മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ മൊഴി രേഖപ്പെടുത്തി; വിരലടയാളം ശേഖരിച്ചു

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ മൊഴി രേഖപ്പെടുത്തി വിരലടയാളം ശേഖരിച്ചു. കേസിന്റെ തുടക്കത്തില്‍ വീഴ്ച സംഭവിച്ചതായുളള ആക്ഷേപം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ അന്വേഷണം ആദ്യം മുതല്‍ ആരംഭിക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ശ്രീറാമിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയത്.
അപകടം നടന്ന് ഉടന്‍ തന്നെ ശ്രീറാമിന്റെ രക്തപരിശോധന നടത്താതിരുന്നതും വിരലടയാളം ശേഖരിക്കാതിരുന്നതും ഉള്‍പ്പെടെ പൊലീസിന്റെ ഭാഗത്ത് നിന്ന് നിരവധി വീഴ്ചകള്‍ ഉണ്ടായതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേസില്‍ ശ്രീറാമിന് പെട്ടെന്ന് തന്നെ ജാമ്യം ലഭിച്ചത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ പൊലീസിനെതിരെ വിമര്‍ശനമായും ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം ആദ്യമുതല്‍ ആരംഭിക്കാന്‍ പൊലീസ് തീരുമാനിച്ചത്. കേസില്‍ പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചകള്‍ ഉള്‍പ്പെടെ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് ശ്രീറാമിന്റെ മൊഴിയെടുത്തത്.
ശ്രീറാം ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളേജില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തുകയും വിരലടയാളം ശേഖരിക്കുകയും ചെയ്തത്. വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ശ്രീറാമിന് പുറമേ വഫ ഫിറോസിന്റെ മൊഴി രേഖപ്പെടുത്താനും പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ശ്രീറാമിനെ ആദ്യം ചികിത്സിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ സാക്ഷിയാക്കിയും മറ്റും അന്വേഷണം കുറ്റമറ്റതാക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
https://www.facebook.com/Malayalivartha
























