ഷെഹ്ല മരിച്ച സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡോ.ജിസ മെറിന്‍ ജോയി പറയുന്നു...

പാമ്പുകടിയേറ്റ ഷെഹ്ല ഷെറിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത് ഡോ. ജിസ മെറിന്‍ ജോയി ആയിരുന്നു. ഷെഹല മരിച്ച സംഭവത്തില്‍ ഡോ. ജിസ മെറിന്‍ ജോയി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കയാണ്. ആ ദിവസത്തെകുറിച്ച് ഡോ. ജിസ മെറിന്‍ സംസാരിക്കുന്നു.
'വെന്റിലേറ്ററില്ല, ആന്റി സ്‌നേക് വെനം ഇല്ല, ആശുപത്രിയില്‍ ചികിത്സയ്ക്ക് വേണ്ട അനുമതി പത്രം ഉറ്റവരില്‍ നിന്ന് ഒപ്പിട്ടു വാങ്ങാനുള്ള പേപ്പര്‍ പോലുമില്ല. പാമ്പു കടിയേറ്റ കുഞ്ഞുമായി ചികില്‍സയ്ക്ക് എത്തുമ്പോള്‍ ഈ ആശുപത്രിയുടെ സ്ഥിതി അതായിരുന്നു.
ദൈവം കഴിഞ്ഞാല്‍ എന്റെ രോഗികളാണ് ലോകത്ത് എനിക്ക് ഏറ്റവും വലുത്. ഏതു സമയത്തും അസമയത്തു പോലും രോഗികള്‍ വന്നാല്‍ ഇറങ്ങിച്ചെല്ലാറുണ്ട്. രോഗികളോടല്ലാതെ ആരോടും എനിക്ക് ഒരു കടപ്പാടുമില്ല'.
'നാലുമണി കഴിഞ്ഞപ്പോഴാണ് കുഞ്ഞുമായി പിതാവ് ആശുപത്രിയില്‍ വരുന്നത്. സ്‌കൂളില്‍ നിന്ന് പറ്റിയതാ. ക്ലാസില്‍ വച്ച് ഒരു പൊത്തിലേയ്ക്ക് കാലു പോയി. വലിച്ചെടുത്തപ്പോള്‍ എന്തോ കടിച്ചതു പോലെ തോന്നി എന്നു അദ്ദേഹം പറഞ്ഞു. കുഞ്ഞിന്റെ പിതാവിനോട് ഒപി ടിക്കറ്റ് എടുത്ത് വരാന്‍ പറഞ്ഞ ശേഷം കുഞ്ഞിനോട് സംസാരിച്ചു. കാലില്‍ പാമ്പു കടിച്ചതാണോ എന്നു ചോദിച്ചപ്പോള്‍ കുഞ്ഞിനും സംശയമായി. എന്നിരുന്നാലും 'അണ്‍നോണ്‍ ബൈറ്റ്' ആയി തന്നെയാണ് രേഖപ്പെടുത്തിയത്. ശ്വാസകോശ പരിശോധനയ്ക്കായി കുഞ്ഞിനോട് 25 വരെ എണ്ണാന്‍ പറഞ്ഞു. അവള്‍ 27 വരെ തടസമില്ലാതെ എണ്ണി.
മോള്‍ക്ക് പേടിയുണ്ടോ എന്ന് ചോദിച്ചു. കാലില്‍ മുറിവിനൊപ്പം ഒരു വര പോലെ കാണാനുണ്ടായിരുന്നു. പേടിക്കണ്ട എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. ഈ സമയവും കുഞ്ഞിന് പ്രത്യക്ഷത്തില്‍ കുഴപ്പമൊന്നും തോന്നിയില്ല. വരുമ്പോള്‍ കുഞ്ഞിന്റെ കാലില്‍ ഒരു തൂവാല കെട്ടിയിരുന്നു. ഇതാരാണ് കെട്ടിയതെന്ന് ഒപ്പമുണ്ടായിരുന്നവരോട് ചോദിച്ചു. കുഞ്ഞിന് വല്ലതും കഴിക്കാന്‍ നല്‍കാന്‍ പറഞ്ഞതിനു ശേഷം ഡ്യൂട്ടിയിലുള്ള മെയില്‍ നഴ്‌സിനോട് ബിപി പരിശോധിക്കാനാവശ്യപ്പെട്ടു. ഈ സമയം ഫയലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി. പാമ്പുകടിയേറ്റ് 20 മിനിറ്റിനുള്ളില്‍ ചെയ്യുന്ന, രക്തം കട്ടപിടിച്ചോ എന്നറിയുന്നതിനുള്ള പരിശോധന ഈ സമയത്തിനുളളില്‍ നടത്തി. ബ്ലീഡിങ് ടൈമും ക്ലോട്ടിങ് ടൈമും രേഖപ്പെടുത്തി. ഈ രണ്ട് പരിശോധനകളും നോര്‍മലായിരുന്നു. ഈ സമയത്തിനിടെ ആരോ കുഞ്ഞിന്റെ കാലില്‍ കെട്ടിയിരുന്ന തുണി അഴിച്ചു മാറ്റിയിരുന്നു. ഇത് ആവശ്യപ്പെടാതെയാണ് അവര്‍ ചെയ്തത്.
ഈ സമയം കുഞ്ഞിന്റെ കണ്ണ് മങ്ങുന്നുണ്ടോ, തുറക്കാന്‍ ബുദ്ധിമുട്ടുണ്ടോ, കാഴ്ച രണ്ടായി തോന്നുന്നുണ്ടോ എന്നെല്ലാം ചോദിച്ചു. ഇതൊന്നുമില്ലെന്നാണ് കുഞ്ഞു പറഞ്ഞത്. കുഞ്ഞിനോട് എഴുന്നേറ്റ് നടന്നു വരാന്‍ പറഞ്ഞു. നടക്കുന്നത് എങ്ങനെയെന്നറിയാനായിരുന്നു ഇത്. ഈ സമയം ടീച്ചര്‍മാരില്‍ ഒരാള്‍ കയ്യില്‍ പിടിച്ചു. ടീച്ചര്‍ പിടിക്കാതെ നടന്നു വരാന്‍ പറഞ്ഞു. ഈ സമയം കുഞ്ഞ് കണ്ണ് തുറക്കാന്‍ ബുദ്ധിമുട്ടുന്നത് മനസ്സിലായപ്പോഴാണ് പാമ്പുകടിയാണെന്ന് ഉറപ്പിച്ചത്. കുഞ്ഞിന്റെ പിതാവ് ആ സമയം അവിടെയില്ലായിരുന്നു. അദ്ദേഹം പരിഭ്രാന്തനായി ഓടിനടക്കുകയായിരുന്നു. അദ്ദേഹത്തോട് കാര്യം പറഞ്ഞു. ഈ സമയത്താണ് അദ്ദേഹത്തോട് കണ്‍സെന്റ് വേണമെന്ന് ആവശ്യപ്പെട്ടത്. പക്ഷേ ഒപ്പിട്ടു വാങ്ങാന്‍ അങ്ങനെ ഒരു കടലാസ് ആ ആശുപത്രിയില്‍ ഇല്ലായിരുന്നു. ആന്റി വെനത്തിന്റെ സ്റ്റോക്ക് ഉടനെ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു.
'' മൂര്‍ഖനോ അണലിയോ കടിച്ചാല്‍ വലിയ ആളാണെങ്കിലും കുട്ടിയാണെങ്കിലും കുറഞ്ഞത് 10 വയല്‍ (ആന്റി വെനം കുത്തിവയ്പിനു പറയുന്ന പേര്) കൊടുക്കണം. അത് അവിടെ ഉണ്ടായിരുന്നില്ല. ആറെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉള്ളത് കൊടുക്കാമെന്ന നിലയില്‍ കുട്ടിയുടെ പിതാവിനോട് കാര്യങ്ങള്‍ പറയുകയാണ്. അദ്ദേഹം ഇംഗ്ലിഷ് അറിയുന്ന ആള്‍ ആണോ എന്നറിയാത്തതിനാല്‍ ഓരോന്നും മലയാളത്തിലാണ് പറഞ്ഞുകൊണ്ടിരുന്നത്. അപ്പോള്‍ അദ്ദേഹം, കുഞ്ഞിനെ രക്ഷിക്കാന്‍ പറ്റുമോ ഡോക്ടര്‍, ഇതിനു മുകളില്‍ ഇനി എന്താണ് ഉള്ളത് എന്നാണ് ചോദിച്ചത്. ഇതിന് മുകളില്‍ എന്തെങ്കിലും വേണമെങ്കില്‍ വെന്റിലേറ്ററുള്ള മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകണം എന്ന് അദ്ദേഹത്തോടു പറഞ്ഞു. വെന്റിലേറ്റര്‍ അവിടെ മാത്രമേ ഉള്ളൂ, ഇവിടെയാകട്ടെ പീഡിയാട്രിക് വെന്റിലേറ്റര്‍ ഇല്ല. മുതിര്‍ന്നവര്‍ക്കുള്ള രണ്ടു വെന്റിലേറ്ററുകളാകട്ടെ പ്രവര്‍ത്തിക്കാതായിട്ട് മാസങ്ങളായി.
ലാറിഞ്ചോസ്‌കോപ് (കുട്ടികളെ ഇന്റിമേറ്റ് ചെയ്യുമ്പോള്‍ വായിലിട്ടു പരിശോധിക്കുന്ന) പ്രവര്‍ത്തിക്കുന്നില്ല. അതിന്റെ അറ്റത്തുള്ള ബള്‍ബ് പ്രവര്‍ത്തിക്കാത്തതിനാല്‍ പുറകില്‍ നിന്ന് ടോര്‍ച്ച് അടിച്ചാണ് ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ പരിശോധന നടത്തിയത്. ഈ വിവരം ഹെഡ് സിസ്റ്ററെ അന്നു തന്നെ അറിയിക്കുകയും വെന്റിലേറ്ററിന്റെ ചാര്‍ജുള്ള ഡിഎംഒയെ ഫോണ്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. പരാതി എഴുതിക്കൊടുക്കാന്‍ ചാര്‍ജില്ലാത്തതിനാല്‍ സാധിക്കില്ല. അതിനാലാണ് വിളിച്ചു പറഞ്ഞത്. ഇനി ടോര്‍ച്ചടിച്ച് ഞാനത് ഇട്ടു എന്നിരുന്നാല്‍ തന്നെ വായിലൂടെ ഉള്ളിലേക്ക് ഇടേണ്ട എന്‍ഡോട്രക്കല്‍ ട്യൂബ് കുട്ടികള്‍ക്കുള്ള സൈസില്‍(സൈസ് 5) അവിടെ ഇല്ല. വ്യാഴാഴ്ച രാവിലെ ഞാന്‍ ഡ്യൂട്ടിയിലുള്ള സമയം വരെ ഈ സാധനം അവിടെയില്ല.'' - ഡോ. ജിസ പറഞ്ഞു.
ഡയഗ്‌നോസ് ചെയ്തത് കുഞ്ഞിന്റെ ഞരമ്പിനെയാണ് വിഷം ബാധിച്ചിരിക്കുന്നത് എന്നാണ്. കുഞ്ഞിനെ അവിടെ ചികിത്സിക്കാന്‍ തീരുമാനിച്ചാല്‍ വേണ്ടത് വെന്റിലേറ്റര്‍ സപ്പോര്‍ട്ടോടെയുള്ള ആന്റിവെനമാണ്. കുത്തിവയ്പ് കൊടുത്താല്‍ കുഞ്ഞിന് വെന്റിലേറ്റര്‍ സപ്പോര്‍ട്ടില്ലാതെ പറ്റില്ല എന്നുറപ്പാണ്. കുഞ്ഞിനെ മോണിറ്റര്‍ ചെയ്യണം എന്നു പറയുമ്പോള്‍ കുട്ടിയുടെ പിതാവ് കുഞ്ഞിന് മരുന്നു കൊടുത്തശേഷം മെഡിക്കല്‍ കോളജിലേക്കു വിടാനാണ് പറയുന്നത്. അത് എത്രത്തോളം അപകടകരമാണെന്ന് അദ്ദേഹത്തോട് ഞാന്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പറ്റുന്ന തരത്തില്‍ വിവരിക്കുകയും ചെയ്തു.
അവസാനം, ഞാനെന്താ ചെയ്യണ്ടേ എന്ന് പിതാവിനോട് ചോദിച്ചു. മെഡിക്കല്‍ കോളജിലേക്കു പോകാമെന്ന് അദ്ദേഹം പറയുന്നു. ഇതിനിടെ സീനിയര്‍ ഡോക്ടറെ വിളിക്കാന്‍ ഒരുങ്ങുമ്പോഴാണ് അദ്ദേഹം തന്നെ മറ്റൊരു കാര്യത്തിനായി തിരിച്ചു വിളിക്കുന്നത്. അപ്പോള്‍ തന്നെ സീനിയറിനോടും കാര്യങ്ങള്‍ പറഞ്ഞു. എന്തു ചെയ്യണമെന്ന് സീനിയറിനോടും ചോദിച്ചു. പിതാവ് കൊണ്ടുപോകണമെന്നാണ് പറയുന്നതെങ്കില്‍ ഒരു കേസ് ഷീറ്റ് എഴുതി നല്‍കി വിടാനാണ് അദ്ദേഹം പറഞ്ഞത്. പിതാവ് കൊണ്ടുപോകാന്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നില്ല, പകരം അനുമതി പത്രം എഴുതിത്തരാന്‍ തയാറായില്ല. മരുന്ന് സ്റ്റാര്‍ട്ട് ചെയ്താല്‍ മോണിറ്റര്‍ ചെയ്യാനുള്ള സമയം എടുക്കുമെന്ന് പറഞ്ഞപ്പോള്‍, കൊണ്ടുപോയാല്‍ വൈകില്ലേ എന്നാണ് ചോദിച്ചത്. 'കുഞ്ഞിനെ രക്ഷിക്കാന്‍ പറ്റുമോ ഡോക്ടറേ' എന്നാണ് അദ്ദേഹം ചോദിക്കുന്നത്. വെന്റിലേറ്റര്‍ സംവിധാനമില്ലാതെ മരുന്നു നല്‍കി കുഞ്ഞിനെ രക്ഷിക്കാമെന്ന് ഞാന്‍ എങ്ങനെ ഉറപ്പു നല്‍കും. ഒരു തീരുമാനം എടുക്കാന്‍ അദ്ദേഹത്തോട് പറഞ്ഞപ്പോഴാണ് കുഞ്ഞിനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. എല്ലാം അദ്ദേഹത്തിന്റെ തീരുമാനത്തിനു വിടുകയായിരുന്നു. പരിശോധനയില്‍ വലിയ കുഴപ്പം കാണാതിരുന്നതിനാല്‍ ഒരു മൂന്നു മണിക്കൂറിനുള്ളിലേ കുഞ്ഞിന് വെന്റിലേറ്റര്‍ സപ്പോര്‍ട്ട് വേണ്ടി വരികയുള്ളൂ എന്നായിരുന്നു കണക്കു കൂട്ടല്‍.
കൊണ്ടു പോകുകയാണെങ്കില്‍ നേരെ കോഴിക്കോടിന് പോകണം. കോഴിക്കോട് ചെന്ന് ഡോക്ടറെ കണ്ടാല്‍ ഉടനെ കാര്യങ്ങള്‍ വിശദീകരിക്കാനായി ഡോക്ടറെക്കൊണ്ട് തന്നെ വിളിപ്പിക്കണം. ഇടയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടായാലും വിളിക്കണം എന്നും പറഞ്ഞ് ഡോക്ടര്‍ ജിസ തന്റെ നമ്പര്‍ കൊടുത്തു. ഉടനെ തന്നെ ആംബുലന്‍സ് ഏര്‍പ്പാടാക്കി കൊടുക്കുകയും തന്റെ ഒപ്പം ഡ്യൂട്ടിയിലുള്ള മെയില്‍ നഴ്‌സിനെക്കൊണ്ട് ഇടയ്ക്കിടെ വിളിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മറ്റൊരു ഡോക്ടര്‍ കൂടി ഒപി ഡ്യൂട്ടിയിലുള്ള സാഹചര്യമായിരുന്നെങ്കില്‍ തീര്‍ച്ചയായും അവരോടൊപ്പം ആംബുലന്‍സില്‍ പോകുമായിരുന്നുവെന്നും ഈ സമയം കുഞ്ഞിന് ആന്റിവെനം കുത്തിവയ്പും നല്‍കാമായിരുന്നുവെന്നുമാണ് ഡോക്ടര്‍ പറയുന്നത്.
കുഞ്ഞിനെ കൊണ്ടു വന്നപ്പോള്‍ മുതല്‍ വിയര്‍ത്ത് കുളിച്ച് ഓടിക്കൊണ്ടിരിക്കുകയായിരുന്നു് പിതാവ്. അതേസമയം, ഒപ്പം വന്നവരോട് കുഞ്ഞിന് ഭക്ഷണം കൊടുത്തോ എന്നു ചോദിച്ചിട്ട് അതിനു പോലും വ്യക്തമായ മറുപടി നല്‍കിയില്ല. അവര്‍ ആരാണെന്നറിയില്ല. സ്‌കൂളില്‍ നിന്ന് ഒപ്പം വന്നവരാണെന്നാണ് പിന്നെ പറഞ്ഞു കേട്ടത്. ഞരമ്പിനെയും രക്തത്തെയും ബാധിക്കുന്ന കൊടിയ വിഷമായിരുന്നു കുഞ്ഞിന്റെ ശരീരത്തില്‍ കയറിയത്. ന്യൂറോ ടോക്‌സിറ്റിയും ഹെമറ്റോ ടോക്‌സിറ്റിയും ഉണ്ടായിരുന്നതിനാല്‍ അണലി വിഭാഗത്തില്‍ പെട്ട പാമ്പായിരിക്കുമെന്നാണ് സംശയിച്ചത്. ഇവര്‍ മുറിവു കഴുകിയെന്നും മറ്റ് ആശുപത്രികളില്‍ കാണിച്ചിരുന്നെന്നും പിന്നീടാണ് അറിഞ്ഞത്. ഒപ്പം വന്നവരോട് കാര്യങ്ങള്‍ കുത്തിക്കുത്തിചോദിച്ചിട്ടും ഒന്നും പറയാതിരുന്നതും ദോഷമായി.
ആശുപത്രിയിലെ ന്യൂനതകള്‍ പലതവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഒരിക്കല്‍ പോലും നടപടിയുണ്ടായിട്ടില്ല. രോഗികളെ അധിക സമയം പരിശോധിക്കുന്നു എന്നാണ് എനിക്കെതിരെ ഉയര്‍ത്തുന്ന ആരോപണം. ഒരു 'ഹെല്‍പ്‌ലെസ്' ഡോക്ടര്‍ എന്ന നിലയിലും കുഞ്ഞിനു വേണ്ടി ചെയ്യാവുന്നതെല്ലാം ഞാന്‍ ചെയ്‌തെന്ന ആത്മവിശ്വാസമുണ്ട്. വെന്റിലേറ്റ് ചെയ്ത് കുത്തിവയ്പ് കൊടുത്തിരുന്നെങ്കില്‍ കുഞ്ഞ് രക്ഷപ്പെടുമെന്ന് ഉറപ്പായിരുന്നു. ഞാനും രണ്ടു കുട്ടികളുടെ അമ്മയാണ്. കുഞ്ഞ് നഷ്ടമാകുന്ന ഒരു അമ്മയുടെ വേദന ഉള്‍ക്കൊള്ളാനാകും' - ഡോ. ജിസ പറഞ്ഞു.
https://www.facebook.com/Malayalivartha

























