ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാരെ റോഡിലേക്ക് ചാടിയിറങ്ങി പിന്നാലെ പാഞ്ഞ് പിടികൂടേണ്ടെന്ന് ഹൈക്കോടതി... യാത്രക്കാരെ അമ്പരപ്പിച്ച് പിടികൂടലല്ല, സുരക്ഷ ശീലങ്ങള്‍ പഠിപ്പിക്കലാണ് പരിശോധനകളുടെ ലക്ഷ്യമെന്നും കോടതി

ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാരെ റോഡിലേക്ക് ചാടിയിറങ്ങി പിന്നാലെ പാഞ്ഞ് പിടികൂടേണ്ടെന്ന് ഹൈക്കോടതി.. ഇത്തരം 'ഹോട്ട് ചേസിങ്' ബൈക്ക് യാത്രക്കാരെയും ഉദ്യോഗസ്ഥരെയും അപകടത്തിലാക്കുമെന്നും ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും തടയാനും ആധുനിക മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍ നിര്‍ദേശിച്ചു. മലപ്പുറം രണ്ടത്താണി ദേശീയപാതയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ബൈക്കിടിപ്പിച്ചുവീഴ്ത്തി കടന്നുകളയാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി മുഫ്ലിഹ് നല്‍കിയ ജാമ്യഹരജി അനുവദിച്ചാണ് കോടതിയുടെ നിര്‍ദേശം.
ഒക്ടോബര്‍ 10ന് ഹെല്‍മറ്റ് ധരിക്കാതെ ഹരജിക്കാരന്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ വരുമ്പോള്‍ നിര്‍ത്താന്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൈകാണിച്ചെങ്കിലും ഇടിച്ചുവീഴ്ത്തി കടന്നുകളയാന്‍ ശ്രമിച്ചെന്നാണ് കേസ്. ഇതിനിടെ നിയന്ത്രണംവിട്ട ബൈക്ക് എതിരെവന്ന കാറിലിടിച്ച് ഹരജിക്കാരനും സുഹൃത്തിനും റോഡില്‍വീണ് പരിക്കേറ്റെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ബൈക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹാന്‍ഡിലില്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു ഹരജിക്കാരന്റെ വാദം. ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ നിര്‍ത്തുമെന്ന മുന്‍വിധിയോടെ ഉദ്യോഗസ്ഥര്‍ റോഡിന്റെ മധ്യത്തിലേക്ക് എടുത്തുചാടരുത്. സാഹസികമായ ഇത്തരം പ്രവൃത്തികളിലൂടെ നിരവധിപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണം.ഡിജിറ്റല്‍ കാമറ, ട്രാഫിക് നിരീക്ഷണ കാമറ, മൊബൈല്‍ ഫോണ്‍ കാമറ, ഹാന്‍ഡി കാം തുടങ്ങിയവ ഉപയോഗിച്ച് വാഹന പരിശോധന നടത്തേണ്ട സമയം അതിക്രമിച്ചു. ഹെല്‍മറ്റ് ധരിക്കാതെയും നിയന്ത്രണമില്ലാതെയും ഓടിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും പാലിച്ചില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ വയര്‍ലെസിലൂടെ കൈമാറിയും മറ്റും ഉപയോഗിച്ചും കണ്ടെത്താന്‍ കഴിയും.
ബാരിക്കേഡുകള്‍ സ്ഥാപിച്ച് വേഗത കുറക്കാനും കഴിയും. നേരത്തേ പ്രഖ്യാപിച്ച സ്ഥലങ്ങളിലും കൃത്യമായി അടയാളപ്പെടുത്തിയ സ്ഥലങ്ങളിലും മാത്രമേ വാഹന പരിശോധന നടത്താവൂ എന്ന 2012 മാര്‍ച്ച് മൂന്നിലെ ഡി.ജി.പിയുടെ സര്‍ക്കുലര്‍ കര്‍ശനമായി പാലിക്കണം. യാത്രക്കാരെ അമ്പരപ്പിച്ച് പിടികൂടലല്ല, സുരക്ഷ ശീലങ്ങള്‍ പഠിപ്പിക്കലാണ് പരിശോധനകളുടെ ലക്ഷ്യമെന്നും കോടതി ഓര്‍മിപ്പിച്ചു.
https://www.facebook.com/Malayalivartha

























