കുരുന്നേ മാപ്പ്; ഷെഹലയുടെ കുടുംബത്തോട് മാപ്പ് ചോദിച്ച് വിദ്യാഭ്യാസ മന്ത്രി

വയനാട് ബത്തേരി സര്‍വജന സ്കൂളിലെ ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റ് മരിച്ച ഷെഹല ഷെറിന്‍റെ കുടുംബത്തോട് മാപ്പ് ചോദിച്ച് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്ര നാഥ്. കുറ്റക്കാരായ മുഴുവൻ ആളുകൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് ഷെഹലയുടെ കുടുംബത്തിന് വിദ്യാഭ്യാസമന്ത്രി ഉറപ്പ് നൽകി. സർവജന ഹൈസ്കൂളിന്‍റെ നവീകരണത്തിനായി രണ്ട് കോടി രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും ഉയർത്തിയ ശക്തമായ പ്രതിഷേധത്തിനിടെയായിരുന്നു വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്ര നാഥ് ഷെഹല ഷെറിന്റെ വീട്ടിലെത്തിയത്. കൃഷി മന്ത്രി വി.എസ് സുനിൽ കുമാറും ഒപ്പമുണ്ടായിരുന്നു. ഷെഹലയുടെ പിതാവ് അബ്ദുൾ അസീസിനെ ചേർത്തു നിർത്തി അധ്യാപകരുടെ ഭാഗത്തുണ്ടായ വീഴ്ചയ്ക്ക് മന്ത്രി മാപ്പ് ചോദിച്ചു. വിഷയത്തിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ മന്ത്രി കുടുംബാംഗങ്ങളെയും ജനപ്രതിനിധികളെയും അറിയിച്ചു.
സർവജന സ്കൂൾ സന്ദർശിക്കാനായി മന്ത്രി എത്തിയപ്പോഴേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധമുയർത്തി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് മന്ത്രി സ്കൂൾ സന്ദർശിച്ചത്. കൽപ്പറ്റയിലും ബത്തേരിയിലും യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി . കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് എംഎസ്എഫ് വയനാട് കളക്ടറേറ്റിeക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. കൂടുതൽ അധ്യാപകർക്കെതിരെ നടപടിയാവശ്യപ്പെട്ട് സർവജന സ്കൂളിന് മുന്നിൽ ഇന്നും ഒരു വിഭാഗം കുട്ടികൾ കുത്തിയിരുന്ന് പ്രതിക്ഷേധിച്ചു.
ഷെഹല ഷെറിന്‍റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ അടിയന്തര സഹായം നൽകണമെന്ന് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ഈ തുക ആരോപണവിധേയരായ അധ്യാപകരിൽ നിന്നും ഡോക്ടറിൽ നിന്നും ഈടാക്കണമെന്നും ആവശ്യമുയർത്തി.
https://www.facebook.com/Malayalivartha

























