില്ലാ ഭരണകൂടം തേടിയിട്ടുണ്ട്.
കനത്ത മഴയില്‍ മലയിടിച്ചില്‍ ഭീഷണിയിലാണ് നിലമ്പൂരിലെ മലയോര പ്രദേശങ്ങള്‍. കഴിഞ്ഞ പ്രളയത്തില്‍ മലയിടിച്ചിലുണ്ടായ ആഡ്യന്‍പാറയടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ ഭീതിയിലാണ്. വയനാട് മേപ്പാടിയില്‍ വനത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ ചാലിയാര്‍ പുഴ നിറഞ്ഞ് കവിഞ്ഞതോടെ മുണ്ടേരി, ഭൂതാനം, പങ്കയം പ്രദേശങ്ങള്‍ വെള്ളത്തിലായി.
നെടുമ്പാശേരി വിമാനത്താവളം നാളെ രാവിലെ ഒന്‍പത് മണി വരെ അടച്ചു കൊച്ചി നെടുമ്പാശേരി വിമാനത്താവളം നാളെ രാവിലെ ഒന്‍പത് മണി വരെ അടച്ചു. റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ഇത്. ഇവിടെ നിന്നും വെള്ളം പുറത്തേക്ക് കളയാനുള്ള ശ്രമമാണ് നടക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. റണ്‍വേ നാളെ രാവിലെ 6 ന് വീണ്ടും പരിശോധിക്കും.
വനം ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു വന്നിരുന്ന ഫയര്‍ കണ്‍ട്രോള്‍ റൂമുകളെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കണ്‍ട്രോള്‍ റൂമുകളാക്കി മാറ്റിയിട്ടുണ്ട്. നമ്പരുകള്‍:- വനം ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂം - 04712529365. പ്രളയ കണ്‍ട്രോള്‍ റൂം 04712529247 ടോള്‍ ഫ്രീ നമ്പര്‍ 18004254733
"
https://www.facebook.com/Malayalivartha

























