ശബരിമല ഗുരുവായൂര്‍ മോഡലായാല്‍...;ശബരിമലയില്‍ പ്രത്യേക ഭരണ സംവിധാനം കൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള നൂറ് കണക്കിന് ക്ഷേത്രങ്ങള്‍ പൂട്ടിയേക്കുമെന്ന ആശങ്കയിൽ ഭക്തജനങ്ങളും ജീവനക്കാരും

ശബരിമലയില്‍ പ്രത്യേക ഭരണ സംവിധാനം കൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള നൂറ് കണക്കിന് ക്ഷേത്രങ്ങള്‍ പൂട്ടിയേക്കുമെന്ന ആശങ്കയിലാണ് ഭക്തജനങ്ങളും ജീവനക്കാരും. അതിനാല്‍ ഇതിനെ എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് ബോര്‍ഡ് പ്രസിഡന്റും ജീവനക്കാരും പെന്‍ഷന്‍കാരും. ദേവസ്വം ബോര്‍ഡ് ജീവനകാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ പ്രതിവര്‍ഷം വേണ്ടത് 500 കോടി രൂപയാണ്. ഇതില്‍ 475 കോടിയും സര്‍ക്കാരിന് ലഭിക്കുന്നത് ശബരിമലയില്‍ നിന്നാണ്. ശബരിമല ഭരണം ഗുരുവായൂര്‍ മാതൃകയിലാക്കിയാല്‍ അതില്‍ നിന്ന് അഞ്ച് പൈസ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് എടുക്കാനാവില്ല.
ആക്റ്റിവിസ്റ്റുകളെ കൊണ്ടുവന്ന് ശബരിമല പൂങ്കാവനത്തെ കളങ്കപ്പെടുത്തിയപ്പോള്‍ തന്നെ ഭക്തരുടെ ഒഴുക്ക് കുറഞ്ഞിരുന്നു. ഭക്തരുടെ തിരക്കില്ലാത്തതിനാല്‍ വരുമാനം കുറഞ്ഞതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് 100 കോടിയുടെ സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വരുമാനം കുത്തനെ ഇടിയുമെന്ന് മുഖ്യമന്ത്രി പിണറായിയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മുഖ്യന്ത്രിക്ക് ക്ഷേത്രങ്ങള്‍ പൂട്ടിയാല്‍ ഒരു ചുക്കുമില്ലെന്ന നിലപാടിലായിരുന്നു മുമ്പ് സി.പി.എം. എന്നാല്‍ യുവതീപ്രവേശ വിധി നടപ്പാക്കാന്‍ ധൃതി കാട്ടിയതോടെ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈന്ദവ വിശ്വാസികള്‍ വലിയ തിരിച്ചടി നല്‍കി. അതുകൊണ്ട് മുമ്പ് സി.പി.എം പിന്തുടര്‍ന്ന് പോന്ന ഭൂരിപക്ഷ പ്രീണനം ആവര്‍ത്തിക്കാനാണ് കേരള ഘടകത്തിന്റെ ഇപ്പോഴത്തെ തീരുമാനം. മാവോയിസ്റ്റുകളും ഇസ്്‌ലാമിക തീവ്രവാദികളും തമ്മില്‍ ബന്ധമുണ്ടെന്ന കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസംഗം വിവാദമായിട്ടും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അതിനെ പിന്തുണച്ചത് അതുകൊണ്ടാണ്. ശബരിമല സമരത്തിലൂടെ കോണ്‍ഗ്രസിനും ബി.ജെ.പിക്കും വലിയ നേട്ടമാണുണ്ടായത്. വൈകിയാണെങ്കിലും അത് തിരിച്ചറിഞ്ഞത് കൊണ്ടാണ് സി.പി.എം യുവതീപ്രവേശനത്തില്‍ നിന്ന് ഇത്തവണ പിന്‍മാറിയത്.
ശബരിമലയില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ ഏറിയകുറും ചെലവാക്കുന്നത് മറ്റ് ക്ഷേത്രങ്ങളിലേക്കും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുമാണ്. ഇതില്‍ നിന്ന് സര്‍ക്കാര്‍ പണം എടുക്കാറില്ല. സാമ്പത്തിക സഹായം ഗ്രാന്റായി അങ്ങോട്ട് കെടുക്കാറുമുണ്ട്. എന്നാല്‍ നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുന്ന സര്‍ക്കാരിന് എത്രകാലം ദൈവങ്ങളെ പോറ്റാന്‍ കഴിയുമെന്നതാണ് കാതലായ ചോദ്യം. ശബരിമല വിവാദം കൊടുമ്പിരി കൊണ്ടപ്പോള്‍ ഭക്ത ജനങ്ങളോട് ദേവസ്വം ക്ഷേത്രങ്ങളില്‍ കാണിക്ക അര്‍പ്പിക്കരുതെന്ന് പരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അതിനെ തുടര്‍ന്ന് ഭക്തര്‍ കാണിക്ക നല്‍കാതായി. ഇന്നും അത് തുടരുന്നു. ശബരിമലയില്‍ പ്രത്യേകം ബോര്‍ഡ് വന്നാല്‍ ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യവും മുടങ്ങുന്ന സ്ഥിതിയുണ്ടായേക്കും.
നിലവില്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുന്ന ഹൈപവര്‍ കമ്മിറ്റിയും ടികെ എ നായരുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര വികസന സമിതിയും ശബരിമലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിന്നും മറച്ചു വച്ചതായി അറിയുന്നു. അത് എന്തിനാണെന്ന് വ്യക്തമല്ല. ക്ഷേത്രങ്ങള്‍ ആര്‍.എസ്.എസും ബി.ജെ.പിയും കൈക്കലാക്കാന്‍ ശ്രമിക്കുന്നതില്‍ സി.പി.എമ്മിന് വലിയ ആശങ്കയാണുള്ളത്. ശ്രീകൃഷ്ണ ജയന്തിയും മറ്റും സംഘടിപ്പിച്ച് അതില്‍ മാറ്റമുണ്ടാക്കാന്‍ സി പി എം ശ്രമിച്ചെങ്കിലും നടന്നില്ല. ക്ഷേത്രത്തില്‍ ആര്‍ എസ് എസ് ആണ് സംരക്ഷണ സമിതി. ഇവര്‍ക്കാണ് ക്ഷേത്ര നടത്തിപ്പിന്റെ ചുമതല. ക്ഷേത്രങ്ങളില്‍ നിന്ന് ആര്‍ എസ്എസ് പരിശീലനം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത് അതു കൊണ്ടാണ്.
https://www.facebook.com/Malayalivartha

























