കള്ളുഷാപ്പ് ആദിവാസി കുടുംബത്തിന്റെ വീട്ടില്‍, അനുമതി നല്‍കിയ നടപടി ഹൈക്കോടതി റദ്ദാക്കി

നാട്ടുകാര്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് മലപ്പുറം വഴിക്കടവ് വെളളക്കട്ടയില്‍ ആദിവാസി കുടുംബം താമസിക്കുന്ന വീട്ടില്‍ കളളുഷാപ്പ് തുടങ്ങാന്‍ നല്‍കിയ ലൈസന്‍സ് ഹൈക്കോടതി റദ്ദാക്കി. മദ്യമാഫിയയെ സഹായിക്കുന്ന വിചിത്രമായ ഈ തീരുമാനം എക്‌സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളുടേതായിരുന്നു.
പട്ടികവര്‍ഗ കുടുംബം നിലവില്‍ താമസിക്കുന്ന വെളളക്കട്ടയിലെ വീട്ടില്‍ കളളുഷാപ്പിന് ലൈസന്‍സ് അനുവദിച്ചതിലെ വീഴ്ച ചൂണ്ടിക്കാട്ടി നാട്ടുകാര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. കുട്ടികളും സ്ത്രീകളുമടക്കം ആദിവാസി കുടുംബം താമസിക്കുന്ന വീട്ടില്‍ ഷാപ്പ് ആരംഭിക്കാന്‍ ലൈസന്‍സി കളളുമായെത്തിയ വാര്‍ത്ത പുറത്തുവന്നതോടെ പ്രദേശത്ത് ശക്തമായ ജനകീയ പ്രതിഷേധം ഉയരുകയായിരുന്നു.
പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട നൂറു കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന കേരള , തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിലെ വീട്ടില്‍ കളളുഷാപ്പ് തുടങ്ങാന്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ വീട് വാണിജ്യാവശ്യത്തിലേക്ക് തരം മാറ്റിക്കൊടുത്ത വഴിക്കടവ് ഗ്രാമ പഞ്ചായത്തിന്റെ നടപടിയും വിവാദമായി. ഷാപ്പ് അനുമതിയുമായി ബന്ധപ്പെട്ട എക്‌സൈസ്, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരുടെ അഴിമതിയും വീഴ്ചയും കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്.
https://www.facebook.com/Malayalivartha

























