ക്രൈംബ്രാഞ്ചും ഹൈടെക് സെല്ലും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ പരീക്ഷ തട്ടിപ്പിലെ ഫോണ്‍ കണ്ടെടുത്തു

കുടുംബാരോഗ്യ സര്‍വേ നടത്താനെന്ന പേരില്‍ ക്രൈംബ്രാഞ്ച് എസ്‌ഐ അനൂപും ഹൈടെക് സെല്‍ എസ്‌ഐ സ്റ്റാര്‍മോന്‍ പിള്ളയും ബെംഗളൂരുവിലെത്തിയാണ് ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന കോളനികളില്‍ പരിശോധന നടത്തി പിഎസ്സി സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷാ തട്ടിപ്പു കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊബൈല്‍ ഫോണ്‍ ബെംഗളൂരുവിലെ ഇതര സംസ്ഥാന തൊഴിലാളിയില്‍നിന്ന് കണ്ടെത്തിയത്.
പരിശോധനയ്ക്കായി ഫോണ്‍ ഫൊറന്‍സിക് വിഭാഗത്തിന് കൈമാറി. തട്ടിപ്പിന് വേറെ ഫോണ്‍ ഉപയോഗിച്ചോ എന്നറിയാന്‍ പരിശോധന തുടരുന്നു. മുണ്ടക്കയത്തുവച്ചു നശിപ്പിച്ചെന്നു പരീക്ഷാതട്ടിപ്പു കേസിലെ പ്രതികള്‍ പറഞ്ഞ ഫോണ്‍ ബംഗളൂരുവില്‍ കണ്ടെത്താനായത് വലിയ നേട്ടമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
പ്രതികളുടേയും സംശയമുള്ളവരുടേയും ഫോണ്‍ നമ്പരുകള്‍ മൊബൈല്‍ കമ്പനികള്‍ക്ക് കൈമാറിയ ക്രൈംബ്രാഞ്ച്, അവയുടെയെല്ലാം ഐഎംഇഐ നമ്പരുകള്‍ ശേഖരിച്ചു. ഓരോ ആളുകളുടേയും വിരലടയാളം വ്യത്യസ്തമായിരിക്കുന്നതു പോലെ ഐഎംഇഐ നമ്പരുകളും വ്യത്യസ്തമായിരിക്കും. സിം മാറിയാലും ഫോണിലെ ഐഎംഇഐ നമ്പര്‍ തെളിവായി പ്രവര്‍ത്തിക്കും.
ഹൈടെക് സെല്ലിന്റെ പരിശോധനയില്‍ തട്ടിപ്പു കേസിലെ പ്രതി പ്രവീണിന്റെ ഫോണില്‍ രണ്ടു സിം ഉപയോഗിച്ചതായി മനസിലായി. ആദ്യ സിം ഉപയോഗിച്ചയാളെ പൊലീസ് കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയായ ഇയാള്‍ മറ്റൊരു ഇതരസംസ്ഥാന തൊഴിലാളിക്ക് അതിനോടകം ആ ഫോണ്‍ വിറ്റിരുന്നു. രണ്ടാമത്തെ ആളെ കണ്ടെത്താനായി നടത്തിയ തിരച്ചിലില്‍ ഫോണ്‍ ബെംഗളൂരുവിലാണെന്ന് മനസിലായി. ഫോണ്‍ ഓഫ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അന്വേഷണ സംഘം ഫോണിന്റെ ഉടമയായ ഇതരസംസ്ഥാന തൊഴിലാളിയെ നേരിട്ടു വിളിച്ചില്ല. ട്രൂ കോളര്‍ വഴി ഇയാളുടെ ഫോട്ടോ ശേഖരിച്ചു.
ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരത്തുനിന്ന് അഞ്ചു ദിവസം മുന്‍പ് ബെംഗളൂരുവിലേക്ക് പോകുന്നതിന് മുന്‍പ് ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ.തച്ചങ്കരി ബെംഗളൂരു പൊലീസുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിച്ചു. ബെംഗളൂരു നഗരത്തില്‍നിന്ന് ഏകദേശം 13 കിലോമീറ്റര്‍ അകലെയുള്ള യശ്വന്ത്പൂര്‍ എന്ന സ്ഥലത്തായിരുന്നു ഫോണ്‍ ഉപയോഗിക്കുന്ന ആളുടെ ടവര്‍ ലൊക്കേഷന്‍. രണ്ടു ലക്ഷത്തോളം പേര്‍ താമസിക്കുന്ന സ്ഥലത്ത് തിരച്ചില്‍ ദുഷ്‌കരമായിരുന്നു. ആദ്യം ടവര്‍ ലൊക്കേഷന്‍ നോക്കിയശേഷം പിന്നീട് ഫോണിന്റെ ലൊക്കേഷന്‍ അരമണിക്കൂര്‍ ഇടവിട്ട് നോക്കി കൊണ്ടിരുന്നു.
നാല്‍പ്പതിലധികം തവണ ഫോണ്‍ ലൊക്കേഷന്‍ നോക്കിയപ്പോഴും നൂറു മീറ്റര്‍ ചുറ്റളവിലാണ് ഫോണ്‍ ലൊക്കേഷന്‍ കിട്ടുന്നത്. ഒരു ദിവസം രാത്രി അന്വേഷണ സംഘം ഫോണ്‍ ലൊക്കേഷന് തൊട്ടടുത്തെത്തി. പക്ഷേ, നിരവധി പേര്‍ താമസിക്കുന്ന കോളനിയില്‍നിന്ന് രാത്രി ആളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മടങ്ങി. പുതിയ ഫോണ്‍ ലൊക്കേഷന്‍ കിട്ടികഴിഞ്ഞാല്‍ അതിന് 100 മീറ്റര്‍ ചുറ്റളവിലുള്ള വീടുകളിലും കടകളിലുമെല്ലാം ഇതരസംസ്ഥാന തൊഴിലാളിയുടെ ഫോട്ടോയുമായി സംഘം കയറിയിറങ്ങി. സര്‍വേയ്ക്ക് വന്ന സംഘമെന്നാണ് നാട്ടുകാരോട് പറഞ്ഞത്. ഇതിനിടെ, സംശയിക്കുന്ന ആളുടെ ഫോണ്‍ ലൊക്കേഷന്‍ അടിക്കടി മാറുന്നത് അന്വേഷണത്തിനു തിരിച്ചടിയായി.
ഒടുവില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് മൊബൈല്‍ ലൊക്കേഷന്‍ കാണിച്ചു. ആളെ തിരിച്ചറിഞ്ഞതോടെ ബെംഗളൂരു പൊലീസിലെ കോണ്‍സ്റ്റബിള്‍ വഴി ഇയാളുമായി ഫോണില്‍ ബന്ധപ്പെട്ടു. ജോലിക്കാണെന്ന് പറഞ്ഞ് യശ്വന്ത്പൂരിലെ ഒരു സ്ഥലത്തേക്കു വിളിച്ചു വരുത്തി. ആളെത്തിയ ഉടനെ ബൈക്കിലേക്കു വലിച്ചു കയറ്റുകയായിരുന്നു. ബെംഗളൂരു പൊലീസിലെ കോണ്‍സ്റ്റബിള്‍ വണ്ടി ഓടിച്ചു. നടുവില്‍ ഇതര സംസ്ഥാന തൊഴിലാളിയും പിന്നില്‍ എസ്‌ഐ അനൂപും. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. കേരളത്തില്‍ ജോലിക്കു വന്നപ്പോഴാണ് ഫോണ്‍ വാങ്ങിയതെന്ന് ഇയാള്‍ പൊലീസിനോടു പറഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കി അഞ്ചാം ദിവസം സംഘം കേരളത്തില്‍ മടങ്ങിയെത്തി.
ശിവരഞ്ജിത്ത്, നസീം, പ്രണവ്, സഫീര്‍, ഗോകുല്‍, പ്രവീണ്‍ എന്നിവരാണ് പിഎസ്സിയുടെ കെഎപി 4-ാം ബറ്റാലിയന്‍ (കാസര്‍കോട്) പരീക്ഷയില്‍് തട്ടിപ്പു നടത്തിയത്. വാച്ചുപയോഗിച്ച് ഇവര്‍ തട്ടിപ്പു നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ചോദ്യപേപ്പറിന്റെ ഫോട്ടോ പ്രണവ് മൊബൈലില്‍ എടുത്ത് സുഹൃത്തായ പ്രവീണിന് അയയ്ക്കുകയായിരുന്നു. പ്രവീണ്‍ സുഹൃത്തുക്കളായ ഗോകുലിന്റെയും സഫീറിന്റെയും സഹായത്തോടെ യൂണിവേഴ്‌സിറ്റി കോളജിനു മുന്നിലെ കെട്ടിടത്തില്‍നിന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞ് ഉത്തരങ്ങള്‍ കൈമാറുകയായിരുന്നു.
യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിക്കു കുത്തേറ്റതിനെത്തുടര്‍ന്നാണ് പരീക്ഷാ തട്ടിപ്പിന്റെ വിവരങ്ങളും പുറത്തുവന്നത്. കുത്തുകേസിലെ പ്രതികള്‍ക്ക് പിഎസ്സി പരീക്ഷയില്‍ ഉയര്‍ന്ന റാങ്കു ലഭിച്ചതായി വിദ്യാര്‍ഥികള്‍ ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് പിഎസ്സി വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























