പെരിങ്ങല്‍ക്കുത്തില്‍ നിന്ന് 400 ക്യുസെക്‌സ് വെള്ളമെത്തും; പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തുറന്നു; ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

കനത്ത മഴയെ തുടർന്ന് ഭൂതത്താന്‍കെട്ട്, മലങ്കര അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. ചാലക്കുടി പുഴയിലേക്ക് പെരിങ്ങല്‍കുത്ത് ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുകിയെത്തുമെന്ന് അധികൃതര്‍ അറിയിച്ചു .പറമ്പിക്കുളം ഡാമില്‍ നിന്ന് ആളിയാറിലേക്ക് വെള്ളം തുറന്നു വിടുന്ന കനാലില്‍ തടസം നേരിട്ടതിനെ തുടര്‍ന്ന് ഇവിടെ നിന്നും തുറന്നു വിട്ട വെള്ളം പൊരിങ്ങല്‍ക്കൂത്ത് ഡാമിലേക്കെത്തും. 400 ഘനയടി വെള്ളമാണ് രണ്ട് മണിക്കൂറിനുള്ളില്‍ പൊരിങ്ങല്‍കുത്തില്‍ എത്തുക.
മൂന്നര മണിക്കൂറിനുള്ളില്‍ ചാലക്കുടിയിലും വെള്ളമെത്തും. ഉച്ചതിരിഞ്ഞ് ചാലക്കുടി പുഴയിലെ ജലനിരപ്പ് അരയടി ഉയരും. ഷോളയാല്‍ ഡാം തുറക്കാതെ ഇവിടെ വെള്ളപ്പൊക്കമുണ്ടാവുന്നത് ആദ്യമാണ്. അതുകൊണ്ട് തന്നെ ചാലക്കുടി പുഴയുടെ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി. ഷോളയാറില്‍ ഇപ്പോള്‍ സംഭരണ ശേഷിയുടെ 38 ശതമാനം വെള്ളമാണുള്ളത്. ചാലക്കുടിയില്‍ ഇതുവരെ 12 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha


























