അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവം... അധ്യാപക സമൂഹത്തെ അടച്ചാക്ഷേപിക്കരുതെന്ന അഭ്യര്‍ഥനയുമായി എഴുത്തുകാരന്‍ റഫീഖ് അഹമ്മദ്

ബത്തേരിയിലെ സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അധ്യാപക സമൂഹത്തെ അടച്ചാക്ഷേപിക്കരുതെന്ന അഭ്യര്‍ഥനയുമായി എഴുത്തുകാരന്‍ റഫീഖ് അഹമ്മദ്. തെറ്റു ചെയ്തവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടട്ടെ. അതിന്റെ പേരില്‍ ഒരു വര്‍ഗത്തെ ആകെ വെറുക്കപ്പെട്ടവരായി മുദ്രകുത്തരുതെന്നും റഫീഖ് അഹമ്മദ് ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍
'മോബ് ലിഞ്ചിങ്ങിന്റെ ഓണ്‍ലൈന്‍ രീതിയാണ് സമൂഹ മാധ്യമങ്ങള്‍ പിന്‍തുടരുന്നത്. ഞാനൊരു അദ്ധ്യാപകനല്ല. വര്‍ഗബോധമല്ല ഇതെഴുതാന്‍ കാരണം. പക്ഷെ ഒരു പാട് നല്ല അദ്ധ്യാപകരെ എനിക്കറിയാം. ഇന്നും ആ വംശം കുറ്റിയറ്റു പോയിട്ടില്ല. അവരുടെ ആത്മവീര്യം തകര്‍ക്കരുത്.
മുന്നിലെത്തുന്ന രോഗികളെ എ ടി എം കൗണ്ടര്‍ ആയി കാണുന്ന ഡോക്ടര്‍മാരും വായ്പ അനുവദിച്ചു കിട്ടാന്‍ വരുന്ന നിസഹായനെ കറവപ്പശുവായി കാണുന്ന ബാങ്കറും ന്യായമായ കാര്യങ്ങള്‍ നടത്തിക്കിട്ടാന്‍ വരുന്ന സാധാരണക്കാരന് എങ്ങനെ അതൊക്കെ നിഷേധിക്കാം എന്ന് ആലോചിക്കുന്ന, ഓരോ മനുഷ്യജീവിതത്തെയും ചുവപ്പുനാട കൊണ്ട് കെട്ടി വരിയാവുന്ന ഫയലുകള്‍ മാത്രമായി കാണുന്ന സാറന്മാരും അടുത്ത തെരഞ്ഞെടുപ്പിലെ വോട്ടില്‍ മാത്രം കണ്ണുള്ള രാഷ്ട്രീയക്കാരനും നമ്മുടെ സമൂഹത്തിലുണ്ട്. പക്ഷെ അങ്ങനെയുള്ളവര്‍ മാത്രമേ ഉള്ളു എങ്കില്‍ നമ്മള്‍ എന്നേ പ്രളയത്തില്‍ മുങ്ങിപ്പോയേനെ. മിതത്വം പാലിക്കുക. ആത്മപരിശോധന നടത്തുകയും ചെയ്യുക. തെറ്റു ചെയ്തവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടട്ടെ. അതിന്റെ പേരില്‍ ഒരു വര്‍ഗത്തെ ആകെ വെറുക്കപ്പെട്ടവരായി മുദ്രകുത്തരുത്.'
https://www.facebook.com/Malayalivartha

























