ഡിസംബര്‍ 26 വ്യാഴാഴ്ച ശബരിമല ക്ഷേത്ര നട നാല് മണിക്കൂര്‍ അടച്ചിടും...

ഡിസംബര്‍ 26-ാം തിയതി വ്യാഴാഴ്ച ശബരിമല ക്ഷേത്ര നട നാല് മണിക്കൂര്‍ അടച്ചിടും. സൂര്യഗ്രഹണം കണക്കിലെടുത്താണ് നട അടച്ചിടുന്നത്. രാവിലെ 7:30 മുതല്‍ 11:30 വരെയാണ് ക്ഷേത്രനട അടച്ചിടുക. പുലര്‍ച്ചെ മൂന്നു മണിക്ക് തുറക്കുന്ന ക്ഷേത്രനട അഭിഷേകത്തിനും നെയ്യഭിഷേകത്തിനും ശേഷം ഉഷപൂജ കഴിച്ച് 7.30ന് അടയ്ക്കും.
ഗ്രഹണസമയം കഴിഞ്ഞ് 11.30ന് ക്ഷേത്രനട തുറന്ന് പുണ്യാഹം കഴിഞ്ഞതിനു ശേഷം മാത്രമായിരിക്കും ഉച്ചപൂജയ്ക്കുള്ള നിവേദ്യാദികള്‍ പാകം ചെയ്യുക. ഇതനുസരിച്ച് പൂജാസമയങ്ങള്‍ ക്രമീകരിക്കും. ഈ വര്‍ഷം ഡിസംബര്‍ 26ന് രാവിലെ 8.06 മുതല്‍ 11.13 വരെയാണ് സൂര്യഗ്രഹണം. ഈ സമയം ശബരിമല ക്ഷേത്രത്തില്‍ നട തുറന്നിരിക്കുന്നത് ഉചിതമല്ലെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് രേഖാമൂലം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം നട അടച്ചിടാന്‍ അനുമതി നല്‍കുകയായിരുന്നു.
മാളികപ്പുറം, പമ്പ തുടങ്ങിയ മറ്റ് ക്ഷേത്രങ്ങളിലും രാവിലെ 7.30 മുതല്‍ 11.30 വരെ നട അടച്ചിടും. മണ്ഡലപൂജയുടെ തലേ ദിവസമാണ് നട അടച്ചിടുക.
https://www.facebook.com/Malayalivartha

























