നാടോടി സ്ത്രീ മദ്യലഹരിയില്‍ കുഞ്ഞിനെ ടിപ്പറിനു മുന്നിലേക്ക് തള്ളിയിട്ടു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു!

തൃശൂര്‍ താന്ന്യം ഗവണ്‍മെന്റ് സ്‌കൂളിനു സമീപത്ത് വച്ച് മദ്യലഹരിയില്‍ ആയിരുന്ന ഒരു നാടോടി സ്ത്രീ തന്റെ ഒരു വയസായ കുഞ്ഞിനെ നടുറോഡില്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. കുഞ്ഞിനെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു.
കൊടുങ്ങല്ലൂര്‍ പൊക്ലായില്‍ താമസിക്കുന്ന നാല്‍പതുകാരി സരസ്വതി മദ്യലഹരിയിലായിരുന്നു. കയ്യിലുണ്ടായിരുന്ന ഒരു വയസുള്ള സ്വന്തം കുഞ്ഞിനെയാണ് റോഡിലേക്ക് തള്ളിയിട്ടത്. ഈ സമയം ഇതുവഴിവന്ന ടിപ്പര്‍ ലോറി പെട്ടെന്ന് നിര്‍ത്തിയതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു.
ഇതു കണ്ട ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കുഞ്ഞിനെ എടുക്കാന്‍ വന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കി. ആ സ്ത്രീ കുഞ്ഞിനെ തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. വിദ്യാര്‍ഥികള്‍ നിലവിളിച്ചതോടെ നാട്ടുകാരും ഓടിയെത്തി. സ്ത്രീയെ തടഞ്ഞുവച്ചു. പൊലീസിനേയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരേയും അറിയിച്ചു. നാടോടി കുടുംബങ്ങള്‍ കൂട്ടമായി ക്യാംപ് ചെയ്യുന്ന പൊക്ലായ് ബവറ്ജിസ് കേന്ദ്രത്തിനു സമീപത്തേയ്ക്കു പൊലീസ് എത്തി അന്വേഷിച്ചു.
സ്ത്രീയുടെ സഹോദരന്റെ കൈവശം കുഞ്ഞിനെ ഏല്‍പിച്ചു. കുഞ്ഞിനെ സംരക്ഷിക്കാനുള്ള കൂടുതല്‍ നടപടികള്‍ ചൈല്‍ഡ് ലൈന്‍ സ്വീകരിച്ചിട്ടുണ്ട്. ആദ്യത്തെ കുഞ്ഞിനെ പ്രദേശത്തെ ഒരു കുടുംബം സംരക്ഷിച്ച് വിദ്യാഭ്യാസം നല്‍കുന്നുണ്ട്. മറ്റ് നാലു കുട്ടികളേയും കൊണ്ടാണ് ഇവര്‍ തെരുവിലിറങ്ങുന്നത്. ഭര്‍ത്താവ് കിടപ്പുരോഗിയാണെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























