ചെങ്കൊടി പിടിച്ച വര്‍ഗവഞ്ചകനായ പിണറായി വിജയനെ തിരിച്ചറിയണം; വയനാട് പ്രസ് ക്ലബിലേക്ക് മാവോവാദികളുടെ പ്രതിഷേധക്കുറിപ്പ്; ജനകീയ മാവോവാദി വിപ്ലവകാരികളെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ ഭരണകൂടനടപടിയെ അപലപിക്കുന്നു എന്ന് കുറിപ്പ് ആരംഭിക്കുന്നു

വയനാട് പ്രസ് ക്ലബിലേക്ക് മാവോവാദികളുടെ പ്രതിഷേധക്കുറിപ്പ്. ഭരണകൂടഭീകരതക്കെതിരെ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് സി.പി.ഐ. മാവോയിസ്റ്റ് നാടുകാണി ഏരിയ വക്താവ് അജിതയുടെ പേരിലാണ് കുറിപ്പ് ലഭിച്ചത്. ജനകീയ മാവോവാദി വിപ്ലവകാരികളെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ ഭരണകൂടനടപടിയെ അപലപിക്കുന്നു എന്നുപറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ചെങ്കൊടി പിടിച്ച വര്‍ഗവഞ്ചകനായ പിണറായി വിജയനെ തിരിച്ചറിയണമെന്നും കുറിപ്പില്‍ പറയുന്നു.
അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തോടെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടുന്ന കപട കമ്യൂണിസ്റ്റുകാർ ഹിന്ദുത്വ ഫാഷിസ്റ്റ് നരേന്ദ്രമോദിയുടെ പാദസേവകരാണെന്ന് ഒരിക്കൽകൂടി തെളിയിച്ചതായി സിപിഐ (മാവോയിസ്റ്റ്) നാടുകാണി ഏരിയ സമിതിയുടെ പത്രക്കുറിപ്പ്. അട്ടപ്പാടിയിൽ ഏറ്റുമുട്ടലിൽ 4 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിനു ശേഷം ആദ്യമായാണ് സംഘടനയുടെ പ്രതികരണം.
സംഘടനയ്ക്കു വേണ്ടി വക്താവ് അജിതയാണ് പത്രക്കുറിപ്പ് തയാറാക്കിയിരിക്കുന്നത്. ഏറ്റുമുട്ടലുകളിൽ ജീവൻ നഷ്ടപ്പെടുന്നതു ന്യായീകരിക്കാനാകില്ലെന്നു പറയുന്ന മുഖ്യമന്ത്രി തന്നെ തണ്ടർബോൾട്ടുകൾ സ്വയരക്ഷയ്ക്കു വെടിയുതിർത്തതാണെന്നു പറയുന്നത് ഇരട്ടത്താപ്പാണ്. അങ്ങനെയെങ്കിൽ പുന്നപ്ര–വയലാർ തുടങ്ങിയ ജനകീയ പോരാട്ടങ്ങൾക്കു നേരെ ബ്രിട്ടീഷുകാർ വെടിവച്ചത് സ്വയരക്ഷയ്ക്കാണെന്നു പറയേണ്ടിവരും.
കൂത്തുപറമ്പിൽ 5 ചെറുപ്പക്കാരെ വെടിവച്ചുകൊന്നതും അങ്ങനെയാണെന്നു പറയേണ്ടിവരും. കൂത്തുപറമ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പനെ ഉൾപ്പെടെ അപമാനിക്കുമ്പോൾ തന്നെ മറുവശത്തു രക്തസാക്ഷികളെ വിറ്റുകാശാക്കുന്നു. അട്ടപ്പാടിയിലെ ഭരണകൂട ഭീകരതയ്ക്കെതിരേ ജനാധിപത്യ–പൗരാവകാശ–മനുഷ്യാവകാശ സംഘടനകൾ തെരുവിലിറങ്ങണമെന്നും പത്രക്കുറിപ്പ് ആഹ്വാനം ചെയ്യുന്നു.
ചൊവ്വാഴ്ച രാവിലെയാണ് മാവോവാദികളുടെ പ്രതിഷേധക്കുറിപ്പ് തപാല്‍ മാര്‍ഗം വയനാട് പ്രസ് ക്ലബിലെത്തിയത്. മേപ്പാടിയില്‍നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കരുളായി ഏറ്റുമുട്ടലിന് ശേഷം കൊല്ലപ്പെട്ട മാവോവാദി നേതാവ് അജിതയുടെ പേരിലാണ് സാധാരണ കുറിപ്പുകള്‍ പുറത്തിറക്കാറുള്ളത്. ഇത്തവണയും അജിതയുടെ പേരില്‍ തന്നെയാണ് കുറിപ്പ് ലഭിച്ചിരിക്കുന്നത്.
അതേസമയം മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് ആസൂത്രിത പൊലീസ് നടപടിയിലൂടെയെന്ന സിപിഐ സംഘത്തിന്റെ റിപ്പോര്‍ട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സമര്‍പ്പിച്ചു. ഏറ്റുമുട്ടല്‍ എന്ന് പൊലീസ് അവകാശപ്പെടുന്ന കൊലപാതകത്തെപ്പറ്റി മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്നാണ് സിപിഐ ആവശ്യം.
എന്നാൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് രണ്ട് സി പി എം പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെ ന്യായീകരിച്ചും യു എ പി എ ചുമത്തിയതിനെ തള്ളിയും മുഖ്യമന്ത്രി രംഗത്തെത്തി.യു എ പി എ പുനപരിശോധിക്കുമെന്നും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കീഴടങ്ങാൻ വന്നവരല്ല, ആയുധങ്ങളുമായി പൊലീസിനു നേരെ ആക്രമിക്കാൻ വന്നവരാണ് കൊല്ലപ്പെട്ടത് . പിടിയിലായ താഹ ഫസല്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കി. കോണ്‍ഗ്രസുകാര്‍ ഇവരെ ന്യായീകരിക്കുന്നത് ഞെട്ടിക്കുന്നു. സിആർപിഎഫിനെ രാജ്യമെമ്പാടും വെടിവച്ചവരെ പരിശുദ്ധാത്മാക്കളാക്കേണ്ട. ഈ സ്ഥിതി കേരളത്തിലും വരണമെന്നാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. മാവോയിസ്റ്റുകളെ ആരും ആട്ടിൻ കുട്ടികളായി ചിത്രീകരിക്കേണ്ടന്നും സിപിഐയെ പരോക്ഷമായി വിമർശിച്ച് പിണറായി പറഞ്ഞു.
https://www.facebook.com/Malayalivartha


























