ഒരീച്ചയും അനങ്ങിയില്ല... മഹാരാഷ്ട്രയില്‍ ഇരുട്ടി വെളുക്കും മുമ്പ് ദേവേന്ദ്ര ഫഡ്‌നാവിസിനെ കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച ബുദ്ധി കേന്ദ്രം പുറത്ത്; ഡല്‍ഹിയില്‍ നടന്ന അതി സുപ്രധാന നീക്കം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ബി.ജെ.പി.യുടെ അഞ്ച് മുതിര്‍ന്ന നേതാക്കള്‍

മഹാരാഷ്ട്രയില്‍ ഒരൊറ്റ രാത്രി കൊണ്ട് എങ്ങനെ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചെന്ന ഗവേഷണത്തിലാണ് രാഷ്ട്രീയ ഭാരതം. സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്നും ബിജെപി ആദ്യം വിട്ടു നിന്നതാണ്. തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. അതിന് ശേഷം ബിജെപി കാര്യമായ നീക്കം നടത്തുന്നില്ല എന്ന തോന്നലുണ്ടാക്കിച്ചു. അവസാനം എന്‍സിപിയും ശിവസേനയും കോണ്‍ഗ്രസും കൂട്ടുകൂടി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തി. ശിവസേന നേതാവ് ഉദ്ദവ് താക്കറേയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയും ചെയ്തു. നേരം പുലര്‍ന്ന ശേഷം ഗവര്‍ണറെ കാണാനിരുന്നതാണ് അപ്പോഴാണ് ബിജെപി ഭരണം പിടിച്ചതറിഞ്ഞത്.
മഹാരാഷ്ട്രയില്‍ ഭരണംപിടിക്കാനുള്ള പാതിരാനാടകത്തിനു ഡല്‍ഹിയില്‍ ചരടുവലിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ബി.ജെ.പി.യുടെ അഞ്ച് മുതിര്‍ന്ന നേതാക്കളാണ്. ആര്‍.എസ്.എസ്. സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതുമായും നീക്കങ്ങള്‍ നേതാക്കള്‍ ചര്‍ച്ചചെയ്തിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരമാണ് മുംബൈയില്‍ ദേവേന്ദ്ര ഫഡ്‌നവിസും അജിത് പവാറും കരുക്കള്‍ നീക്കിയത്.
പ്രധാനമന്ത്രിയെക്കൂടാതെ വെള്ളിയാഴ്ചരാത്രിയില്‍ നടന്ന ചടുലതന്ത്രങ്ങള്‍ക്ക് ഡല്‍ഹിയില്‍ നേതൃത്വംനല്‍കിയത് കേന്ദ്ര ആഭ്യന്തരമന്ത്രിയും പാര്‍ട്ടി ദേശീയാധ്യക്ഷനുമായ അമിത് ഷാ, വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ എന്നിവരായിരുന്നെങ്കില്‍ മുംബൈയില്‍ തങ്ങി കാര്യങ്ങള്‍ പ്രായോഗികതലത്തിലെത്തിച്ചത് ദേശീയ ജനറല്‍സെക്രട്ടറി ഭൂപീന്ദ്ര യാദവായിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ബി.ജെ.പി.യുടെ ദൗത്യം വിജയിപ്പിക്കുന്നതിന് മുന്‍നിരയിലുണ്ടായിരുന്നു.
ദേവേന്ദ്ര ഫഡ്‌നവിസ് രാജിവെച്ച ദിവസംമുതല്‍ തുടങ്ങിയ നീക്കങ്ങളാണ് കഴിഞ്ഞദിവസം ലക്ഷ്യംകണ്ടത്. അമിത് ഷായുടെ നിര്‍ദേശപ്രകാരം പുണെയിലെ ബി.ജെ.പി.യുടെ ഒരു സംസ്ഥാന നേതാവായിരുന്നു കരുനീക്കങ്ങള്‍ക്ക് തുടക്കമിട്ടത്. അജിത് പവാറുമായി വ്യക്തിപരമായ ബന്ധമുണ്ടായിരുന്ന ഈ നേതാവ് ബി.ജെ.പി. ദേശീയനേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്കു വഴിതുറന്നു.
ബി.ജെ.പി. ആവിഷ്‌കരിച്ച തന്ത്രങ്ങളുടെ ഭാഗമായാണ് എന്‍.സി.പി.ശിവസേനകോണ്‍ഗ്രസ് ചര്‍ച്ചകള്‍ നീണ്ടുപോയതെന്നാണു സൂചന. പ്രായോഗികമല്ലാത്ത അമിത ആവശ്യങ്ങളുന്നയിച്ച് ചര്‍ച്ച നീട്ടിക്കൊണ്ടുപോകാന്‍ അജിത് പവാറിനെ ഉപദേശിച്ചത് ബി.ജെ.പി.യായിരുന്നു. ബി.ജെ.പി.യുമായി ചര്‍ച്ചകള്‍ നടത്താന്‍ തന്റെ വിശ്വസ്തനായ ഒരു എന്‍.സി.പി. എം.പി.യെ ഡല്‍ഹിയില്‍ അജിത് പവാര്‍ നിയോഗിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി.
വെള്ളിയാഴ്ച മുംബൈയില്‍ മഹാവികാസ് അഘാഡിയുടെ ചര്‍ച്ച മുറുകുന്നതിനിടയില്‍ത്തന്നെ ബി.ജെ.പി. ദേശീയനേതൃത്വം അജിത് പവാറുമായി സമാന്തരചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെയാണ് ബി.ജെ.പി. ചര്‍ച്ചകള്‍ക്കായി നിയോഗിച്ചത്. ദേശീയ ജനറല്‍സെക്രട്ടറിയും അമിത് ഷായുടെ വിശ്വസ്തനുമായ ഭൂപീന്ദര്‍ യാദവ് മുംബൈയിലെത്തി രഹസ്യചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. ഈ നീക്കങ്ങളാണ് അജിത് പവാറിനെ ബി.ജെ.പി. പാളയത്തിലെത്തിച്ചത്.
അതേസമയം മഹാരാഷ്ട്രയിലെ വിശ്വാസവോട്ടെടുപ്പ് വൈകുമ്പോള്‍ വഴിതെളിയുന്നത് വന്‍ കുതിരക്കച്ചവടത്തിനുള്ള സാധ്യതകളിലേക്കാണ്. 105 എം.എല്‍.എ.മാര്‍ മാത്രമാണ് സര്‍ക്കാര്‍ രൂപവത്കരിച്ച ബി.ജെ.പി.ക്കുള്ളത്. എന്‍.സി.പി.യുടെ പിന്തുണയുണ്ടെന്നറിയിച്ചാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായെത്തിയത്. എന്നാല്‍, ഒരുദിവസം കഴിഞ്ഞപ്പോഴേക്കും എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ പാര്‍ട്ടി എം.എല്‍.എ.മാരുടെ തലയെണ്ണി. 51 പേര്‍ ശരദ് പവാറിനൊപ്പമാണെന്ന് പാര്‍ട്ടി പറയുന്നു.
ഈ സാഹചര്യത്തില്‍ ബി.ജെ.പി. എവിടെനിന്ന് 145 പേരുടെ അംഗബലം ഉറപ്പാക്കുമെന്നാണ് ചോദ്യമുയരുന്നത്. അതിനുള്ള തന്ത്രത്തിനായി കാത്തിരിക്കാം.
https://www.facebook.com/Malayalivartha

























