നെഞ്ചിടിപ്പിന്റെ മണിക്കൂറുകൾ; രാജ്യമൊട്ടാകെ കാത്തിരുന്ന അയോദ്ധ്യ വിധിക്കു ശേഷം ശബരിമല യുവതി പ്രവേശന കേസില്‍ സുപ്രീം കോടതി വിധി നാളെ

രാജ്യമൊട്ടാകെ കാത്തിരുന്ന അയോദ്ധ്യ വിധിക്കു ശേഷം ശബരിമല യുവതി പ്രവേശന കേസില്‍ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. നാളെ 10.30ന് വിധി പ്രസ്‌താവിക്കുമെന്നാണ് സൂചന. പുനപരിശോധനാ ഹര്‍ജികളിലാണ് വിധി പറയുക. 56 പുനപരിശോധന ഹര്‍ജികളാണ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കോടതിക്കു മുമ്ബിലുള്ളത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച വിധിയാണ് നാളെ അറിയാന്‍ കഴിയുക.
ശബരിമല യുവതി പ്രവേശന വിധി വന്ന് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞാണ് പുനപരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നത്. അയോധ്യ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന സുപ്രീംകോടതി വിധി പുറത്തുവന്നതോടെ ഇനി എല്ലാവരും ഉറ്റുനോക്കുന്നത് ശബരിമലയിലേക്കാണ്. കഴിഞ്ഞ മണ്ഡലകാലത്തിന് ശേഷം വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ന്നുവന്ന ശബരിമല പ്രശ്‌നത്തില്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പറയുക.
ഹിന്ദുവിഗ്രഹങ്ങളുടെ നിയമവ്യക്തിത്വത്തെയും അവകാശത്തെയുംകുറിച്ച് അയോധ്യ കേസില്‍ സുപ്രീംകോടതി നടത്തിയ നിരീക്ഷണം ശബരിമല കേസിനെ തത്കാലം സ്വാധീനിക്കില്ല എന്നുപറയേണ്ടിവരും. കാരണം, ഹിന്ദുക്ഷേത്രങ്ങളിലെ പ്രതിഷ്ഠയ്ക്ക് നിയമവ്യക്തിത്വം കല്പിച്ചുനല്‍കുന്നതും അവയുടെ അവകാശം അംഗീകരിക്കുന്നതും പുതിയ കാര്യമല്ല. ശബരിമല കേസാവട്ടെ പുനഃപരിശോധനാ ഹര്‍ജിയിലെ വാദങ്ങള്‍ പൂര്‍ത്തിയായി വിധിപറയാന്‍ മാറ്റിയതാണ്. അതിനാല്‍ തത്കാലം ശബരിമല കേസിനെ അയോധ്യ കേസിലെ നിരീക്ഷണങ്ങള്‍ സ്വാധീനിക്കാനിടയില്ല.
എന്നാല്‍, ശബരിമല കേസില്‍ വാദത്തിന് ഇനിയും അവസരമൊരുങ്ങിയാല്‍ അയോധ്യാ വിധിയിലെ പല നിരീക്ഷണങ്ങളും അഭിഭാഷകര്‍ ഉപയോഗിക്കുമെന്നുറപ്പ്. ശബരിമല കേസ് വിശാലബെഞ്ചിന് വിടുകയോ മറ്റോ ഉണ്ടായാലാണ് അത്തരത്തില്‍ അവസരമൊരുങ്ങുക. ഇപ്പോള്‍ അയോധ്യ കേസില്‍ ഏകകണ്ഠവിധിപറഞ്ഞ ബെഞ്ചിലെ രണ്ടുജഡ്ജിമാരായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ തന്നെയാണ് ശബരിമല പുനഃപരിശോധനയിലും വിധിപറയാന്‍ പോകുന്നതെന്നത് ശ്രദ്ധേയമാണ്.
ശബരിമല പുനഃപരിശോധനാ ഹര്‍ജി, റഫാല്‍ കേസ്, ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ആര്‍ടിഐയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ സുപ്രധാന കേസുകളാണ് ഇനി പരിഗണിക്കാനുള്ളത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഈ കേസുകളിലെല്ലാം വാദം കേട്ടിരിക്കുന്നത്. അദ്ദേഹം ഈ മാസം 17ന് വിരമിക്കുന്ന സാഹചര്യത്തില്‍ അവസാന പ്രവര്‍ത്തി ദിനമായ വെള്ളിയാഴ്ച്ചയ്ക്കുമുമ്പ് ഈ കേസുകളില്‍ വിധി പ്രസ്താവന നടത്തും.
2018 വർഷം സെപ്റ്റംബർ 28നാണ് ശബരിമലയിൽ യുവതീപ്രവശം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നത്. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ 2006ൽ നൽകിയ കേസിൽ 12 വർഷത്തെ നിയമ പോരാട്ടത്തിനു ശേഷമായിരുന്നു നിർണായക വിധി. വിധി വന്നതിനു പിന്നാലെ വൻ പ്രതിഷേധങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ശബരിമല യുവതീ പ്രവേശനത്തെ തുടർന്നുള്ള പ്രക്ഷോഭത്തിന്റെ പേരിൽ പൊലീസ് എടുത്തത് 9000 ക്രിമിനൽ കേസുകളാണ്. ഇതിൽ പ്രതികളായത് 27,000 പേരും.
2016ൽ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനു മുൻപാകെ കേസ് വന്നപ്പോൾ ഉമ്മൻചാണ്ടി സർക്കാരായിരുന്നു അധികാരത്തിൽ. ശബരിമലയിൽ യുവതീപ്രവേശം വേണ്ടെന്നും തൽസ്ഥിതി തുടരണമെന്നും സത്യവാങ്മൂലം നൽകി. എന്നാൽ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് കേസ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. യുവതീപ്രവേശത്തെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നൽകി കോടതിയിൽ സംസ്ഥാന സർക്കാർ വാദിച്ചു.
യുവതീപ്രവേശം അനുവദിച്ച് വിധി വന്നപ്പോൾ അതു നടപ്പാക്കാൻ പിണറായി സർക്കാർ ശ്രമിച്ചു. ഇതിനെതിരെ കടുത്ത പ്രതിഷേധ സമരങ്ങൾ ഉയർന്നു. വിധിക്കെതിരെ പുനഃപരിശോധനാ ഹർജികളും റിട്ടും ഉൾപ്പെടെ 65 പരാതികളാണു ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയുടെ മുൻപാകെ എത്തിയത്.
https://www.facebook.com/Malayalivartha

























